തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ട്രിപ്പില്‍ ലോക്ഡൗണ്‍ നിലവില്‍ വന്നിട്ട് ഇന്ന് 28 ദിവസം. എന്നിട്ടും കൊറോണ രോഗ വ്യാപനം കുറയാതെ കൂടുതല്‍ ആശങ്കപ്പെടുത്ത കണക്കുകളാണ് ജില്ലയില്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. തീര പ്രദേശങ്ങളെ കൂടാതെ നഗര ഗ്രാമ മേഖലയിലും കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസുകാര്‍, ഡോക്ടര്‍മാര്‍, സമ്പര്‍ക്കം, ഉറവിടം അറിയാത്തവര്‍ തുടങ്ങി ഓരോ ദിവസവും തലസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം കുതിക്കുകയാണ്.
ജൂലൈ ആറിനാണ് കോര്പ്പറേഷന് പരിധിയില്‍ ട്രിപ്പില്‍ ലോക്ഡൗണ്‍ നിലവില്‍ വന്നത്. ജൂലൈ 17നാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി തലസ്ഥാനത്തെ തീരപ്രദേശങ്ങളായ പൂന്തുറ, പുല്ലുവിള ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ സാമൂഹ്യ വ്യാപനം സ്ഥിരീകരിച്ചത്. കര്‍ശനമായ നിയന്ത്രണങ്ങള്‍ തീരദേശ മേഖലയില്‍ നടപ്പാക്കിയെങ്കിലും രോഗികളുടെ എണ്ണം ഇവിടങ്ങളിലും വര്‍ദ്ധിക്കുകയാണ്. അതോടൊപ്പം സമീപ പ്രദേശങ്ങളിലും ഇപ്പോള്‍ രോഗം വ്യാപിക്കുന്നു. ആന്റിജന്‍ പരിശോധനയില്‍ ഫലം പോസിറ്റീവാകുന്നവരുടെ എണ്ണം കൂടുന്നത് തീരദേശ മേഖലയില്‍ ആകെ ആശങ്ക വര്‍ദ്ധിക്കുന്നുണ്ട്. പൂന്തുറ, പുല്ലുവിള എന്നിവയ്ക്ക് പുറമെ ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളായ പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപള്ളി എന്നിവിടങ്ങളിലും രോഗം കുറയുന്നില്ല.
സാമൂഹ്യവ്യാപനം നടന്നുവെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുമ്പോഴും പരിശോധനകള്‍ പരിമിതമായി മാത്രമാണ് പുല്ലുവിള, അഞ്ചുതെങ്ങ് ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നടക്കുന്നതെന്ന് ആരോപണമുണ്ട്. പുല്ലുവിള ഉള്‍പ്പെടെയുള്ള തീരദേശ മേഖലകളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍തൂക്കം നല്കി നടത്തുന്ന പരിശോധനകളില്‍ പോലും പകുതിയോളം പേരും പോസിറ്റീവാകുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. ഇത്തരത്തില്‍ നടത്തിയ പരിശോധനയിലാണ് പുല്ലുവിള ക്ലസ്റ്ററിലെ കൊച്ചുതുറ ശാന്തിഭവന് വൃദ്ധസദനത്തില്‍ 35 പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം കൂടുന്നത് കണക്കിലെടുത്ത് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് പറയുന്നുണ്ടെങ്കിലും പരിശോധനകളുടെ എണ്ണത്തില്‍ കാര്യമായ പുരോഗതി ഇല്ല. പരിശോധനാ ഫലങ്ങളും ഇവിടങ്ങളില്‍ വൈകുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
തീരദേശ മേഖലയെ പോലെ നെയ്യാറ്റിന്‍കര, പാറശ്ശാല പോലുള്ള പ്രദേശങ്ങളിലും രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ചില ക്ലസ്റ്ററുകള്‍ ഇവിടങ്ങളില്‍ രൂപപ്പെടാനുള്ള സാധ്യതയും ജില്ലാ ഭരണകൂടം തള്ളിക്കളയുന്നില്ല. നഗരത്തിനുള്ളിലെ ചില പ്രദേശങ്ങളിലും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ഭരണകൂടത്തെ ആശങ്കയിലാക്കുന്നുണ്ട്. ചാല, കരിമഠം കോളനി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇനിയും രോഗികള്‍ ഉണ്ടാകാമെന്നാണ് ജില്ലാ ഭരണകൂടം നല്കുന്ന സൂചന.
പാല്‍ക്കുളങ്ങര, വഞ്ചിയൂര്‍, പാളയം, പേരൂര്‍ക്കട, ആറ്റുകാല്‍, മണക്കാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും ഓരോ ദിവസവും പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് ജില്ല പൂര്‍ണ്ണമായി അടച്ചിടാന്‍ സാധ്യതയില്ലെങ്കിലും കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക് ജില്ലാ ഭരണകൂടം കടക്കും. ഹോട്ട്സ്പോട്ടുകളുടേയും കണ്ടെയിന്മെന്റ് സോണുകളുടേയും എണ്ണം ഇപ്പോഴും ജില്ലയില്‍ വര്‍ദ്ധിക്കുകയാണ്. വരും ദിവസങ്ങളിലും ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് തന്നെയാണ് ആരോഗ്യ വകുപ്പിന്റെയും കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: