മേപ്പയ്യൂര്‍: കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ച മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ഇന്നലെ നടത്തിയ കോവിഡ് പരിശോധന താളംതെറ്റി. ക്വാറന്റൈനില്‍ കഴിയുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി നടത്തിയ പരിശോധന ആയിരുന്നിട്ട് പോലും ലിസ്റ്റില്‍ ഉള്‍പ്പെട്ട പലര്‍ക്കും പരിശോധന നടത്താനായില്ല. ഒരു വാര്‍ഡില്‍ നിന്നും ഇരുപത് പേര്‍ക്കാണ് പരിശോധന നിശ്ചയിച്ചിരുന്നത്. ക്വാറന്റൈനില്‍ കഴിയുന്നവരെ പരിശോധനാ ക്യാമ്പില്‍ വിളിച്ചു വരുത്തി പരിശോധന നടത്താതെ തിരിച്ചയച്ച നടപടി പ്രതിഷേധത്തിനിടയാക്കി. പരിശോധനയ്ക്ക് എത്തിയവരെ അകലം പാലിച്ചല്ല വരിയില്‍ നിര്‍ത്തിയതെന്നും മാനദണ്ഡ ങ്ങള് പാലിച്ചില്ലെന്നും പരാതിയുണ്ട്. വേണ്ടത്ര കിറ്റ് ഇല്ലായിരുന്നുവെന്നാണ് പറയുന്നതെങ്കിലും രാഷ്ട്രീയസ്വാധീനത്താല്‍ സ്വന്തക്കാരെ തിരുകി കയറ്റിയെന്നും ആരോപണമുണ്ട്. പഞ്ചായത്തില്‍ നാല് പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇവരുടെ സമ്പര്‍ക്ക പട്ടികയില്പ്പെട്ടവര്ക്കാണ് ഇന്നലെ പരിശോധന നടത്തിയത്.
ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ നാലു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ മൂന്നു പേര് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുക്കളാണ്. നാലാമത്തെ ആള് മഞ്ഞക്കുളം റേഷന്‍ കടയിലെ ജീവന ക്കാരനാണ്. പോസിറ്റീവ് ആയ വ്യക്തികളുമായി ജൂണ്‍ 21 മുതല്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുഴുവന്‍ വ്യക്തികളും ക്വാറന്റൈനില്‍ കഴിയണം. റിസള്‍ട്ട് നെഗറ്റീവ് ആയവരും 2 7 മുതല്‍ 14 ദിവസം ക്വാറന്റൈനില്‍ തുടരണമെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
കോവിഡിനെപ്പോലും രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിക്കുന്ന മേപ്പയ്യൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പൊതുജനവികാരം ഉയരണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ലിസ്റ്റില്‍ ഉള്‍പ്പെട്ട് ക്യാമ്പില്‍ എത്തിച്ചവരെപ്പോലും പരിശോധന നടത്താതെ തിരിച്ചയച്ച നടപടി പ്രതിഷേധാര്‍ഹമാണ്. ഭരണസമിതി സ്വജനപക്ഷപാതം കാണിച്ചതുകൊണ്ടാണ് മുഴുവന്‍ പേര്‍ക്കും ടെസ്റ്റ് നടത്താന്‍ കഴിയാതെ പോയതെന്നും ബിജെപി മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. ബൈജു കൊളോറോത്ത്, മധു പുഴയരികത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: