പാരീസ്: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിധിയെഴുതിയ ഫൈനലില്‍ ലിയോണിനെ അഞ്ചിനെതിരെ ആറു ഗോളുകള്‍ക്ക് മറികടന്ന് പാരീസ് സെന്റ് ജര്മന്സ് (പിഎസ്ജി) ഫ്രഞ്ച് ലീഗ് കപ്പ് സ്വന്തമാക്കി. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍ രഹിത സമനില പാലിച്ചതിനെ തുടര്‍ന്നാണ് ഷുട്ടൗട്ടില്‍ വിജയികളെ നിശ്ചയിച്ചത്.
ഇൗ കിരീട വിജയത്തോടെ ആഭ്യന്തര ഫുട്ബോളില്‍ പിഎസ്ജിക്ക് മൂന്ന് കിരീടങ്ങളായി. ആറു വര്‍ഷത്തിനുള്ളില്‍ ഇത് നാലാം തവണയാണ് പിഎസ്ജി ആഭ്യന്തര ഫുട്ബോളില്‍ ഈ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞാഴ്ച നടന്ന ഫ്രഞ്ച് കപ്പ് ഫൈനലില്‍ സെന്റ് എറ്റിയെന്നെ മടക്കമില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് പിഎസ്ജി കിരീടം നേടി. ഈ സീസണിലെ ലീഗ് വണ്‍ കിരീടവും പിഎസ്ജിക്കായിരുന്നു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലീഗ് വണ്‍ മത്സരങ്ങള്‍ റദ്ദാക്കുകയും പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് നിന്ന പിഎസ്ജിയെ ജേതാക്കളായി പ്രഖ്യാപിക്കുകയും ചെയ്തു.
ഫൈനല്‍ പെനാല്‍റ്റിയിലേക്ക് നീങ്ങുന്നതിന് മുമ്പ് നിശ്ചിത സമയത്ത് തന്നെ വിജയം നേടാന്‍ പിഎസ്ജിക്ക് ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചതാണ്. പക്ഷെ ലിയോണിന്റെ പ്രതിരോധം തകര്‍ക്കാന്‍ പിഎസ്ജിക്ക് കഴിഞ്ഞില്ല. പരിക്കേറ്റ സ്ട്രൈക്കര്‍ കൈലിയന്‍ എംബാപ്പെയുടെ അഭാവവും പിഎസ്ജിയുടെ പ്രകടനത്തെ ബാധിച്ചു.
ഇനി പിഎസ്ജിയുടെ കണ്ണ് ചാമ്പ്യന്‍സ് ലീഗിലാണ്. ഈ മാസം 12ന് പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അവര്‍ സീരി എ ടീമായ അറ്റ്ലാന്റയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: