സര്‍വ്വം ബ്രഹ്മമയം വിവരണം തുടരുന്നു.
ശ്ലോകം 232
സത്യം യദിസ്യാത് ജഗദേതദാത്മാനോ-
/നന്തത്വഹാനിര്നിഗമാ/പ്രമാണതാ
അസത്യവാദിത്വമപീശിതുഃസ്യാത്
നൈതത് ത്രയം സാധുഹിതം മഹാത്മനാം
ഇക്കാണുന്നതായ ജഗത്ത് സത്യമാണെങ്കില്‍ ആത്മാവ് അനന്തമല്ലെന്ന് വരും. ശ്രുതി വാക്യങ്ങള്‍ പ്രമാണമല്ലാതായിത്തീരും. ഭഗവാന്റെ പ്രഖ്യാപനം അസത്യമാകും. ഇത് മൂന്നും മഹാത്മാക്കള്‍ക്ക് തീരെ സമ്മതമല്ല. പ്രപഞ്ചം സത്യമാണെന്ന തോന്നലിനെ ശ്രുതി വാക്യങ്ങളെ കൊണ്ട് നിരാകരിച്ചു. ഇനി ശ്രുതിയ്ക്കനുസരിച്ചുള്ള യുക്തികൊണ്ടും നിഷേധിക്കുന്നു.
ജഗത്ത് സത്യമെന്ന് വാദിക്കുന്നവര്‍ അതിലൂടെ വലിയ ദോഷമാണ് ചെയ്യുന്നത്. ജഗത്ത് സത്യമാണെന്ന് പറഞ്ഞാല്‍ അതുമൂലം പ്രധാനമായും മൂന്ന് ദോഷങ്ങള്‍ സംഭവിക്കും.
ഒന്നാമത്തെ കാര്യം ആത്മാവ് ആനന്തമല്ല എന്ന് വരും. ആത്മനഃ അനന്തത്വ ഹാനി. ആത്മാവ് അഥവാ ബ്രഹ്മം സര്‍വ്വവ്യാപിയും അപരിച്ഛിന്നവും അനന്തവുമാണ്. ജഗത്തിന് സത്യത്വമുണ്ടെങ്കില് അത് ബ്രഹ്മത്തിന്റെ അനന്തതയെ ബാധിക്കും. ജഗത്ത് ബ്രഹ്മത്തെ പരിമിതപ്പെടുത്തും. ഇങ്ങനെ വന്നാല്‍ ഉപനിഷത്തിന് വിരുദ്ധമാകും.
രണ്ടാമത് ശ്രുതി പ്രമാണത്തിന്ന് വിരുദ്ധമാകും എന്നതാണ് നിഗമാപ്രമാണതാ. ബ്രഹ്മ സത്യം ജഗമിഥ്യാ തുടങ്ങിയ ഉപനിഷത്തിന്റെ പ്രഖ്യാപനങ്ങളൊക്കെ വെറുതെയാകും ജഗത്തിനെ സത്യമായെടുത്താല് ശ്രുതി വാക്യങ്ങള്‍ പ്രമാണമല്ലാതാകും.
‘സത്യം ജ്ഞാനം അനന്തം ബ്രഹ്മ’ എന്ന ശ്രുതി വാക്യത്തെ തന്നെ തെറ്റന്ന് പറയേണ്ടി വരും. അത് അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഭഗവാന്റെ വാക്കുകള്‍ സത്യമല്ലെന്ന് വരും; ഈശിതുഃ അസത്യവാദിത്വം. ഉപനിഷദ് തത്ത്വങ്ങളെ ഗീതയിലൂടെ പ്രകാശിപ്പിച്ച ഭഗവാന്റെ പ്രഖ്യാപനം അസത്യമാകും. ജഗത്തിന് സത്യത്വമില്ലെന്ന് ഗീതയില്‍ പലതവണ ഭഗവാന് പറയുന്നുണ്ട്. ‘അനിത്യമസുഖം ലോകം’ എന്ന ഭഗവാന്റെ വാക്കുകള്‍ അസത്യമാകും. അത് ശരിയല്ല.
ജഗത്തിന് സത്യത്വം നല്‍കുന്നതിന് മഹാത്മാക്കള്‍ എതിരാണ്. ബ്രഹ്മത്തിന്റെ അനന്ത ഹാനിത്വം അഥവാ പരിച്ഛിന്നത്വം, വേദത്തിന്റെ അപ്രമാണത, ഭഗവാനില്‍ അസത്യവാദിത്വം എന്നിവ ഒരിക്കലും മഹത്തുക്കള്‍ സ്വീകരിക്കില്ല. ആത്മസാക്ഷാത്കാരം സിദ്ധിച്ചവര്‍ക്ക് അനുഭവമായ കാര്യമാണ് ബ്രഹ്മത്തിന്റെ അനന്തതയും ജഗത്തിന്റെ മിഥ്യാത്വവും. അവരുടെ അനുഭവത്തിന് വിപരീതമായ കാര്യത്തെ സമ്മതിക്കാന്‍ അവര്‍ക്ക് കഴിയില്ല. അതുകൊണ്ട് തന്നെ ജഗത്ത് സത്യമല്ലെന്ന് തന്നെ ഉറപ്പിക്കണം.
ആത്മസാക്ഷാത്കാരം ലഭിച്ച ആചാര്യസ്വാമികള്‍ ഇത്തരത്തില്‍ സാധകര്‍ക്ക് സംഭവിക്കാവുന്ന ആശയക്കുഴപ്പത്തെ ചൂണ്ടിക്കാട്ടുകയാണ്. ഒന്നും കണ്ണടച്ച് വിശ്വസിക്കേണ്ട. യുക്തിയോടെ വിചാരം ചെയ്യുക തന്നെ വേണം. നമുക്ക് പ്രമാണമായി ശ്രുതിയും ഭഗവാന്റെ വാക്യവും ആത്മാനുഭൂതിയെ നേടിയ മഹാത്മാക്കളുമുണ്ട്. ആ വഴി തന്നെയാണ് ബ്രഹ്മത്തെ അറിയേണ്ടത്. അല്ലെങ്കില്‍ മായാലോകത്തില്‍ കുടുങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: