കൊല്ലം: കൂട്ടിലെ കമ്പിവലകള്ക്കിടയില് കുടുങ്ങി കയ്യൊടിഞ്ഞ ഇഗ്വാനയ്ക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തി. കല്ലമ്പലത്ത് ഗ്രാന്‍ഡ് എക്സോട്ടിക് പെറ്റ്സ് എന്ന സ്ഥാപനം നടത്തുന്ന ഇര്‍ഫാന്റെ മൂന്നു ഇഗ്വാനകളിലൊന്നിനാണ് അപകടം സംഭവിച്ചത്.
സസ്യഭുക്കുകള്‍ ആയ പല്ലികളുടെ ഒരു ജനുസ്സാണ് ഇഗ്വാന. ഭൂമദ്ധ്യരേഖാ പ്രദേശങ്ങളായ മെക്സിക്കോ, മദ്ധ്യഅമേരിക്ക, പോളിനേഷ്യന്‍ ദ്വീപുകളായ ഫിജി, ടോംഗ, വെസ്റ്റ് ഇന്‍ഡീസ് പ്രദേശങ്ങളിലാണ് സാധാരണ ഇവയെ കണാറുള്ളത്. രണ്ടുവയസുള്ള റാംബോ എന്നു പേരിട്ട പല്ലിയിനത്തില് പെടുന്ന ഇഗ്വാനയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
വലതു കൈ ഒടിഞ്ഞ നിലയിലായ ഇഗ്വാനയെ എക്സറേ പരിശോധന നടത്തിയപ്പോഴാണ് എല്ല് പൂര്‍ണമായും തകര്‍ന്ന നിലയിലാണെന്ന് മനസിലായത്. ഉടന്‍ തന്നെ അനസ്തീഷ്യ നല്കി ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. സങ്കീര്‍ണമായ ഒടിവായതിനാല് മൂന്നു മണിക്കൂര്‍ കൊണ്ടാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.
ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സര്‍ജനായ ഡോ. സജയ് കുമാറിന്റെ നേതൃത്വത്തില്‍ ഡോ. നിജിന്‍ ജോസ്, സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. അജിത് ബാബു എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: