തൃശൂര്‍: സംസ്ഥാനത്ത് ഒന്നര മാസമായി തുടരുന്ന ട്രോളിങ് നിരോധനം അവസാനിച്ചതോടെ തീരദേശങ്ങള്‍ ഉണര്‍ന്നു. വറുതികാലം കഴിഞ്ഞു ചാകര തുണയ്ക്കുമെന്ന പ്രതീക്ഷയിലാണു മത്സ്യ തൊഴിലാളികള്‍. 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധന കാലത്തിനാണ് വിരാമമായത്.
ഇതോടെ തീരമേഖലകള്‍ വീണ്ടും സജീവമായി. ഒന്നര മാസത്തില്‍ അധികം നീണ്ട വറുതി കാലത്തിനു ശേഷം പ്രതീക്ഷയോടെ വല എറിയുകയാണ് കടലിന്റെ മക്കള്‍. അനുബന്ധ മേഖലകളായ ഐസ് ഉത്പാദനം, ഡീസല്‍ പമ്പുകള്‍ തുടങ്ങിയവയും ഫിഷിങ് ഉത്സവ സീസണെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു. മീന്‍ തേടി മത്സ്യതൊഴിലാളികള്‍ വീണ്ടും കടലിലേക്ക് പുറപ്പെട്ടു. ജില്ലയില്‍ അഴീക്കോട്, ചേറ്റുവ, ചാവക്കാട് കടപ്പുറം, മുനക്കകടവ്, തൃപ്രയാര്‍, നാട്ടിക തുടങ്ങിയ തീരദേശമേഖലകളിലുള്ള മത്സ്യ തൊഴിലാളികള്‍ ബോട്ടുകളും വള്ളങ്ങളുമായി മീന്‍പിടിക്കാന്‍ യാത്രയായി. പലരും വായ്പ എടുത്തും പണയം വച്ചുമാണ് ബോട്ടുകള്‍ നവീകരിക്കുന്നതിനാവശ്യമായ തുക കണ്ടെത്തിയത്.
മീനിലിടാനുള്ള ഐസടക്കം പൊടിച്ച് ബോട്ടുകളില്‍ നിറച്ചു വെക്കുന്ന തിരക്കിലായിരുന്നു തൊഴിലാളികള്‍. ട്രോളിങ് നിരോധനത്തെ തുടര്‍ന്ന് മീന്‍ പിടിക്കാന്‍ പോകാന്‍ കഴിയാത്തതിനാല്‍ നൂറുക്കണക്കിന് മത്സ്യതൊഴിലാളി കുടുംബങ്ങള്‍ ദുരിതത്തിലായിരുന്നു. മത്സ്യതൊഴിലാളികള്‍ക്ക് പുറമേ ബോട്ടുകളിലെ തൊഴിലാളികളും പീലിങ് ഷെഡ് തൊഴിലാളികള്‍ക്കും തൊഴില്‍ ഇല്ലാതായി. ട്രോളിങ് നിരോധനത്തിനു ശേഷമുള്ള മാസങ്ങള്‍ മത്സ്യ സമൃദ്ധിയുടേതാകുമെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു. മീനിന്റെ വറുതിക്ക് അറുതിയാകുമെന്ന പ്രതീക്ഷയിലാണ് ജനം. ട്രോളിങ് അവസാനിക്കുന്നതോടെ മത്സ്യവില കുറയുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതേ സമയം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നൂറുക്കണക്കിന് തൊഴിലാളികള്‍ കടലില്‍ പോകാനായി ഓരോ വര്‍ഷവും തീരങ്ങളിലെത്താറുണ്ട
എന്നാല്‍ കൊറോണയെ തുടര്‍ന്ന് ബംഗാള്‍ ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളില്‍ ഭൂരിഭാഗവും ഇതു വരെയും തിരിച്ചെത്തിയിട്ടില്ല. ഇക്കാരണത്താല്‍ കടലില്‍ പോകാന്‍ തൊഴിലാളികളുടെ ക്ഷാമം നിലവിലുണ്ട്. ഇതര സംസ്ഥാനത്തു നിന്ന് തിരിച്ചെത്തിയവര്‍ ക്വാറന്റീനില്‍ പോകാന്‍ തയ്യാറാകുന്നില്ല. ഇതിനാല്‍ തൊഴിലാളികളെ വിശ്വസിച്ച് ജോലിക്കെടുക്കാനും കഴിയാത്ത സ്ഥിതിയാണ്. കൊറോണ സമൂഹ വ്യാപനം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ വരവ് തീരമേഖലയില്‍ ആശങ്കക്കിടയാക്കുന്നുണ്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: