ഇടുക്കി: കൊറോണ പോസിറ്റീവായ രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് എആര്‍ ക്യാമ്പിലേക്ക് തിരികെ വിളിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡാം സുരക്ഷാ ഡ്യൂട്ടി.
കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ മൂന്ന് മാസത്തോളമായി ജോലി നോക്കിയിരുന്ന നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് രോഗിയുമായുള്ള സമ്പര്‍ക്കം കണ്ടെത്തിയതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചത്.
ഇതോടെ ഇവരെ എആര്‍ ക്യാമ്പിലേക്ക് തിരികെ വിളിപ്പിച്ചു. പിന്നീട് വീട്ടിലോ കൊറോണ നീരീക്ഷണ സെന്ററുകളിലോ ക്വാറന്റൈനില്‍ പോകാന്‍ അനുവദിക്കാതെ ഡാം സുരക്ഷാ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുകയായിരുന്നു. എട്ട് ദിവസമായി ഇവര്‍ ഇടുക്കിയ്ക്ക് സമീപത്തെ ഒരു ഡാമില്‍ ജോലി നോക്കി വരികയാണ്. സംസ്ഥാന പാതയായതിനാല്‍ നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന സ്ഥലത്താണ് ഇവര്‍ ഡ്യൂട്ടി നോക്കുന്നത്.
ജില്ലയില്‍ നിരവധി ഉദ്യോഗസ്ഥര്‍ കൊറോണയുമായി ബന്ധപ്പെട്ട് ക്വാറന്റൈനിലായതോടെ നിലവിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ജോലി ഭാരം കൂടുകയാണ്. ഇതിനിടയിലാണ് രോഗ ബാധയ്ക്ക് സാധ്യതയുള്ളവരെ ജില്ലയുടെ തന്നെ തന്ത്ര പ്രധാനമേഖലയില്‍ മേലുദ്യോഗസ്ഥര്‍ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: