കാസര്‍കോട്: ജില്ലയില്‍ കോവിഡ് 19 നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കണ്ടെയ്ന്മെന്റ് സോണ്‍ അല്ലാത്ത സ്ഥലങ്ങളില്‍ രാവിലെ എട്ട് മുതല്‍ രാത്രി ഒമ്ബത് വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. ക്ലസ്റ്ററുകളില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കില്ല. എന്നാല്‍ കണ്ടെയ്ന്മെന്റ് സോണുകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കാം.
റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് വിളിച്ചു ചേര്‍ത്ത ജില്ലയിലെ വ്യാപാര സംഘടനാ പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് കൂടിക്കാഴ്ചയിലാണ് തീരുമാനം. നിയന്ത്രണങ്ങളില്ലാത്ത മറ്റ് പ്രദേശങ്ങളില്‍ എല്ലാ കടകള്‍ക്കും രാവിലെ എട്ട് മുതല്‍ രാത്രി ഒമ്പത് വരെ തുറന്ന് ദിവസവും പ്രവര്‍ത്തിക്കാം.
കര്‍ണാടകയിലേക്ക് പോയിവരാന്‍ റഗുലര്‍ പാസ്
കര്‍ണാടകയിലേക്ക് ദിവസേന പോയി വരുന്നവര്‍ക്ക് റഗുലര്‍ പാസ് അനുവദിക്കും. എന്നാല്‍ ഏഴ് ദിവസം കൂടുമ്ബോള്‍ ഇവര്‍ കോവിഡ് ആന്റി ജന്‍ ടെസ്റ്റിന് വിധേയരാകണം. വിവാഹം, മരണം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് ഉപാധികളോടെ അന്തര്‍സംസ്ഥാന യാത്രയും അനുവദിക്കും. ഇവരും ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടതാണ്.
കട ഉടമകള്‍ ജാഗ്രത പാലിക്കണം
കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ കട ഉടമകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ജീവനക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉടമകള്‍ ഉറപ്പുവരുത്തണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന കടകള്‍ അടപ്പിക്കും. പിന്നീട് ജീവനക്കാര്‍ക്ക് കോവിഡ് പരിശോധന നടത്തി, കടകള്‍ അണുനശീകരണം നടത്തുകയും ചെയ്തതിന് ശേഷം ഏഴ് ദിവസം കഴിഞ്ഞ് മാത്രമേ കടകള്‍ തുറക്കാന്‍ അനുവദിക്കൂ.
എ സി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കടകളില്‍ ഉടമയ്ക്കോ ജീവനക്കാര്‍ക്കോ കോവിഡ് സ്ഥിരീകരിച്ചാല്‍ അത്തരം കടകളിലെ ജീവനക്കാര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. അണുനശീകരണം നടത്തി വീണ്ടും കട തുറന്ന് പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ രോഗവും രോഗലക്ഷണങ്ങളുമുള്ളവരെ കടകളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.
ഭക്ഷ്യസാധനങ്ങള്‍ക്കായി വാഹനങ്ങള്‍ കര്‍ണാടകയിലേക്ക് പോകാം
ഭക്ഷ്യ വസ്തുക്കള്‍ കൊണ്ടുവരുന്നതിന് ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് വാഹനങ്ങള്‍ക്ക് പോകാന്‍ ഉപാധികളോടെ അനുമതി നല്‍കുമെന്ന് റവന്യൂ മന്ത്രി പറഞ്ഞു. വാഹനങ്ങള്‍ കൃത്യമായി അണുനശീകരണം നടത്തണം. ഈ വാഹനങ്ങളില്‍ നിന്ന് സാധനങ്ങള്‍ ഏതെല്ലാം കടകളിലാണ് വിതരണം ചെയ്തതെന്ന കൃത്യമായ വിവരം വാഹനത്തിലെ ജീവനക്കാര്‍ സൂക്ഷിക്കണം.
വാഹനത്തിലെ ഡ്രൈവറും, ക്ലീനറും മാസ്ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണം. കര്‍ണാടകയിലേക്ക് പോയി വരുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ ഏഴ് ദിവസം കൂടുമ്പോള്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയമാകണം.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓട്ടോറിക്ഷയ്ക്ക് സര്‍വ്വീസ് നടത്താം
ദേശീയ പാതയോരങ്ങളിലെയും കെഎസ്ടിപി റോഡരികിലെയും ഹോട്ടലുകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ എട്ട് മുതല്‍ വൈകീട്ട് ഒമ്പത് വരെ തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ ഇരുന്ന് കഴിക്കാനുള്ള അനുമതിയില്ല. ഭക്ഷണം പാഴ്സലായി മാത്രം നല്‍കണം.
ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു, ജില്ലാ പോലീസ് മേധാവി ഡി.ശില്പ എന്നിവര്‍ നിലവിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചു. എഡിഎം എന്‍.ദേവിദാസ്, വ്യാപാരി വ്യവസായി പ്രതിനിധികളായ കെ.അഹ്മദ് ഷരീഫ്, രാഘവന് വെളുത്തോളി, ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന് പ്രതിനിധി നാരായണന് പൂജാരി, ഹയര്‍ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന് പ്രതിനിധി ടി.വി ബാലന്, ചെറുകിട വ്യവസായ അസോസിയേഷന് പ്രതിനിധി ഇമ്മാനുവല്‍, വ്യവസായി എച്ച്.ഗോകുല്‍ദാസ് കമ്മത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: