അമ്പൂരി: കൊറോണ ആശങ്കാജനകമായ വിധത്തില്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പരമ്പരാഗത തൊഴില്‍ വ്യവസായ മേഖലകളിലെ സ്തംഭനം തുടരുകയാണ്. മലയോര ഗ്രാമീണ മേഖലയിലെ കര്ഷകനിര്മാണ തൊഴിലാളികളുടെ തൊഴില്‍ നഷ്ടം ഇതു വരെയും നികത്താനായിട്ടില്ല. കൂലിത്തൊഴിലാളികളാണ് ആദ്യഘട്ടത്തില്‍ തന്നെ ഏറെ പ്രതിസന്ധിയിലേക്ക് വീണ വിഭാഗം, തൊഴില്‍നഷ്ടവും വരുമാനനഷ്ടവും അവരെ ഒരുപോലെ പിടികൂടി. വിവിധ ക്ഷേമനിധികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും അല്ലാത്തവരുമായ ഗ്രാമീണ തൊഴിലാളികള്‍ ഏറെയാണ്.
മലയോര മേഖലയിലെ റബര്‍ കര്‍ഷകരാണ് വലിയ തിരിച്ചടി നേരിടുന്നത്. വിലയിടിവിനു പിന്നാലെ ചെറുകിട കര്‍ഷകര്‍ക്കു പോലും റബര്‍ വില്‍ക്കാനാകുന്നില്ല. റബ്ബര്‍ കടകള്‍ തുറക്കാത്തതും സംഭരിക്കാന്‍ ആരും തയാറാകാത്തതും മൂലം മരംവെട്ട് നിര്‍ത്തിവച്ചിരിക്കുകയാണ് പലരും. മരംവെട്ട് തൊഴിലാളികളുടെ തൊഴിലും ഇതുമൂലം നഷ്ടമായി. അതിര്‍ത്തി മേഖലയിലെ കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനം ഭാഗികമാണ്. അതിര്‍ത്തിയിലെ കന്യാകുമാരി ജില്ലയോട് ചേര്‍ന്ന തമിഴ്നാട് പ്രദേശങ്ങളിലാണ് ഫാക്ടറികള്‍ ഏറെയും. കെണ്ടയിന്‍മെന്റ് സോണായ അതിര്‍ത്തി പഞ്ചായത്തുകളില്‍ നിന്നും അതിര്‍ത്തി കടന്ന് സ്ത്രീകളുള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളില്‍ എത്തിച്ചേരാനാകാത്ത അവസ്ഥയാണ്. നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പതിനായിരങ്ങളാണ് തൊഴില്‍രഹിതരായി തുടരുന്നത്. ലോക്ഡൗണിനു ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും നിലവില്‍ ഒറ്റപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടക്കുന്നത്.
ഇതിനുപുറമെ മറ്റ് അസംഘടിത മേഖലയിലെ തൊഴിലാളികളും വരുമാന നഷ്ടത്തിലാണ്. ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍, ടെക്സ്റ്റൈല്‍, ചെരുപ്പ,് ഫാന്‍സി സ്റ്റോര്‍ തുടങ്ങിയ കടകളില്‍ പണിയെടുക്കുന്നവരില്‍ കൂടുതലും സ്ത്രീ തൊഴിലാളികളാണ്. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി എന്നിവിടങ്ങളിലും സ്ത്രീ സാന്നിധ്യം ശക്തമാണ്. ഇത്തരം മേഖലയിലും വേതന നഷ്ടമുണ്ടായിട്ടുണ്ട്. വീട്ടുജോലിക്കാര്‍, മീന്‍വില്‍പ്പനക്കാര്‍, ഗ്രാമീണ ചന്തകളിലെ കച്ചവടക്കാര്‍, ഹോട്ടല്‍ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കും തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും വളരെ വലുതാണ്.
ദിവസക്കൂലിക്കാരുടെ വരുമാന നഷ്ടം മേഖലയിലെ സാമ്പത്തികരംഗം നിശ്ചലമാക്കുന്ന അവസ്ഥയാണ്. പരമ്പരാഗത തൊഴില്‍ മേഖലകളില്‍ പ്രധാനപ്പെട്ടവയെല്ലാം തന്നെ രൂക്ഷമായ പ്രതിസന്ധിയിലാണ്. നിലവിലെ സാഹചര്യം താഴെത്തട്ടിലെ തൊഴിലാളികളുടെ വരുമാനം പൂര്‍ണമായും നഷ്ടമാക്കിയിരിക്കുകയാണ്. ഇവര്‍ക്ക് ആശ്വാസമെത്തിക്കാനുള്ള നടപടികളൊന്നും സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുന്നില്ല എന്ന പരാതി വ്യാപകമാണ്. മലയോര മേഖലയിലെ തൊഴിലാളികളുടെയും കര്‍ഷകരുടെയും വരുമാന നഷ്ടത്തിന് പരിഹാരം കാണാന്‍ ത്രിതല പഞ്ചായത്തുകളും സംസ്ഥാന സര്‍ക്കാരും നടപടികള്‍ സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
സജിചന്ദ്രന്‍ കാരക്കോണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: