തിരുവനന്തപുരം: സംഗീതജ്ഞന് ബാലഭാസ്ക്കറിന്റെ വാഹനാപകട മരണത്തില്‍ സിബിഐ സമര്‍പ്പിച്ച എഫ്ഐആര്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു. തിരുവനന്തപുരം സിബിഐ യുണിറ്റിനാണ് അന്വേഷണ ചുമതല. ബാലഭാസ്ക്കറിന്റെ അച്ഛന് ഉണ്ണിയുടെ പരാതിയിലാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ ഓരോരുത്തരും വലയില്‍ ആകുമ്പോള്‍ തന്നെ ബാലഭാസ്ക്കറിന്റെ മരണത്തില്‍ വീണ്ടും ദുരൂഹത ഉയരുകയാണ്. അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്ക്കറായിരുന്നു എന്ന് മൊഴി നല്കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സി. അജി യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിന്റെ കീഴില്‍ ഡ്രൈവറായതാണ് ഇപ്പോള്‍ ദുരൂഹത വര്‍ധിക്കാന്‍ കാരണം. അജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്ന് അപകടമരണം എന്ന തരത്തില്‍ കേസ് അവസാനിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്.
അപകടസമയത്ത് ബാലഭാസ്ക്കറിന്റെ കാറിനു പിന്നിലുണ്ടായ കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ എന്ന നിലയിലാണ് അജി മൊഴി നല്‍കിയത്. ഈ മൊഴി തെറ്റായിരുന്നു എന്ന് ക്രൈംബ്രാഞ്ച് ശാസ്ത്രീയ അന്വേഷണത്തിലൂടെ കണ്ടെത്തുകയും സാക്ഷികളുടെ പട്ടികയില്‍ നിന്ന് അജിയെ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഡ്രൈവര്‍ അര്ജുന് ആയിരുന്നെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ സുപ്രധാന കണ്ടെത്തല്‍. ഈ നിഗമനം ശരിവച്ച് ബാലഭാസ്ക്കറെ ആദ്യം ചികിത്സിച്ച മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ആര്. ഫൈസലും രംഗത്തു വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: