കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് തീവ്രവാദ ഫണ്ടുകള്‍ ഒഴുകുന്നുവെന്നും, അതിനു തെളിവാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ ദേശവിരുദ്ധ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ പാഠപുസ്തകമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി എം.എം. ഷാജി. സ്വര്‍ണക്കടത്തിന് തീവ്രവാദബന്ധമുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ആ ഫണ്ട് ഇത്തരത്തില്‍ സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ചു സ്ലീപ്പര്‍ സെല്ലുകളെ വളര്‍ത്തിയെടുക്കാനും സര്‍വകലാശാലയെ ദേശവിരുദ്ധ കേന്ദ്രമാക്കാനുമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു.
അതിനു വേണ്ട എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നതില്‍ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കടക്കമുള്ള ബന്ധത്തെക്കുറിച്ചു അന്വേഷിക്കണം. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടനയെയും മോശമായി ചിത്രീകരിച്ച ദേശവിരുദ്ധമായ ഭാഗങ്ങളാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ ബിഎ ഇംഗ്ലീഷ് മൂന്നാം സെമസ്റ്റര്‍ പാഠപുസ്തകത്തിലുള്ളത്. ഇത്തരം ദേശവിരുദ്ധ ഭാഗങ്ങള്‍ പാഠപുസ്തകത്തില്‍ നിന്നു നീക്കം ചെയ്യില്ലെന്ന നിലപാട് സ്വീകരിക്കുന്ന വൈസ് ചാന്‍സലര്‍ സര്‍വകലാശാലയെ ദേശവിരുദ്ധ കേന്ദ്രമാക്കുന്നതിനു കൂട്ടുനില്‍ക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലിക്കറ്റ് സര്‍വകലാശാലയിലെ പാഠപുസ്തകത്തില്‍ അല്‍ഖ്വയ്ദ തീവ്രവാദിയുടെ കവിത ഉള്‍പ്പെടുത്തുകയും പ്രതിഷേധങ്ങളുടെ ഫലമായി അത് പിന്‍വലിക്കേണ്ടി വരികയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. അന്ന് ആ പാഠപുസ്തകം എഡിറ്റ് ചെയ്ത അദ്ധ്യാപകന് സി.ആര്. മുരുകന് ബാബു തന്നെയാണ് സമാനമായ ഈ വിഷയത്തിലും ഉള്‍പ്പെട്ടിട്ടുള്ളത്.
അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും, ദേശവിരുദ്ധമായ പാഠഭാഗങ്ങള്‍ പാഠപുസ്തകത്തില്‍ നിന്നു നീക്കം ചെയ്യണമെന്നും കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: