കരുനാഗപ്പള്ളി: ജില്ലയിലെ തന്നെ ഏറ്റവും വലിയ കൊറോണ വൈറസ്, കോവിഡ് 19 ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്റര്‍ ഇന്ന് വൈകിട്ട് 4ന് വള്ളിക്കാവില്‍ ഉദ്ഘാടനം ചെയ്യും. വള്ളിക്കാവിലെ അമൃത എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിലാണ് ട്രീറ്റ്മെന്റ് സെന്റര്‍ സജ്ജീകരിച്ചിരിക്കുന്നത്. 1000 കിടക്കകള്‍ ഉള്ള ജില്ലയിലെ തന്നെ ഏറ്റവും വലിയ ട്രീറ്റ്മെന്റ് സെന്ററാണ് ഇന്ന് തുറക്കുക.
ആറ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ചുമതലയില്‍ ആറ് ബ്ലോക്കുകളിലായാണ് ചികിത്സാകേന്ദ്രം സജ്ജമാകുന്നത്. കുലശേഖരപുരം പഞ്ചായത്തിന്റെ ചികിത്സാകേന്ദ്രം അശോക ബ്ലോക്കിലാണ് തുടങ്ങുക. ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ കൈലാസം ബ്ലോക്കും ക്ലാപ്പന പഞ്ചായത്തിന്റെ അനുഗ്രഹ ബ്ലോക്കുമാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുക.
കൈലാസം ബ്ലോക്ക് പുരുഷന്മാര്ക്കും അനുഗ്രഹ ബ്ലോക്ക് സ്ത്രീകള്‍ക്കുമായിരിക്കും. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ മറ്റ് ബ്ലോക്കുകളുടെയും പ്രവര്‍ത്തനം ആരംഭിക്കും.തഴവ, ആലപ്പാട്, തൊടിയൂര്‍ പഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടുള്ള ബ്ലോക്കുകളിലും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നു. ചികിത്സാ കേന്ദ്രത്തിന്റെ മൊത്തം ചെലവ് ആറ് തദ്ദേശ സ്ഥാപനങ്ങളും തുല്യമായി വഹിക്കും.
സന്നദ്ധ സേനാപ്രവര്‍ത്തകരുടെയും ജന പ്രതിനിധികളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും പോലീസ്, ഫയര്‍ഫോഴ്സ് സേനകളുടെയും ശ്രമകരമായ പ്രയത്നത്തിലാണ് ചുരുങ്ങിയ സമയം കൊണ്ട് ജില്ലയിലെ തന്നെ ഏറ്റവും വലിയ കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ആരംഭിക്കാനായത്. നിരവധിയായ സുമാനസുകളും സംഘടനകളുമാണ് സെന്ററിലേക്ക് ആവശ്യസാധനങ്ങള്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: