ചീരാല്‍: നൂല്‍പ്പുഴ വനാതിര്‍ത്തി പ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് വലിയ പ്രതിഷേധങ്ങളാണുണ്ടായത്. പകല്‍നേരങ്ങളില്‍ പോലും കാട്ടാന പ്രദേശത്ത് കാര്‍ഷിക വിളകള്‍ക്കും, ജീവനും വലിയ ഭീഷണിയും സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും, സംഘടനകളും വനംവകുപ്പിനെതിരെ വലിയ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചു. തുടര്‍ന്നാണ് കുങ്കിയാനകളായ സൂര്യയും, പ്രമുഖയും വനാതിര്‍ത്തിയായ മുണ്ടകൊല്ലിയിലെത്തിയത്.
കുങ്കിയാനകള്‍ കാവല്‍ നിന്നതോടെ കാട്ടാന ശല്യത്തിനും പരിഹാരമായിരുന്നു. കഴിഞ്ഞ ദിവസം മദപ്പാടു കണ്ടതിനെ തുടര്‍ന്ന് ആനകളെ വനം വകുപ്പ് മാറ്റിയതോടെ പ്രദേശത്ത് വീണ്ടും കാട്ടാന ശല്യം രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസം ജനവാസ കേന്ദ്രങ്ങളിറങ്ങിയ കാട്ടാനകള്‍ നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകളാണ് നശിപ്പിച്ചത്.
മുത്താച്ചി കുന്ന്, പാട്ടം, മുണ്ടക്കൊല്ലി തുടങ്ങിയ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം കാട്ടാനകള്‍ ഇറങ്ങിയത്. പട്ടത്ത് മാങ്ങാട്ട് ഇബ്രാഹിമിന്റെയും പാട്ടത്ത് ചന്ദ്രന്റേയും കാപ്പി, കവുങ്ങ്, വാഴ തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്. വനാതിര്‍ത്തികളില്‍ ഫെന്‍സിങ്ങ് കാര്യക്ഷമമാക്കുന്നില്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. എന്നാല്‍ വന്യമൃഗശല്യം രൂക്ഷമായ വയനാട്ടിലെ വനാതിര്‍ത്തികളില്‍ താമസിക്കുന്ന കര്‍ഷകര്‍ക്കും വനപാലകര്‍ക്കും റബര്‍ബുള്ളറ്റ് ഉപയോഗിക്കുന്ന തോക്ക് അനുവദിക്കണമെന്ന് വിവിധ ആക്ഷന്‍ കമ്മറ്റികള്‍ ആവശ്യപ്പെട്ടു.
മൃഗങ്ങളുടെ എണ്ണം പെരുകിയതോടെ വനത്തിനുള്ളില്‍ അവര്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കാതായി. തേക്കും ലൂക്കാലിപ്റ്റ്സും നട്ടുവളര്‍ത്താന്‍ തുടങ്ങിയതോടെ വനത്തില്‍ വെള്ളവും ലഭിക്കാതായി. ഇതോടെ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുക പതിവായി. കാട്ടാനകള്‍ അടക്കമുള്ള മൃഗങ്ങളെ തുരത്തുന്നത് പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചുമാണ്. കാലങ്ങളായി ഉപയോഗിക്കുന്ന ഈ ആയുധങ്ങള്‍ അവക്ക് പരിചതമായതോടെ ഇതുപയോഗിച്ചാലും മൃഗങ്ങള്‍ വനത്തിലേക്ക് തിരികെ പോകാറില്ല. അവയെ തുരത്താന്‍ റബര്‍ബുള്ളറ്റ് ഉപയോഗിക്കുന്ന തോക്ക് ലഭ്യമാക്കിയാല്‍ മൃഗങ്ങളെ തുരത്താന്‍ കഴിയും. എന്നും സംഘടനകള്‍ പറഞ്ഞു. പ്രതിഷേധങ്ങളില്‍ മാത്രം പരിഹാര നടപടികള്‍ സ്വീകരിക്കാതെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: