കോഴിക്കോട്: ട്രോളിംഗ് നിരോധനം ഇന്നലെ അര്‍ദ്ധരാത്രി അവസാനിച്ചെങ്കിലും ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ ആരും കടലില്‍ പോയില്ല. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പുതിയാപ്പ ഒഴികെയുള്ള ജില്ലയിലെ ഹാര്‍ബറുക ളെല്ലാം അടച്ചിട്ട നിലയിലാണ്. കോവിഡ് പശ്ചാത്തലത്തില്‍ പുതിയാപ്പയിലെ മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് ഈ മാസം പത്തുവരെ കടലില്‍ പോകണ്ടതില്ലെന്ന തീരുമാനവും എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്നലെ യന്ത്രവല്‍കൃത ബോട്ടുകളിലുള്ളവര്‍ കടലില്‍ പോകാതിരുന്നത്. ആഗസ്ത് അഞ്ചുവരെ കടലില്‍ പോകരുതെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശവും നിലവിലുണ്ട്. ജൂണ്‍ ഒന്‍പതിന് അര്‍ദ്ധരാത്രി മുതലാണ് ട്രോളിംഗ് നിരോധനം നിലവില്‍ വന്നത്. കോവിഡ് പ്രതിരോധത്തെ തുടര്‍ന്നുള്ള പ്രതിസന്ധികളുടെ ദുരിതത്തിനിടയിലാണ് ട്രോളിംഗ് നിരോധനം നിലവില്‍ വന്നത്. നിരോധനം അവസാനിച്ചിട്ടും കടലില്‍ പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് മനുഷ്യത്തൊഴിലാളികള്‍.
ഈ സാഹചര്യത്തില്‍ കടുത്ത ആശങ്കയാണ് കടലോരമേഖലയിലുള്ളത്. ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചിരുന്നതിനാല്‍ നിയന്ത്രണങ്ങളോടെ സാമൂഹിക അകലം പാലിച്ച് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയിരുന്നു. എന്നാല്‍ മത്സ്യലഭ്യത കുറവായതിനാല്‍ അവരുടെ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞു. ഇതിനിടെ ചുഴലിക്കാറ്റും കടല്‍ക്ഷോഭവും ഉള്‍പ്പെടെ കാലാവസ്ഥയില്‍ ഉണ്ടായ മാറ്റത്തെത്തുടര്‍ന്നുള്ള നിയന്ത്രണങ്ങളും മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രോളിംഗ് നിരോധനം വന്നത്. ട്രോളിംഗ് നിരോധനം കഴിഞ്ഞാല്‍ കടലില്‍ പോകാമെന്ന പ്രതീക്ഷയിലായിരുന്നു മത്സ്യത്തൊഴിലാളികള്‍.
യന്ത്രവല്‍കൃത ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും ട്രോളിംഗ് നിരോധനകാലത്തും നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് അനുമതിയുണ്ടായിരുന്നെങ്കിലും പല തീരദേശമേഖലകളും കണ്ടെയിന്മെന്റ് സോണില്‍ ആയതിനാലും ഹാര്‍ബറുകള്‍ അടച്ചിരുന്നതിനാലും തൊഴിലാളികള്‍ക്ക് കടലില്‍ പോകാനായിരുന്നില്ല. ബേപ്പൂരിലുള്പ്പെടെ മത്സ്യത്തൊഴിലാളികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത് മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ തന്നെ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: