പലദേശത്തില്‍ പലവേഷത്തില്‍ പലപല ഭാഷയില്‍ രാമകഥ ഇന്നലത്തെപ്പോലെ ഇന്നും പ്രചരിക്കുന്നു. എത്രയെത്ര രാമായണങ്ങള്‍! അത്ഭുതരാമായണം, ആനന്ദരാമായണം, മഹാരാമായണം, മന്ത്രരാമായണം, വേദാന്തരാമായണം, ചാന്ദ്രരാമായണം, ലോമശരാമായണം തുടങ്ങി പത്തുമുപ്പതു രാമായണങ്ങള്‍. ഒക്കെയും വാല്മീകി രാമായണത്തിന്റെ ഉത്തേജിത പുനഃസൃഷ്ടികള്‍. സംഭവങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും ഏറിയോ കുറഞ്ഞോ മാറ്റങ്ങളുണ്ടാവാം. മാനവരാശിയുടെ മഹത്തായ പൈതൃകസ്വത്താണ് ഈ ഇന്ത്യന്‍ ഇതിഹാസം. ഋഷികവി തന്നെ ഇങ്ങനെ പ്രഖ്യാപിച്ചുവല്ലോ:
‘എത്രനാള്‍ നില്‍ക്കുമോ പര്‍വതങ്ങളും സാഗരങ്ങളും, അത്രനാള്‍ രാമകഥയും ലോകത്തില്‍ പ്രചരിച്ചീടും.’
വാല്മീകി രാമായണം കഴിഞ്ഞാല്‍ പ്രശസ്തിയില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്ന മൂന്നു കൃതികള്‍ ഹിന്ദിയിലെ തുളസീദാസ രാമായണവും തമിഴിലെ കമ്പരാമായണവും മലയാളത്തിലെ അധ്യാത്മ രാമായണം കിളിപ്പാട്ടുമാണ്. രാമായണ സാഹിത്യത്തിലെ മൂര്‍ത്തിത്രയങ്ങളാണ് കമ്പന്‍, തുളസീദാസന്‍, തുഞ്ചത്തെഴുത്തച്ഛന്‍.
കമ്പന്‍ തമിഴില്‍ രചിച്ച രാമായണ കഥയുടെ പേര് ‘ഇരാമാവതാരം’ എന്നാണ്. തുളസീദാസന്റെ രാമോദന്തം ‘രാമചരിതമാനസം’. തുഞ്ചത്താചാര്യന്റേത് ‘അധ്യാത്മരാമായണം’. മൂന്നിലും ഏറെ പഴക്കം അവകാശപ്പെടാവുന്നത് ഇരാമാവതാരം തന്നെ.
ബാലകാണ്ഡം തൊട്ട് യുദ്ധകാണ്ഡം വരെ വാല്മീകി രാമായണം പോലെ ആറു കാണ്ഡങ്ങള്‍. കാണ്ഡത്തെ സര്‍ഗമായാണ് വാല്മീകി തിരിച്ചിരിക്കുന്നത്. കമ്പനാവട്ടെ പടലങ്ങളായും. ഇതില്‍, ബാലകാണ്ഡത്തിലെ ആദ്യത്തെ പടലം ആറ്റു പടലം. ശ്രീരാമന്‍ അവതാരം ചെയ്ത കോസലരാജ്യത്തിന്റെ സമൃദ്ധിക്കു കാരണം സരയൂനദിയത്രെ. ഈ നദിക്കരയിലാണ് ദശരഥന്റെ തലസ്ഥാനമായ അയോധ്യ. ആറ്റുപടലം കഴിഞ്ഞാല്‍ നാട്ടുപടലം. പിന്നെ നഗരപ്പടലം. വര്‍ണനയുടെ ധാരാളിത്തം കമ്പരാമായണത്തിന്റെ പ്രത്യേകതയാണ്. ഒപ്പം ലാളിത്യവും.
തമിഴ്‌നാട്ടിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം കമ്പന്‍ കഴകങ്ങളുണ്ട്. നാട്ടരചന്‍ കോട്ടയില്‍ കമ്പന്‍ സമാധി. ചെന്നൈയില്‍ കടല്‍തീരത്ത് കമ്പന്‍ പ്രതിമ. തമിഴര്‍ക്ക് കമ്പനോടുള്ള സ്‌നേഹാദരങ്ങള്‍ ഇത് പ്രകടമാക്കുന്നു. കമ്പരാമായണം കെ. ശ്രീധരന്‍നായര്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.
ഹിന്ദിയിലെ ഭക്തികാവ്യ സരണിയില്‍ തുളസീദാസന്റെ രാമചരിതമാനസത്തിന് പ്രമുഖസ്ഥാനമുണ്ട്. ഉത്തരകാണ്ഡമുള്‍പ്പെടെ ഏഴുകാണ്ഡങ്ങള്‍. വാല്മീകിയുടെ യുദ്ധകാണ്ഡം തുളസീദാസന് ലങ്കാകാണ്ഡമാണ്. ഓരോ കാണ്ഡത്തിലെയും തുടക്കത്തിലെ ദേവതാവന്ദനം, അവസാനമുള്ള ഫലശ്രുതി, ഇടയിലുള്ള സ്തുതികള്‍ എന്നിവ സംസ്‌കൃതത്തിലാണ് രചിച്ചത്. ശേഷിക്കുന്നവയാകട്ടെ ഹിന്ദിയുടെ ദേശ്യഭേദമായ ‘അവധി’ യിലും.
ഔത്തരാഹമായ രാമചരിത മാനസത്തിന്റെ ശോഭയും സത്തയും ആവാഹിച്ചു കൊണ്ട്, ഡോ. വി.കെ ഹരിഹരനുണ്ണിത്താന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പൊരുളിന് ചോര്‍ച്ചയുണ്ടാകാത്ത ഈ വിവര്‍ത്തനം മലയാളത്തിന്റെ സ്വാഭാവികത വെളിപ്പെടുത്തുന്നു.
ഭക്തിഭാവനയുടേയും ആധ്യാത്മിക ഭാഷയുടേയും പോഷണത്തിന് എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടാണ് ഏറെ സ്വാധീനിച്ചിട്ടുള്ളത്. ഇതിഹാസത്തിന്റെ വിദൂരവിവര്‍ത്തനമാണ് രാമായണം കിളിപ്പാട്ട്. അധ്യാത്മ രാമായണം എന്ന സംസ്‌കൃത ഗ്രന്ഥത്തെയാണ് എഴുത്തച്ഛന്‍ ഉപജീവിച്ചത്. അനേകം സദുപദേശങ്ങളും ഭക്തിസംവര്‍ധങ്ങളായ ഉപാഖ്യാനങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: