ന്യൂദല്‍ഹി: 2019 ലോകകപ്പില്‍ അഞ്ചു സെഞ്ചുറികള്‍ നേടി റെക്കോഡ് കുറിച്ച താരമാണ് ഇന്ത്യന്‍ ടീം ഉപനായകന്‍ രോഹിത് ശര്‍മ. ഇതാദ്യമായാണ് ഒരു കളിക്കാരന്‍ ഒരു ലോകകപ്പില്‍ അഞ്ചു സെഞ്ചുറികള്‍ നേടുന്നത്. ലോകകപ്പില്‍ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെതിരെ ശര്‍മ 140 റണ്‍സ് നേടി. എന്നാല്‍ ഈ ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ സെഞ്ചുറിയാണ് (122 റണ്‍സ്) ഏറ്റവും പ്രിയപ്പെട്ടതെന്ന് രോഹിത് ശര്‍മ പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് അന്ന് സെഞ്ചുറി നേടിയത്, ട്വിറ്ററില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഒമ്പത് വിക്കറ്റിന് 227 റണ്‍സിലൊതുക്കി. വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയക്ക് വിരാട് കോഹ്‌ലിയെയും ശിഖര്‍ ധവാനെയും പെട്ടെന്ന് നഷ്ടമായി. എന്നാല്‍ ശക്തമായി പൊരുതിയ രോഹിത് ശര്‍മ 144 പന്തില്‍ 122 റണ്‍സുമായി പുറത്താകാതെ നിന്നു.
















