Categories: Article

ശ്രീരാമന്റെ നിറം തേടുന്നവര്‍

ശ്രീരാമന്റെ ജന്മസ്ഥാനത്ത് ക്ഷേത്ര നിര്‍മ്മാണത്തിന് ആഗസ്റ്റ് 5ന് ശിലയിടുമ്പോള്‍ പ്രധാനമന്ത്രി പോകുമെന്നതില്‍ ഇനി രണ്ടഭിപ്രായമില്ല. പ്രധാനമന്ത്രി ശിലയിടുന്ന ചടങ്ങ് ദൂരദര്‍ശന്‍ മാത്രമല്ല ഇന്ത്യക്കകത്തും പുറത്തുമുള്ള ടിവികളും തല്‍സമയം സംപ്രേഷണം ചെയ്യും.

ശ്രീരാമന്റെ നിറം കാവിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാമന്റെ നിറം നോക്കിയല്ല ശതകോടിയിലേറെ ജനങ്ങള്‍ ശ്രീരാമനില്‍ ആകൃഷ്ടനായത്. മര്യാദാപുരുഷോത്തമനായ ശ്രീരാമന് ഏത് നിറവും ചേരും. രാമനെ കാവിയില്‍ മുക്കിയെടുക്കുന്നു എന്ന കോടിയേരിയുടെ വിലാപം ശ്രീരാമനോട് കോടാനുകോടി ജനങ്ങള്‍ ആഭിമുഖ്യം പുലര്‍ത്തുന്നു എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ്.

ശ്രീരാമന്റെ ജന്മസ്ഥാനത്ത് ക്ഷേത്ര നിര്‍മ്മാണത്തിന് ആഗസ്റ്റ് 5ന് ശിലയിടുമ്പോള്‍ പ്രധാനമന്ത്രി പോകുമെന്നതില്‍ ഇനി രണ്ടഭിപ്രായമില്ല. പ്രധാനമന്ത്രി ശിലയിടുന്ന ചടങ്ങ് ദൂരദര്‍ശന്‍ മാത്രമല്ല ഇന്ത്യക്കകത്തും പുറത്തുമുള്ള ടിവികളും തല്‍സമയം സംപ്രേഷണം ചെയ്യും. അങ്ങനയൊരു അവസ്ഥ എത്ര കാലമെടുത്താലും സിപിഎമ്മിന് ഉണ്ടാക്കാനാവില്ല. രാമനോടുള്ള പുതിയ ഭക്തി, വിരോധത്തില്‍ നിന്നുടലെടുത്തതാണ്. അയോധ്യയില്‍ രാമക്ഷേത്രം ഉയരുന്നത് ഒരു പുതിയ പരിഷ്‌കാരത്തിനും സംസ്‌കാരത്തിനുമാണ് വഴിവയ്‌ക്കുക.

സംസ്ഥാനം ഇടതുഭരണത്തില്‍ ഏറെ പരിഷ്‌കാരം നേടി എന്നാണ് നേതാക്കളും ചില മന്ത്രിമാരും അവകാശപ്പെടുന്നത്. പരിഷ്‌കരിച്ച മേഖലകള്‍ ഏതൊക്കെ എന്ന് ചോദിച്ചാല്‍ കൈമലര്‍ത്തും. പരിഷ്‌കാരത്തെ പിറകോട്ടടിക്കാനാണ് പ്രതിപക്ഷത്തുള്ളവരുടെ പരിശ്രമമെന്ന് പ്രസ്താവിച്ചത് ഇ.പി.ജയരാജന്‍ മന്ത്രിയാണ്. മന്ത്രി പറഞ്ഞത് പരിശോധിച്ചാല്‍ പരിഷ്‌കാരവും വികസനവും ചില ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും പോക്കറ്റുകള്‍ക്കാണെന്നുമാത്രം.

നേരത്തെ വില്ലേജ് ആഫീസുകളിലും താലൂക്ക് ഓഫീസുകളിലും ഏറിയാല്‍ കളക്ടറേറ്റുകളിലുമുള്ള ചില ഉദ്യോഗസ്ഥരാണ് കൈക്കൂലിക്കാരെന്നാണ് കേട്ടിരുന്നത്. ഇവര്‍ പിടിക്കപ്പെട്ടാല്‍ വലിയ വാര്‍ത്തകളും കാണാറുണ്ട്. പിടിക്കപ്പെടാതെ എങ്ങിനെ കൈക്കൂലി തരപ്പെടുത്താം എന്ന് പരീക്ഷിച്ച് വിജയിച്ചത് ഇടതു മുന്നണി ഭരണത്തിലാണ്. ക്രെഡിറ്റ് കാര്‍ഡ് വഴി കൈക്കൂലി സ്വീകരിക്കാനും നല്‍കാനുമുള്ള മാര്‍ഗമാണ് വിജയകരമായി പരീക്ഷിച്ചതത്രേ. കണ്‍സള്‍ട്ടന്‍സി കമ്പനികളാണതിന് പിന്നിലെന്നും വാര്‍ത്ത വന്നു. കണ്‍സള്‍ട്ടന്‍സി കമ്പനികളുടെ സഹായമില്ലാതെ പദ്ധതികള്‍ നടത്താനാവില്ലെന്നും വികസനം വരുത്താനാകില്ലെന്നും കണ്ടെത്തിയ മന്ത്രികൂടിയാണ് ജയരാജന്‍.

ഒരു കണ്‍സള്‍ട്ടന്‍സിയുടെയും പിന്‍ബലമില്ലാതെ പദ്ധതികള്‍ പ്രഖ്യാപിക്കുകയും അത് വിജയകരമായി പൂര്‍ത്തിയാക്കുകയും കുഴപ്പമില്ലാതെ ജനസേവനം നടത്തുകയും ചെയ്ത ചരിത്രം കേരളത്തിനുണ്ട്. പക്ഷേ അത് ജനായത്ത ഭരണത്തിലല്ലെന്ന് മാത്രം. രാജഭരണകാലത്തെ നേട്ടങ്ങളേക്കാള്‍ എന്ത് പരിഷ്‌കരണമാണ് ആറ് പതിറ്റാണ്ട് കഴിഞ്ഞു പോകുന്ന ഐക്യകേരളത്തിനുണ്ടാക്കാന്‍ കഴിഞ്ഞത്?

വൈദ്യുതി പദ്ധതികള്‍, സര്‍വകലാശാല, റോഡുകള്‍, പാലങ്ങള്‍, വ്യവസായശാലകള്‍ എന്നിവയെല്ലാം തിരുവിതാംകൂര്‍ രാജാക്കന്മാര്‍ കെട്ടിപ്പൊക്കിയിട്ടില്ലെ? ഏത് കണ്‍സള്‍ട്ടന്‍സി കമ്പനിയാണ് അതിനൊക്കെ വന്‍തുക കമ്മീഷന്‍ പറ്റിയത്? കണ്‍സള്‍ട്ടന്‍സി കമ്പനികള്‍ക്ക് പക്ഷേ ഇപ്പോഴൊരു മാന്യതയും മര്യാദയുമുണ്ട്. ഒരുതരം കൊടുക്കല്‍ വാങ്ങല്‍. കരാറുറപ്പിക്കുന്ന കാശ് ഫിഫ്റ്റി ഫിഫ്റ്റി. പിടിക്കപ്പെടാതിരിക്കാനാണ് ക്രെഡിറ്റ് കാര്‍ഡിന്റെ ഉപയോഗം. അത് നന്നായി പ്രയോജനപ്പെടുത്താന്‍ കഴിയുന്നുണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം. അതോടൊപ്പം വിദേശയാത്രകളും വിലകൂടിയ സമ്മാനങ്ങളും തരപ്പെടുത്തിക്കൊടുക്കാനുള്ള തന്ത്രങ്ങളൊന്നും പട്ടിണിപ്പാവങ്ങളായ സാധാരണക്കാരന് ഊഹിക്കാന്‍ പോലും കഴിയില്ല. അത്തരം ഇടപാടുകളാണ് ഇവിടെ പൊടിപൊടിക്കുന്നത്. പാവപ്പെട്ടവന്റെ പേരിലാണ് ഇതൊക്കെ എന്ന് കേള്‍ക്കുമ്പോഴാണ് അമ്പരന്നുപോകുന്നത്.

സമ്പൂര്‍ണ സാക്ഷരതയും വൈദ്യുതീകരണവും ശൗചാലയങ്ങളുമെല്ലാം ഉള്ള സംസ്ഥാനമാണ് കേരളമെന്ന് അവകാശപ്പെടാറുണ്ടല്ലോ. പക്ഷേ വൈദ്യുതീകരണത്തിന്റെയും ശൗചാലയത്തിന്റെയും കാര്യം പൊങ്ങച്ചമാണെന്നാണ് തെളിഞ്ഞുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സെന്‍സസ് പ്രകാരം സംസ്ഥാനത്തെ പട്ടികജാതി ജനസംഖ്യ 30,39,573. പട്ടികവര്‍ഗ ജനസംഖ്യ 8,84,839. പട്ടികജാതിക്കാരുടെ ഉന്നമനത്തിനായി 15 വര്‍ഷത്തിനിടയില്‍ പട്ടികജാതി വികസന വകുപ്പും തദ്ദേശ സ്ഥാപനങ്ങള്‍ വഴിയും 19233.32 കോടി രൂപ ചെലവാക്കിയെന്നാണ് ഔദ്യോഗിക കണക്ക്.  പട്ടികവര്‍ഗ വകുപ്പ് 5133.32 കോടിരൂപയും ചെലവഴിച്ചു. ഇത് ചെലവാക്കാന്‍ വലിയ വലിയ വാഗ്ദാനങ്ങള്‍ നല്‍കി. അത് വനവാസി കോളനികള്‍ക്ക് മുകളില്‍ നിഴല്‍ പരത്തിയതല്ലാതെ മറ്റൊന്നും സംഭവിപ്പിച്ചില്ല. കോളനികളിലെ ദുരവസ്ഥ 15 വര്‍ഷം മുന്‍പ് എങ്ങനെയാണോ അതേപടി തുടരുന്നു. പിന്നെ അനുവദിച്ചു എന്നുപറയുന്ന തുക എങ്ങോട്ടുപോയി? ഒരു ഉത്തരവുമില്ല. ഭരണ തലപ്പത്ത് ആരിരുന്നാലും നിലപാടുമില്ല നീതിയുമില്ല. വനവാസികളുടെ ദുരിതത്തിന് ഒരു പരിഹാരവുമില്ല. ചോദിക്കാനും പറയാനും കെല്‍പ്പില്ലാത്ത ജനവിഭാഗങ്ങളുടെ ആവശ്യങ്ങള്‍ തിരസ്‌കരിക്കപ്പെടുന്ന ദയനീയ ചിത്രമാണ് കേരളത്തിലുള്ളത്. കൊട്ടിഘോഷിക്കുന്ന പരിഷ്‌കാരങ്ങളെക്കുറിച്ച് ഒന്നും അറിയുന്നില്ല. ഈ തിരസ്‌ക്കരിക്കപ്പെടുന്ന ജനവിഭാഗം. ആ ജനവിഭാഗത്തില്‍ നിന്ന് ഒരു വ്യക്തിയെ രാഷ്‌ട്രപതി സ്ഥാനത്ത് എത്തിച്ചു. ഒരു പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഒരാളെ പ്രധാനമന്ത്രിയുമാക്കി.  

പുതിയ വിദ്യാഭ്യാസ നയത്തില്‍ പട്ടികജാതി-വര്‍ഗ വിഭാഗത്തിന് മുന്തിയ പരിഗണന നല്‍കുന്നു. അടിസ്ഥാന ജനവിഭാഗത്തിന് അര്‍ഹതപ്പെട്ടതെല്ലാം നേരിട്ട് ലഭ്യമാക്കാന്‍ അക്ഷീണം പരിശ്രമിക്കുന്നവര്‍, ശ്രീരാമക്ഷേത്രത്തിനുവേണ്ടിയും പ്രയത്‌നിക്കുമ്പോള്‍ അതിനോട് ആഭിമുഖ്യം ഏറും. കാവിയെ സ്‌നേഹിക്കുന്നവരോട് കറുപ്പും ചുവപ്പുമെല്ലാം യോജിച്ചുനീളും. ഇഎംഎസിന്റെയും എകെജിയുടെയും കുടുംബം അയോധ്യയിലേക്ക് ശില പൂജിച്ചു നല്‍കിയെങ്കില്‍ അത് കാവിയിലുള്ള വിശ്വാസം കൊണ്ടുതന്നെയാണ്. കാവിയോട് മാത്രമല്ല കറുപ്പിനോടും ഒട്ടും മമതയില്ലാത്ത കക്ഷിയായതുകൊണ്ടാണ് കറുത്തവര്‍ഗ്ഗത്തിന് അര്‍ഹിക്കുന്നതെല്ലാം സിപിഎം തിരസ്‌കരിക്കുന്നത്. ഇതെല്ലാം തിരിച്ചറിയുമ്പോള്‍ ചുവപ്പിനെ തിരസ്‌കരിച്ച് കാവിയിലേക്ക് വരുന്നവരുടെ എണ്ണവും കൂടും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക