വിളപ്പില്‍: കൊറോണ സമൂഹ വ്യാപന സാധ്യത നേരിടുന്ന വിളപ്പില്‍ പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 4 വരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാവൂ. ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. ശനിയാഴ്ചകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കു മാത്രം പ്രവര്‍ത്തിക്കാം. നാളെ മുതല്‍ രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം.
വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജാഗ്രതാ സമിതി യോഗത്തിലാണ് തീരുമാനം. നിയന്ത്രണ കാലയളവില്‍ വിളപ്പില്‍ പഞ്ചായത്തില്‍ ആള്‍ക്കൂട്ടം, വഴിയോര കച്ചവടം, തട്ടുകടകള്‍ എന്നിവയൊന്നും അനുവദിക്കില്ല. ഹോട്ടലുകളില്‍ പാഴ്‌സല്‍ സര്‍വീസ് മാത്രമേ പാടുള്ളു. പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുവാന്‍ പാടില്ല. അക്ഷയ കേന്ദ്രങ്ങളില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തണം. ഓട്ടോറിക്ഷകള്‍ ഡ്രൈവര്‍ക്ക് പ്രത്യേക ക്യാബിന്‍ തിരിച്ച് രാവിലെ 7 മുതല്‍ രാത്രി 7 വരെ സവാരി നടത്താം. വ്യാഴാഴ്ച മുതല്‍ ക്യാബിന്‍ തിരിച്ചിട്ടില്ലാത്ത ഓട്ടോറിക്ഷകള്‍ ഓടാന്‍ അനുവദിക്കില്ല.
ദിനംപ്രതി രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തിലാണ് ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, പോലീസ് എന്നിവരടങ്ങുന്ന ജാഗ്രതാ സമിതി അടിയന്തര യോഗം ചേര്‍ന്ന് നിയന്ത്രണങ്ങള്‍ നിശ്ചയിച്ചത്. സമ്പര്‍ക്കത്തിലൂടെ കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ 25 പേര്‍ക്കാണ് പഞ്ചായത്തില്‍ കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇവരില്‍ 11 പേര്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രാഥമിക പരിശോധനയില്‍ രോഗമുക്തി നേടി. 14 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. പഞ്ചായത്തിലെ വിളപ്പില്‍ശാല, പുളിയറക്കോണം, ചൊവ്വള്ളൂര്‍ വാര്‍ഡുകള്‍ നിലവില്‍ കണ്ടെയിന്‍മെന്റ് സോണുകളാണ്.
നേമം ബ്ലോക്ക് വൈസ് പ്രസിഡന്റ് വിളപ്പില്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ കാട്ടാക്കട തഹസില്‍ദാര്‍ ശ്രീകുമാരന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. എലിസബത്ത് ചീരന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുശീല്‍ കുമാര്‍, വിളപ്പില്‍ സിഐ സജിമോന്‍, മെമ്പര്‍മാരായ ആര്‍.ബി. ബിജുദാസ്, സി.എസ്. അനില്‍, എഡ്വിന്‍ ജോര്‍ജ് പങ്കെടുത്തു.
















