ന്യൂദല്‍ഹി: അഞ്ചു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തകര്‍ത്തെറിയപ്പെട്ട രാമക്ഷേത്രം പുനര്‍നിര്‍മിക്കുമ്പോള്‍ ഏറെ ശ്രേഷ്ഠമായ പൂജാവിധികളാണ് രാമജന്മഭൂമിയില്‍ പുരോഗമിക്കുന്നത്. 108 ദിവസം മുമ്പ് ഏപ്രില്‍ 18ന് അയോധ്യയിലെ ക്ഷേത്രഭൂമിയില്‍ പൂജാവിധികള്‍ ആംരംഭിച്ചിട്ടുണ്ട്. എല്ലാ ദിവസവും വേദപാഠം, പുരുഷ സൂക്തം, ശ്രീസൂക്തം, അഘോരമന്ത്രം, വാസ്തു, ഗ്രഹം, നക്ഷത്ര ശാന്തി പാഠങ്ങള്‍, വിശ്വസഹസ്രനാമം, ശ്രീരാമ സഹസ്രനാമം, ശ്രീ ഹനുമാന് സഹസ്രനാമം, ദുര്ഗാസപ്തസതീ മന്ത്രങ്ങള്‍, ഹവനം. രുദ്രാഭിഷേകം എന്നിവ രാമജന്മഭൂമിയില്‍ നടക്കുന്നു.
ഭാരതത്തിലും പുറത്തുമുള്ള ആയിരത്തഞ്ഞൂറോളം പുണ്യകേന്ദ്രങ്ങളിലെ മണ്ണും നൂറോളം പുണ്യനദികളിലെ, രണ്ടായിരത്തോളം പുണ്യസ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച ജലവും അയോധ്യയില്‍ എത്തിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി ഇവയെ ആഘോഷപൂര്‍വ്വം രാമജന്മഭൂമി ഏറ്റുവാങ്ങിക്കഴിഞ്ഞു. ഗംഗ, യമുന, ബ്രഹ്മപുത്ര, നര്‍മ്മദ. ഗോദാവരി, കൃഷ്ണ, കാവേരി, സിന്ധു, ഝലം, സത്ലജ്, രവി, ചനാബ് അടക്കമുള്ള നദികളിലെ തീര്‍ത്ഥമാണ് എത്തിയത്.
തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ക്ക് പുറമേ ഐതിഹാസിക പോരാട്ടങ്ങളുടെ ഭൂമികയായി മാറിയ ഹല്ദീഘാട്ടിയിലെയും ചിത്തോഡിലെയും റായ്ഗട്ട് കോട്ടയിലെയും കാണ്‍പൂരിലെ മസാക്കര്‍ ഘാട്ടിലെയും മണ്ണും പ്രൗഢിയോടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന രാമജന്മഭൂമയില് അലിഞ്ഞുചേരും. സുവര്‍ണ്ണ ക്ഷേത്രത്തിലെയും ജ്യോതിര്ലിംഗങ്ങളിലെയും വൈഷ്ണോദേവി ക്ഷേത്രത്തിലെയും സരസ്വതീ നദിയുടെ ഉദ്ഭവ സ്ഥലത്തെയും മണ്ണും ജലവും എത്തിച്ചിട്ടുണ്ട്. നാഗ്പൂരില്‍നിന്നും രവിദാസ് മന്ദിറില്‍ നിന്നും മാനസ സരോവരത്തില്‍ നിന്നും രാമജന്മഭൂമിയിലേക്ക് തീര്ത്ഥങ്ങളെത്തിക്കഴിഞ്ഞു.
പ്രശസ്തമായ 36 സംന്യാസി പരമ്പരകളിലെ സംന്യാസി ശ്രേഷ്ഠന്മാരാണ് ഭൂമിപൂജാ ചടങ്ങുകളില്‍ അണിനിരക്കുന്നത്. ദശനാമി സംന്യാസി പരമ്പര, രാമാനന്ദ് വൈഷ്ണവ് പരമ്പര, രാമാനുജ് പരമ്പര, നാഥ് പരമ്പര, നിംബാര്‍ക്ക്. മാധ്വാചാര്യ, വല്ലാഭാചാര്യ, രാമസ്നേഹി, കൃഷ്ണപ്രണാമി, ഉദാസീന്‍, നിര്‍മ്മലേ സംത്, കബീര്‍ പംഥീ, ചിന്മയാമിഷന്, രാമകൃഷ്ണ മിഷന്, ലിംഗായത്ത്, വാല്മീകീ സംത്, രവിദാസീ സംത്, ആര്യസമാജം, സിഖ് പരമ്പര, ബുദ്ധ, ജൈന, സതപംഥ്, ഇസ്കോണ്‍, സ്വാമിനാരായണ്‍, വാര്കരി, ഏക്നാഥ്, ബംജാരാ സംത്, വന്‍വാസി സംത്, ആദിവാസി ഗൗണ്‍. ഗുരു പരമ്പര, ഭാരത് സേവാശ്രമ സംഘം, ആചാര്യ സമാജം, സംത് സമിതി, സിന്ധി സംത്, അഘാഡാ പരിഷത്ത്, നേപ്പാളിലെ സംന്യാസി സമൂഹം എന്നിവയുടെയെല്ലാം പ്രധാന സംന്യാസിവര്യന്മാരാണ് അയോധ്യയിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: