കൊട്ടിയം: ജീവിച്ചു കൊതി തീരുംമുമ്പ് മരണത്തിന് കീഴടങ്ങിയ പൊതുപ്രവര്‍ത്തകനായ ഷെമീറിന്റെ കുടുംബത്തിന് അന്തിയുറങ്ങാന്‍ സ്നേഹഭവനം ഒരുക്കി നാട്ടുകാര്‍. പറക്കുളം ജനകീയ ഗ്രന്ഥശാലയുടെ കീഴിലുള്ള ജനകീയ സഹായവേദി മുന്നിട്ടിറങ്ങിയാണ് ഗൃഹനാഥന്‍ നഷ്ടപ്പെട്ട നിര്‍ധനകുടുംബത്തിന് സ്വന്തമായി സ്ഥലവും വീടും നിര്‍മിച്ചു നല്‍കിയത്.
പറക്കുളത്തെ പൊതുപ്രവര്‍ത്തകനായിരുന്ന ചേരൂര്‍ പുത്തന്‍വീട്ടില്‍ ഷെമീര്‍ 2019 ജൂലൈ 12നാണ് മരിച്ചത്. അന്ന് നടന്ന അനുശോചന യോഗത്തിലാണ് ഷെമീറിന്റെ ഭാര്യയും രണ്ടു മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബം വാടകവീട്ടിലാണ് കഴിയുന്നതെന്നും ഇവര്‍ക്ക് സ്വന്തമായി ഒരു കിടപ്പാടം ഉണ്ടാക്കി കൊടുക്കണമെന്നുമുള്ള ചിന്ത ജനകീയ ഗ്രന്ഥശാല പ്രവര്‍ത്തകര്‍ക്കുണ്ടായത്. അതിന്റെ അടിസ്ഥാനത്തില്‍ ജനകീയ സഹായവേദി നാട്ടുകാരില്‍ നിന്നും പണം കണ്ടെത്തി എട്ടു ലക്ഷം രൂപയ്‌ക്ക് നാലുസെന്റ് സ്ഥലം വാങ്ങുകയും അതില്‍ വീട് നിര്‍മിക്കുന്നതിനായി സുമനസുകളുടെ സഹായം തേടുകയും ചെയ്തു.
വിവരമറിഞ്ഞ് അല്‍ മനാമ ഗ്രൂപ്പിലെ അബ്ദുല്‍ സലാം എട്ടു ലക്ഷം രൂപാ മുടക്കി ഇവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുകയും ചെയ്തു. ലഘു ചടങ്ങില്‍ വച്ച് മനാമ ഗ്രൂപ്പിലെ അബ്ദുല്‍ അസീസ്, സഫീര്‍ എന്നിവര്‍ ചേര്‍ന്ന് വീടിന്റെ ഗൃഹപ്രവേശനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എസ്. ഫത്തഹുദ്ദീന്‍ വീടിന്റെ ആധാരം കുടുംബത്തിന് കൈമാറി. ജനകീയ സഹായവേദി കണ്‍വീനര്‍ ഷാജി പിണയ്‌ക്കല്‍, ചെയര്‍മാന്‍ ഷാജി കൈപ്പള്ളില്‍, ഷെബീര്‍, ജനകീയ ഗ്രന്ഥശാലാ ഭാരവാഹികളായ നിസാം, ഹലീലുല്‍ റഹുമാന്‍, രാജേഷ്, മുനീര്‍, ബിബിന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: