പീരുമേട്: കൊറോണ ബാധിച്ച് മരിച്ച വയോധിയുടെ മൃതദേഹത്തോട് അനാദരവ്. ആംബുലന്‍സ് കിട്ടാതെ വന്നതോടെ പ്രോട്ടോകോള്‍ പോലും പാലിക്കാതെ മൃതദേഹ സംസ്കരിക്കാന്‍ കൊണ്ടുപോയത് മുഖാവരണം മാത്രം ധരിച്ച് ഉന്തുവണ്ടിയില്‍.
കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ ഇടുക്കി ജില്ലയിലെ തേനിയിലുള്ള ഗൂഡല്ലൂര്‍ മുനിസിപ്പാലിറ്റിയിലാണ് സംഭവം. അഴകുപ്പിള്ള സ്ട്രീറ്റില്‍ താമസിക്കുന്ന എണ്‍പത് കാരിയാണ് കൊറോണ ബാധിച്ച് ശനിയാഴ്ച്ച മരിച്ചത്. വയറിന് അസുഖം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവരെ ബന്ധുക്കള്‍ ഗൂഡല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കായി എത്തിച്ചിരുന്നു.
വയറിളക്കത്തിന് മരുന്ന് നല്‍കിയത് കൂടാതെ ഇവരുടെ കൊറോണ ടെസ്റ്റും നടത്തിയിരുന്നു. വീട്ടില്‍ നിന്ന് പുറത്ത് പോകരുതെന്നും വീട്ടില്‍ ക്വാറന്റൈനിന് ഇരിക്കണമെന്നും നിര്‍ദ്ദേശിച്ചാണ് ആശുപത്രിയില്‍ നിന്ന് ഇവരെ വീട്ടിലേക്ക് മടക്കി വിട്ടത്.
പരിശോധനയില്‍ ഇവര്‍ പോസിറ്റീവ് ആണെന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിനിടെയാണ് ഇവര്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ മരണപെട്ടത്. ഇവര്‍ മരിച്ച കാര്യം ബന്ധുക്കള്‍ ഗൂഡല്ലൂര്‍ മുന്‍സിപ്പാലിറ്റിയില്‍ അറിയിച്ചിരുന്നു. മാത്രമല്ല മൃതദേഹം സംസ്കരിക്കുന്നതിനായി ശ്മശാനത്തിലേക്ക് കൊണ്ടു പോകുന്നതിന് ആംബുലന്‍സ് ലഭ്യമാക്കണമെന്ന് ബന്ധുക്കള്‍ ഉദ്യോസ്ഥരോട് ആവശ്യപ്പെട്ടു. എന്നാല്‍ കൊറോണ രോഗബാധ കൂടി നില്ക്കുന്നതിനാല് അധികൃതര്‍ ആംബുലന്‍സ് വിട്ടുനല്‍കിയില്ല. കൂടാതെ ഇവരുടെ സമുദായ സംഘടനകളുടേത് ഉള്‍പ്പെടെയുള്ള വാഹനത്തിനായി ശ്രമിച്ചെങ്കിലും കൊറോണാ ഭീതി മൂലം ഇവരും വരാന്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ തദ്ദേശവാസിയായ ഒരാളെ മൃതദേഹം ശ്മശാനത്തില്‍ എത്തിക്കാന്‍ ഏര്‍പ്പെടുകയായിരുന്നു. ആയിരം രൂപ കൂലി വാങ്ങിയാണ് ഇയാള്‍ മൃതദേഹം തള്ളുവണ്ടിയില്‍ കയറ്റി വിലാപയാത്രയായി ഒരു കിലോമീറ്ററോളം അകലെയുള്ള ശ്മശാനത്തില്‍ എത്തിച്ചത്. എന്നാല്‍ തള്ളുവണ്ടിയില്‍ മൃതദേഹം കൊണ്ടു വന്നയാളൊ അനുഗമിച്ചിരുന്നവരോ പിപിഇ കിറ്റോ മറ്റ് പ്രതിരോധ മാര്‍ഗങ്ങളോ സ്വീകരിച്ചിരുന്നില്ല. യാതൊരു മുന്‍ കരുതലുമില്ലാതെ മൃതദേഹം കണ്ടുപോയതിനെ തുടര്‍ന്ന് ഈ ഗ്രാമത്തിലെ ജനങ്ങള്‍ കൊറോണ ഭീതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: