അയോധ്യ: വനവാസം കഴിഞ്ഞു തിരിച്ചെത്തിയ ശ്രീരാമനെ വരവേല്‍ക്കുന്ന അയോധ്യയുടെ പ്രതീതിയാണ് ഇന്ന് യുപിയില്‍ എങ്ങും. ആഘോഷങ്ങള്‍ ഉച്ചസ്ഥായിയില്‍. രണ്ടുനാളുകള്‍ക്ക് അപ്പുറമുള്ള രാമക്ഷേത്ര ശിലാ സ്ഥാപനം ഒരു രണ്ടാം പട്ടാഭിഷേകമാണവര്ക്ക്. ത്രേതായുഗത്തിലെ ശ്രീരാമ പട്ടാഭിഷേകം പുനരാവിഷ്കരിക്കാനുള്ള ഒരുക്കങ്ങള്‍ അയോധ്യയില്‍ അവസാന ഘട്ടത്തിലെത്തി. ഒരുക്കങ്ങളുടെ ദൃശ്യ ഭംഗിയും ഉത്സാഹത്തിന്റെ നിറവും വര്‍ണനകള്‍ക്ക് അപ്പുറമാണ്.
അയോധ്യയില്‍, ക്ഷേത്ര ഭൂമിയില്‍, ആചാര്യന്മാരുടെ കാര്‍മികത്വത്തില്‍ ഇന്നു പൂജാകര്‍മങ്ങള്‍ തുടങ്ങും. എല്ലാ ഭവനങ്ങളിലും ഇന്നു മുതല്‍ രാമായണ പാരായണവും എല്ലാ ക്ഷേത്രങ്ങളിലും വേദമന്ത്രങ്ങളും മുഴങ്ങും. എല്ലാ ഹൈന്ദവ ഭവനങ്ങളുടെയും കടകളുടെയും സ്ഥാപനങ്ങളുടെയും നെറുകയില്‍, ശ്രീരാമന്റെ ചിത്രമടങ്ങിയ കാവിക്കൊടികള്‍ പാറുന്നു. അവാച്യമായൊരു അനുഭവമാണ് യുപിയിലെ, പ്രത്യേകിച്ച് അയോധ്യയിലെ ദിനങ്ങള്‍ സമ്മാനിക്കുന്നത്.
ഭൂമി പൂജയും ശിലാസ്ഥാപനവും അഞ്ചിന് 11.30നും 12.30നും ഇടയിലാണ്. ക്ഷേത്രത്തിന്റെ ആധാരം ശിലയായി സ്ഥാപിക്കുന്നത് 45 കിലോഗ്രാം വെള്ളിയില്‍ തീര്‍ത്ത കട്ടിയാണ്. ആ ശിലയിലും രാം ലല്ലയുടെ വിഗ്രഹത്തിലും ചാര്‍ത്താനുള്ള 101 കിലോഗ്രാം ചന്ദനം കാശിയില്‍ നിന്നു കൊണ്ടുവരും.
വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ ജനങ്ങള്‍ ഏറ്റെടുത്ത ഈ യജ്ഞത്തിന്റെ ഒരുക്കങ്ങളില്‍ ഹൈന്ദവ സമൂഹത്തിനോട് തോളോട് തോള് ചേര്‍ന്ന് സഹകരിക്കുന്ന മുസ്ലിം സഹോദരങ്ങളും കുടുംബങ്ങളും, യുപിയില്‍ രാമരാജ്യത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു. മത സൗഹാര്‍ദ്ദത്തിന് ഇവിടെ പുതിയ അര്‍ഥതലങ്ങള്‍ പിറക്കുന്നു. രാം ലല്ലയുടെ ഉടയാടകള്‍ തുന്നുന്നത്, പരമ്പരയായി അത് നടത്തിപ്പോന്ന മുസ്ലിം കുടുംബത്തിലെ പുതുതലമുറയാണ്. ആരതിക്കുള്ള മണ്‍വിളക്കുകള്‍ മുസ്ലിം ഭവനങ്ങളില്‍ നിര്‍മിക്കുന്നു. അത്തരം കോടിക്കണക്കിന് മണ് ചിരാതുകള്‍ വരും ദിവസങ്ങളില്‍ യുപിയില്‍ കണ് തുറക്കും. അവര്‍ക്കിത് ദേശീയ ഉത്സവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: