ന്യൂദല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഴിമതിയുടെ ഡോണ്‍ എന്ന് വിശേഷിപ്പിച്ച് ബിജെപി ജനറല്‍ സെക്രട്ടറി പി. മുരളീധര്‍ റാവു. സ്വര്‍ണക്കടത്തു കേസില്‍ പിണരായി വിജയന് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി വി. മുരളീധരന് ദല്‍ഹിയില്‍ നടത്തിയ ഉപവാസം ഉദ്ഘാടനം ചയ്തു സംസാരിക്കുകയായിരുന്നു അദേഹം.
കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അഴിമതി രാജ്യം മുഴുവന്‍ കാണുകയാണ്. സ്വര്‍ണ്ണക്കടത്തില്‍ ഞാനൊന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പഴയ തമിഴ്,തെലുങ്ക് സിനിമകളിലെ പോലെ ക്ലൈമാക്സില്‍ വില്ലന്‍ അദ്ദേഹം തന്നെയാവും. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുകൊണ്ടാണ് നടന്നത്. ഒരു ഭാഗത്ത് മഹാമാരിയും മറുഭാഗത്ത് സ്വര്‍ണ്ണക്കള്ളക്കടത്തുമാണ് കേരളത്തില്‍ നടക്കുന്നതെന്ന് മുരളീധര്‍ റാവു പറഞ്ഞു.
കേരള മോഡല്‍ എന്നാല്‍ സ്വര്ണക്കള്ളക്കടത്താണോയെന്നും മുരളീധര്‍ റാവു ചോദിച്ചു. ലോകം മുഴുവന്‍ കോവിഡില്‍ കഷ്ടപ്പെടുമ്പോള്‍ കേരളത്തില്‍ സ്വപ്ന ഗോള്‍ഡ് വൈറസാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഭീകരവാദവും അഴിമതിയും തമ്മില്‍ ബന്ധപ്പെട്ടുകിടക്കുകയാണ്. സാമ്പത്തിക ഭീകരവാദമാണിത്. സി.എ.എ വിരുദ്ധ സമരമടക്കം എല്ലാ രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഫണ്ട് സ്വരൂപിക്കുന്നത് സ്വര്‍ണ്ണക്കടത്തിലൂടെയാണെന്നും അദേഹം പറഞ്ഞു.
ധീരജവാന്മാരുടെ വീരമൃത്യുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യം മുഴുവന്‍ ചൈന ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിച്ചപ്പോള്‍ ചൈനക്കെതിരെ ഒരു വാക്കു പോലും മിണ്ടാതിരുന്നയാളാണ് കേരള മുഖ്യമന്ത്രി. രാജ്യത്തെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി അദ്ദേഹമായിരിക്കുമെന്നും റാവു കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് ദേശവിരുദ്ധപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരിക്കുകയാണെന്ന് അദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സി. കൃഷ്ണകുമാര്‍, പി.സുധീര്‍, സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: