ബാലുശ്ശേരി: രോഗശയ്യയില്‍ കഴിയുന്ന ദമ്പതികള്‍ക്ക് ഒന്നര മാസം കൊണ്ട് വീടൊരുക്കി മാതൃകയാകുകയാണ് സേവാ സമിതി കൂട്ടായ്മ. പനങ്ങാട് പഞ്ചായത്തിലെ ഇരുപതാം വാര്‍ഡിലെ പുതിയകാവ് നെരവത്ത് മീത്തല്‍ ഗംഗാധരന് (65) ഭാര്യ വിലാസിനി (60) ദമ്പതികള്‍ക്കാണ് പുതിയകാവ് ഗോകുലം ഗ്രാമസേവാസമിതിയും ജീവധാര ചാരിറ്റബിള്‍ ട്രസ്റ്റ് ബാലുുശ്ശേരിയും ചേര്‍ന്ന് വീട് നിര്‍മ്മിച്ചത്.
കൊറോണ രോഗ വ്യാപനവും ലോക് ഡൗണും വന്നതോടെ പ്രയാസത്തിലായ പ്രദേശത്തെ കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ് നല്കാന് വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് സേവാ പ്രവര്‍ത്തകര്‍ ഗംഗാധരനും ഭാര്യയും താമസിക്കുന്ന ഷീറ്റ് വലിച്ച് കെട്ടിയ കൂരയില്‍ എത്തിയത്.
കിടപ്പ് രോഗികളായ രണ്ട് പേരുടേയും ദുരിതാവസ്ഥ കണ്ടതോടെയാണ് സേവാ പ്രവര്‍ത്തകര്‍ വീട് നിര്‍മ്മിച്ച് നല്‍കുന്നതിനെ കുറിച്ച് ചിന്തിച്ചത്. ഗംഗാധരന്റെ ഉടമസ്ഥതയിലുള്ള മൂന്ന് സെന്റ് സ്ഥലത്തെ ഷെഡില്‍ കഴിഞ്ഞിരുന്ന ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റി. സുരക്ഷിതമായ ഒരു ഓട് മേഞ്ഞ വീട് നിര്‍മ്മാണം അതിവേഗം പൂര്‍ത്തിയാക്കി. സാമ്പത്തിക ബാധ്യത വന്നെങ്കിലും ഇവരെ ഉടനെ വീട്ടിലേക്ക് താമസിപ്പിക്കാനായിരുന്നു
സമിതിയുടെ ആഗ്രഹം. കെ.എം പ്രതാപന്, രാരോത്ത് സലേഷ്, മിഥുന് പാലോളി, ഷൈജു കണ്ണാടിപ്പൊയില്‍ തുടങ്ങിയവരാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പ്രവര്‍ത്തകര്‍ ശ്രമദാനമായാണ് പണി പൂര്‍ത്തിയാക്കിയത്. വീടിന്റെ താക്കോല്‍ ദാനം നാളെ രാവിലെ 8.30 ന് ആര് എസ് എസ് പ്രാന്ത കാര്യവാഹ് പി ഗോപാലന്‍കുട്ടി മാസ്റ്റര്‍ നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: