കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ തീരദേശ വാര്‍ഡുകളായ കടപ്പുറം സൗത്ത്, കടപ്പുറം നോര്‍ത്ത്, ലൈറ്റ് ഹൗസ് എന്നിവിടങ്ങളില്‍ കോവിഡ് സമൂഹവ്യാപനം സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് മൂന്നുവാര്‍ഡുകളും അടച്ചുപൂട്ടി കണ്ടെയ്ന്മെന്റ് സോണ്‍ ആക്കി മാറ്റി. വെള്ളിയാഴ്ചയാണ് ഈ പ്രദേശങ്ങളിലെ വിവിധ മേഖലയില്‍പ്പെട്ടവരെ മീന്‍പിടിത്തക്കാര്‍, മീന്‍ വില്‍പ്പനക്കാര്‍, ഡ്രൈവര്‍മാര്‍, കടയിലെ ജീവനക്കാര്‍, മുതിര്‍ന്ന പൗരന്മാര്, കുട്ടികള്‍, രോഗലക്ഷണമുള്ളവര്‍ എന്നിങ്ങനെ ഏഴായി തിരിച്ചു 54 പേരുടെ സ്രവം ഓഗ്മെന്റ് ടെസ്റ്റിനായി ശേഖരിച്ചത്. ഫലം വന്നപ്പോള്‍ ആരോഗ്യവകുപ്പ് അധികൃതരെപ്പോലും ഞെട്ടിച്ച് 24 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗബാധിതരില്‍ ഗവ. ആശുപത്രി ജീവനക്കാരന്, ഫീഷറീസ് ഓഫീസ് ജീവനക്കാരന്, സ്വകാര്യ ലാബ് ജീവനക്കാരന് എന്നിവരും ഉള്‍പ്പെടും. ഒരു ഭാഗം കടലും മറുഭാഗം ടൗണും ആയിട്ടുള്ള ഈ പ്രദേശത്ത് വീടുകള്‍ തൊട്ടുതൊട്ടാണ് സ്ഥിതിചെയ്യുന്നത്.
ഭൂരിഭാഗം പേര്‍ക്കും ക്വാറന്റൈനില്‍ കഴിയാനുള്ള സൗകര്യമില്ല. 80 ശതമാനം പേരും പ്രാഥമികാവശ്യങ്ങള്‍ക്ക് കടപ്പുറത്തെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തില്‍ കസബ ഫിഷറീസ് യുപി സ്കൂളും ഫിഷറീസ് വകുപ്പിന്റെ ഇരുനില കെട്ടിടവും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിനായി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഇവിടെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയില്ലാത്തതിനാല്‍ വീടുകളിലേയ്ക്ക് മരുന്നും അവശ്യസാധനങ്ങളുമെത്തിച്ച് നല്കാന് 15 വോളണ്ടിയര്‍മാരെ നിയോഗിക്കും.
ആന്റിജന്‍ ടെസ്റ്റ് നടത്തി റിസള്‍ട്ട് നെഗറ്റീവ് ആകുന്നവരെ മാത്രമേ വോളണ്ടിയര്‍മാരായി നിയോഗിക്കുകയുള്ളൂ. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ഫിഷറീസ് ഓഫീസ് അടച്ചു. കസബ കടപ്പുറത്തെ ഓഫീസാണ് അടച്ചത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഓഫീസ് അടച്ചതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി.സതീശന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: