ആലപ്പുഴ: ജീവനൊടുക്കിയ എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറി കെ.കെ. മഹേശന് 13 കോടി മോഷ്ടിച്ചെന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ ആരോപണം ശരിയല്ലെന്ന് തെളിഞ്ഞെന്ന് എസ്എന്‍ഡിപി യോഗം സംയുക്ത സമര സമിതി.
2019 ഡിസംബര്‍ രണ്ടിന് തുഷാറിന്റ അമ്മയുടെയും മകന്റയും പേരില്‍ കുമളി ചക്കുപള്ളത്ത് 40.6 ഏക്കര്‍ ഏലത്തോട്ടം വാങ്ങിയ പണം ആരുടേതാണെന്ന് തുഷാര്‍ വ്യക്തമാക്കണമെന്ന് സമരസമിതി കണ്‍വീനര്‍ ബിജു ദേവരാജ്, എരുമേലി യൂണിയന് മുന്‍ സെക്രട്ടറി ശ്രീകുമാര്‍ സോപാനം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 1,79,40,000 രൂപ മാത്രം പ്രമാണത്തില്‍ കാണിച്ച തുക പ്രീതി നടേശന്റെ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ കലവൂര്ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് വസ്തു ഉടമകള്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്തത്.
ഏലത്തോട്ടം വാങ്ങിയതിന്റെ രേഖകളും ശ്രീകുമാര്‍ സോപാനം പുറത്തുവിട്ടു. ബന്ധുക്കളുടെ പേരില്‍ വസ്തു വാങ്ങുന്നത് ശ്രീനാരായണീയരുടെ പണം കൊണ്ടാണ്. പാവങ്ങളുടെ പണം ഒരു കുടുംബത്തിലേക്ക് പോകുന്നു. വസ്തു ഇടപാടുകളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത് കൊണ്ടുവരുമെന്നും അവര്‍ പറഞ്ഞു.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച നവോത്ഥാന മതിലുമായി സഹകരിക്കാതിരുന്നതിന്റെ പേരിലാണ് തന്നെ യൂണിയന് ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കിയതെന്നും ശ്രീകുമാര്‍ പറഞ്ഞു. എസ്എന്‍ഡിപി പീരുമേട് യൂണിയന് മുന്‍ സെക്രട്ടറി അജയന് കെ. തങ്കപ്പന്, കെ.പി. സുധി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: