തൊടുപുഴ: കണ്‍സ്യൂമര്‍ഫെഡിന് കീഴില്‍ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ നാല് ലക്ഷത്തിലേറെ രൂപയുടെ ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടി ഉണ്ടാകും.
കണ്‍സ്യൂമര്‍ഫെഡ് വിജിലന്‍സ് വിഭാഗം കഴിഞ്ഞമാസം 27,28 തിയതികള്‍ നടത്തിയ പരിശോധനയില്‍ ആണ് ഇവിടെ ക്രമക്കേട് കണ്ടെത്തിയത്. ഇതോടെ കഴിഞ്ഞ ബുധനാഴ്ച മുതല്‍ മറ്റ് സ്ഥലങ്ങളിലെ മദ്യശാലകളില്‍ നിന്നുള്ള ജീവനക്കാരെ എത്തിച്ചാണ് സ്‌റ്റോര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. അരി, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയവയുടെ സ്‌റ്റോക്കില്‍ വലിയ തിരിമറി നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ശനിയാഴ്ച സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ അന്വേഷണം സംഘം ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി വീണ്ടും ചോദ്യം ചെയ്തു.
അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് നല്‍കാന്‍ പരിശോധക സംഘത്തോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് കണ്‍സ്യൂമര്‍ഫെഡ് എം.ഡി വി.എം. മുഹമ്മദ് റഫീക് പറഞ്ഞു. ജീവനക്കാര്‍ കുറ്റക്കാരാണെന്ന് കണ്ടാല്‍ നടപടിയെടുക്കുമെന്നും നഷ്ടപ്പെട്ട പണം കുറ്റക്കാരില്‍ നിന്ന് ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് മാനേജരടക്കം എല്ലാ ജീവനക്കാരോടും താത്കാലികമായി ജോലിയില്‍ നിന്ന് മാറി നില്‍ക്കാന്‍ റീജിയണല്‍ മാനേജര്‍ അനില്‍ സക്കറിയ ആവശ്യപ്പെടുകയായിരുന്നു. രണ്ട് സ്ഥിരം ജീവനക്കാരടക്കം ആറ് പേരാണ് സൂപ്പര്‍മാറ്റില്‍ ജോലി ചെയ്യുന്നത്. നഗരത്തില്‍ തന്നെ ഏറ്റവും അധികം വിറ്റ് വരവുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒന്ന് കൂടിയാണ് പുളിമൂട്ടില്‍ ഷോപ്പിങ് ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന ത്രീവേണിയുടെ സൂപ്പര്‍മാര്‍ക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: