തിരുവനന്തപുരം: ആറ്റിപ്ര വില്ലേജില്‍ മണ്‍വിള, ചെങ്കൊടിക്കാട് പതിറ്റാണ്ടുകളായി താമസിച്ചിരുന്ന ആറ് പട്ടികജാതി കുടുംബങ്ങളോട് കാണിച്ച ഭരണകൂട ഭീകരതയ്ക്ക് എതിരെ സാമൂഹ്യനീതി കര്‍മ്മസമിതി പ്രതിഷേധിച്ചു. കഴിഞ്ഞ 29ന് പുലര്‍ച്ചെ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ അറിവോടെയാണ് ഒരു സംഘം പോലീസുകാര്‍ പട്ടികജാതി കുടുംബങ്ങളോട് ക്രൂരത ചെയ്തത്. സിപിഎമ്മുകാരുടെ ഒത്താശയോടെയായിരുന്നു ഇത്.
കൊവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ ബലപ്രയോഗത്തിലൂടെയുള്ള യാതൊരു നടപടിയും പാടില്ലെന്ന സുപ്രീംകോടതിയുടെ ഉത്തരവ് നിലനില്‍ക്കെ വയോധികരും, സ്ത്രീകളും, കുട്ടികളും അടങ്ങുന്ന കുടുംബങ്ങളെയാണ് വസ്ത്രങ്ങള്‍ മാറാന്‍ പോലും അനുവദിക്കാതെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കിയത്. അവരുടെ മുഴുവന്‍ സമ്പാദ്യങ്ങളും നശിപ്പിക്കുകയും, വീടുകള്‍ പൂര്‍ണ്ണമായും ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തുകയും ചെയ്തു. സ്ത്രീകളും, കുട്ടികളുമടങ്ങുന്ന കുടുംബങ്ങള്‍ക്ക് ദാഹജലംപോലും നല്‍കാതെ ഒറ്റ മുറിയില്‍ അസിസ്റ്റന്റ് കമ്മിഷണറാഫീസില് 12 മണിക്കൂര്‍ അടച്ചിടുകയായിരുന്നു. ഹിന്ദു ഐക്യവേദിയുടെ ഇടപെടലുകള്‍ക്ക് ശേഷമാണ് പോലീസ് ഇവരെ വിട്ടയച്ചത്. തലചായ്ക്കാനിടം നഷ്ടപ്പെട്ട കുടുംബങ്ങള്‍ ആറ്റിപ്ര വില്ലേജ് ആഫീസ് പടിക്കല്‍ സമരത്തിലാണ്.
ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരന്, യോഗക്ഷേമസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സുബ്രഹ്മണ്യ നമ്പൂതിരി, കേരള പട്ടികജാതിവര്‍ഗ്ഗ ഐക്യവേദി ജനറല്‍ സെക്രട്ടറി കരമന ജയചന്ദ്രന്, കളരിപ്പണിക്കര്‍ ഗണക കണിശ സഭ സംസ്ഥാന പ്രസിഡന്റ് പാച്ചല്ലൂര്‍ അശോകന്, ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹന്‍ ത്രിവേണി, അഖിലേന്ത്യ ചെക്കാല സമുദായ സംഘം സംസ്ഥാന പ്രസിഡന്റ് രംഗനാഥന്, ഹിന്ദു ന്യൂനപക്ഷ ഐക്യസഭ സംസ്ഥാന സെക്രട്ടറി കെ. വേണുകുമാര്‍, വേടര്‍ സമുദായ സംഘം സംസ്ഥാന പ്രസിഡന്റ് ശ്രീധരന്, വിളക്കിത്തല നായര്‍ സമാജം സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍ വിളപ്പില്‍ശാല ജയന്, തമിഴ് വിശ്വകര്‍മ്മ സമൂഹം സംസ്ഥാന പ്രസിഡന്റ് ആര്.എസ്. മണിയന്, കേരള വിശ്വകര്‍മ്മസഭ സംസ്ഥാന സെക്രട്ടറി കോട്ടയ്ക്കകം ജയകുമാര്‍, കേരള ബ്രാഹ്മണ സഭ ജില്ലാ പ്രസിഡന്റ് ഗണേശന്, കെപിഎംഎസ് ജില്ലാ പ്രസിഡന്റ് ചാല ഡി. മോഹനന്, ട്രാവന്‍കൂര്‍ ശ്രീ പത്മനാഭ വിലാസം ഹിന്ദുചേരമര്‍ മഹാജനസംഘം ജില്ലാ സെക്രട്ടറി അനില്‍ നരുവാമൂട്, എസ്എന്‍ഡിപി യോഗം പാറശ്ശാല യൂണിയന് സെക്രട്ടറി ചൂഴാല്‍ നിര്‍മ്മലന്‍ എന്നീ സംഘടനാ നേതാക്കള്‍ പ്രസ്താവനയിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: