Categories: Article

ലോകമാന്യ ബാല ഗംഗാധര തിലക് ഓര്‍മ്മയുടെ നൂറു വര്‍ഷം; ധീരതയുടെ ആള്‍രൂപം

ഭാരതം സ്വാതന്ത്ര്യം പ്രാപിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഉണര്‍വ്വിന്റെ സൂര്യകിരണങ്ങള്‍ നമ്മെ തേടിയെത്തുന്നത് ഇപ്പോള്‍ മാത്രമാണ്. മുന്‍പ് ചില മുന്നേറ്റങ്ങള്‍ അക്കമിട്ട് നിരത്തുമ്പോഴും ഒരു അസ്വസ്ഥത നമ്മെ ചൂഴ്ന്നു നിന്നിരുന്നു. ഒരു പക്ഷെ നൂറ്റാണ്ടുകളുടെ വിദേശ ആധിപത്യം നമ്മിലേല്‍പ്പിച്ച ആഘാതമായിരിക്കാം. അതുകൊണ്ട് സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് ഒരു സ്വത്വം നഷ്ടപ്പെട്ട പ്രതീതിയായിരുന്നു എന്ന് ചില ചിന്തകര്‍ ചരിത്രത്താളുകളില്‍ രേഖപ്പെടുത്തിയതായി കാണാം.

ഭാരതം സ്വാതന്ത്ര്യം പ്രാപിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഉണര്‍വ്വിന്റെ സൂര്യകിരണങ്ങള്‍ നമ്മെ തേടിയെത്തുന്നത് ഇപ്പോള്‍ മാത്രമാണ്. മുന്‍പ് ചില മുന്നേറ്റങ്ങള്‍ അക്കമിട്ട് നിരത്തുമ്പോഴും ഒരു അസ്വസ്ഥത നമ്മെ ചൂഴ്ന്നു നിന്നിരുന്നു. ഒരു പക്ഷെ നൂറ്റാണ്ടുകളുടെ വിദേശ ആധിപത്യം നമ്മിലേല്‍പ്പിച്ച ആഘാതമായിരിക്കാം. അതുകൊണ്ട് സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് ഒരു സ്വത്വം നഷ്ടപ്പെട്ട പ്രതീതിയായിരുന്നു എന്ന് ചില ചിന്തകര്‍ ചരിത്രത്താളുകളില്‍ രേഖപ്പെടുത്തിയതായി കാണാം. ഇന്നും സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നുവെങ്കില്‍ അത് അവര്‍ കൗശലപൂര്‍വ്വം നമ്മിലേല്‍പ്പിച്ച  രാജനൈതിക തന്ത്രം ആണ്. ബ്രിട്ടീഷ് ഭരണത്തിന്റെ സുഖശീതളച്ഛായയെ വര്‍ണ്ണിക്കാന്‍ ഇപ്പോഴും ചില മേലാളന്മാര്‍ അച്ചുനിരത്തുന്നുണ്ട്. ഇന്നും നമ്മെ വിട്ടുമാറാത്ത അനൈക്യത്തിന്റെ ആസുരിക ബീജങ്ങള്‍ നമ്മള്‍ തിരിച്ചറിയണം. വൈദേശിക ഭീകരതയ്‌ക്ക് എതിരെ ആത്മാഭിമാനത്തോടെ പോരാടി ബലിദാനികളായ വീരാത്മക്കളോടുള്ള നീതി നാം പലപ്പോഴും മറന്നു പോകുന്നു. അവരുടെ ജീവത്യാഗം നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ സുവര്‍ണ രേഖയായി ജ്വലിച്ച് നമ്മുടെ മനസ്സില്‍ നില്‍ക്കുകയും അവരുടെ പ്രൗഢോജ്ജ്വലമായ ജീവിത രേഖകള്‍ വരുംതലമുറയ്‌ക്ക് മാര്‍ഗ ദര്‍ശനമാകാന്‍ ഉതകുകയും ചെയ്യണം.  ഇന്ത്യ കണ്ട ഏറ്റവും ധീരനായ ദേശാഭിമാനി സര്‍ദാര്‍ വല്ലഭ ഭായ് പട്ടേല്‍ പോലും ഈ അടുത്തകാലം വരെ ജനഹൃദയങ്ങളില്‍ ദൃഷ്ടിഗോചരമാകാതെ ചരിത്രത്താളുകളില്‍ ചാരം മൂടി കിടക്കുകയായിരുന്നല്ലോ.  അദ്ദേഹത്തിന് അര്‍ഹിക്കുന്ന ആദരം നല്‍കാനും,ജനഹൃദയങ്ങളില്‍ സ്മാരക ഗോപുരമായി ഉയര്‍ത്താനും നരേന്ദ്രമോദി സര്‍ക്കാര്‍ കാണിച്ച ആത്മാര്‍ത്ഥത പ്രകീര്‍ത്തിക്കാതെ വയ്യ.  

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ രക്തരഹിത വിപ്ലവം എന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും 1857 ല്‍ പൊട്ടിപ്പുറപ്പെട്ട ശിപായി ലഹളയോട് അനുബന്ധിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ തൂക്കിലേറ്റിയ മംഗല്‍ പാണ്ഡെ എന്ന് ബ്രാഹ്മണ യുവാവിന്റെ ചരിത്രം മുതല്‍ എത്രയോ ധീര ദേശാഭിമാനികള്‍, ഭാരതാംബയുടെ മോചനത്തിനായി ബലിയര്‍പ്പിക്കപ്പെട്ടുവെന്ന് പുനര്‍വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. സര്‍ദാര്‍ വല്ലഭഭായി പട്ടേലിനോടൊപ്പം കൂട്ടി വായിക്കാന്‍ മഹായോഗി അരവിന്ദ് ഘോഷ്, സ്വതന്ത്രവീരവിനായക ദാമോദര സവര്‍ക്കര്‍, സദ്ഗുരു രാംസിംഗ്, ലോകമാന്യ ബാലഗംഗാധരതിലക് തുടങ്ങിയ ധീരവിപ്ലവ നായകന്മാരുടെ നീണ്ടനിര തന്നെ ചരിത്ര താളുകളില്‍  അവശേഷിക്കുന്നു. ബ്രിട്ടീഷ് മേല്‍ക്കോയ്മക്കെതിരെ ജീവിതാന്ത്യം വരെ പോരാടിയവരില്‍ പ്രമുഖനായിരുന്നു ലോകമാന്യ ബാലഗംഗാധര തിലക്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സൂര്യതേജസ്സോടെ ഉദിച്ചുയര്‍ന്ന് ”സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് അത് ഞാന്‍ നേടുക തന്നെ ചെയ്യും” എന്ന സിംഹഗര്‍ജ്ജനം നടത്തിയ ഭാരതാംബയുടെ നിര്‍ഭയനായ പ്രിയപുത്രന്‍ ബാലഗംഗാധരതിലക്, തികഞ്ഞ രാജ്യസ്‌നേഹി, കറകളഞ്ഞ സേവനതല്‍പ്പരത, അസാമാന്യ സംഘടനാപാടവം, സംസ്‌കൃത പണ്ഡിതന്‍, സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മുന്നണി പോരാളി, രാഷ്‌ട്രീയ നേതാവ്, പത്രപ്രവര്‍ത്തകന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ്, നല്ല വാഗ്മി തുടങ്ങിയ വിശേഷണങ്ങള്‍ ഏറെ ചാര്‍ത്തിക്കിട്ടിയ ചരിത്രപുരുഷന്‍. ധീരതയുടെ ആ ആള്‍രൂപത്തിന്റെ ഓര്‍മ്മക്ക് വര്‍ഷങ്ങളുടെ കണക്കില്‍ ഇന്ന് നൂറു തികയും.  

1920 ആഗസ്റ്റ് 1 നാണ് ധീരദേശാഭിമാനിയുടെ സമര്‍പ്പണ ജീവിതം പഞ്ചഭൂതങ്ങളില്‍ വിലയം പ്രാപിച്ചത്. സ്വധര്‍മ്മവും സ്വകര്‍മ്മവും തിരിച്ചറിഞ്ഞ കര്‍മ്മയോഗിക്ക് ഇന്നും ചരിത്രത്തിന്റെ മുന്‍ നിരയിലേക്ക് സ്ഥാനം നല്‍കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല എന്നത് ഖേദകരം തന്നെ. മഹാരാഷ്‌ട്രയില്‍ കൊങ്കണ്‍ തീരത്തുള്ള രത്‌നഗിരിയില്‍ സാധാരണ ഒരു ബ്രാഹ്മണ കുടുംബത്തില്‍ 1856 ജൂലൈ 23 ന് രാമചന്ദ്ര തിലക് എന്ന സ്‌കൂള്‍ അദ്ധ്യാപകന്റെ മകനായിട്ട് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പൂനയില്‍ ഡക്കാണ്‍ കോളേജില്‍ നിന്ന് ഗണിത ശാസ്ത്രത്തില്‍ ബിരുദവും തുടര്‍ന്ന് ബോംബെ ഗവ.ലോ കോളേജില്‍ നിന്നും നിയമബിരുദവും നേടിയ അദ്ദേഹം പൊതുപ്രവര്‍ത്തനത്തിലും ആകൃഷ്ടനായിരുന്നു.  വാസുദേവ ബല്‍വന്ത്ഫട്‌കേ, മഹര്‍ഷി അണ്ണാസാഹിബ് പട്‌വര്‍ദ്ധന്‍, വിഷ്ണു ശാസ്ത്രി എന്നിവരുടെ പ്രേരണയും സാന്നിദ്ധ്യവും തിലകനില്‍ സ്വാധീനം ചെലുത്തി. ഇവരിലൂടെ കലര്‍പ്പില്ലാത്ത സ്വതന്ത്രചിന്താബോധവും ഭാരതീയ കാഴ്ചപ്പാടിനെക്കുറിച്ചും, സമഗ്രമായി പഠിക്കാനും തിരിച്ചറിയാനും അദ്ദേഹത്തെ സഹായിച്ചു.  ജനകീയ വിദ്യാഭ്യാസം പ്രാവര്‍ത്തികമാക്കാന്‍ വിഷ്ണു ശാസ്ത്രി 1880 ല്‍ ആരംഭിച്ച ന്യൂ ഇംഗ്ലീഷ് സ്‌കൂളിലെ അദ്ധ്യാപകനായിട്ടാണ് അദ്ദേഹം പൊതുജീവിതം  ആരംഭിച്ചത്. കഴിവുറ്റ പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. തന്റെ ചിന്താധാരകള്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ കേസരി എന്ന പേരില്‍ മറാഠി ഭാഷയിലും ഇംഗ്ലീഷില്‍ മാറാത്ത എന്നീ പ്രസിദ്ധീകരണങ്ങളും ആരംഭിച്ചിരുന്നു. ബ്രിട്ടീഷ് അടിച്ചമര്‍ത്തലുകള്‍ക്കെതിരെ സ്വാഭിമാനത്തോടെയും സ്വതന്ത്രവുമായി ചിന്തിച്ച് ശക്തമായ പ്രതിഷേധ ജ്വാല ഉയര്‍ത്താന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു.  എന്നാല്‍ കോണ്‍ഗ്രസ് എന്ന ചട്ടക്കൂട്ടില്‍ നിന്ന് രാഷ്‌ട്ര പുനര്‍ നിര്‍മ്മാണത്തിന് ആക്കം കൂട്ടാന്‍ കഴിയില്ലെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

കോണ്‍ഗ്രസില്‍ ചേര്‍ന്നാണ് സമരങ്ങളില്‍ പങ്കെടുത്തിരുന്നതെങ്കിലും, നേതാജിയെപോലെ ബ്രിട്ടീഷുകാര്‍ക്കെതിരെ കര്‍ശന നിലപാടുകള്‍ സ്വീകരിക്കണമെന്ന തീവ്രനിലപാടായിരുന്നു അദ്ദേഹത്തിന്റേത്.  ഇന്നത്തെ കോവിഡ് വൈറസ് ബാധപോലെ രാജ്യവ്യാപകമായി 1897 ല്‍ പടര്‍ന്ന് പിടിച്ച പ്ലേഗ് എന്ന മഹാമാരിയെ നേരിടുന്നതില്‍ സര്‍ക്കാര്‍ കാണിച്ച അനാസ്ഥക്കെതിരെ ആഞ്ഞടിച്ച അദ്ദേഹത്തെ 1897 ജൂലൈയില്‍ രാജ്യദ്രോഹകുറ്റം ചുമത്തി ഒരു വര്‍ഷം ജയിലില്‍ അടച്ചു.  1905 ലെ ബംഗാള്‍ വിഭജനത്തെത്തുടര്‍ന്ന് നടന്ന സമരങ്ങളിലെ മുന്‍നിര പോരാളി ആയിരുന്ന അദ്ദേഹം വിദേശ സാധനങ്ങള്‍ ബഹിഷ്‌കരിക്കാനും സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും സ്വരാജ് നേടിയെടുക്കാനും ആഹ്വാനം ചെയ്ത് ബ്രിട്ടീഷ്‌കാര്‍ക്കെതിരെ നിരന്തരം  ആഞ്ഞടിച്ചു.  ബ്രിട്ടീഷ് ഭരണത്തിനെതിരെ ദേശീയ തലത്തില്‍ സമരങ്ങള്‍ സംഘടിപ്പിക്കുന്നതിനൊപ്പം നിശിതമായ വിമര്‍ശനങ്ങളോടു കൂടിയ ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.  ഇതെല്ലാം ബ്രിട്ടീഷുകാരെ പ്രകോപിപ്പിക്കുകും 1906 ജൂണ്‍ മാസം അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ബര്‍മ്മയിലെ മാന്‍ഡലേ ജയിലില്‍ അടയ്‌ക്കുകയും ചെയ്തു.  ജയില്‍വാസ സമയത്തും ആ രാജ്യസ്‌നേഹി വെറുതെ ഇരുന്നില്ല.  ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കുകയും ഗീതാരഹസ്യം എന്ന മഹത്തായ കൃതി രചിക്കുകയും ചെയ്തു. ആചാര്യ നരേന്ദ്ര ഭൂഷണ്‍ അതിന്റെ തര്‍ജ്ജമ എഴുതിയിട്ടുണ്ട്.  ആറ് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തെ ജയില്‍ മോചിതനാക്കിയത്. ജനഹൃദയങ്ങളില്‍ ദേശാഭിമാനം വളര്‍ത്തി അവരുടെ മനസില്‍ ബ്രിട്ടീഷ് സര്‍ക്കാരിനോടുള്ള അതൃപ്തിയും അസ്വസ്ഥതയും ആളിക്കത്തിച്ച് അവരെ പ്രബുദ്ധരാക്കി അവരുടെ ശക്തിയെയും സാമര്‍ത്ഥ്യത്തെയും സാമ്രാജ്യവിരുദ്ധ ശക്തികള്‍ക്കെതിരെ ഒന്നിപ്പിക്കുക എന്നതായിരുന്നു തിലകന്റെ ജീവിതലക്ഷ്യം.  അതിന് തന്റെ തൂലിക പ്രവര്‍ത്തനം മാത്രം പോരാ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഭാരതത്തിന്റെ ഹൃദയം ഗ്രാമീണ മേഖലയില്‍ ആണല്ലോ.  അവരെ പ്രബുദ്ധരാക്കാനും അടിമത്തത്തിന്റെ ആലസ്യത്തില്‍ ആണ്ട് കിടക്കുന്ന അവരെ ഉണര്‍ത്താനും പുതിയ മാര്‍ഗ്ഗങ്ങള്‍ തേടാനും അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. അന്ന് മഹര്‍ഷി അണ്ണസാഹിബ് പട്‌വര്‍ദ്ധന്റെ നേതൃത്വത്തില്‍ ഗണേശോത്സവം ഒരു പൊതു ജനോത്സവം ആക്കി മാറ്റിയിരുന്നു. ഗണേശോത്സവത്തിന്റെ മറവില്‍ അദ്ദേഹം ജനങ്ങളുടെ ആത്മാഭിമാനവും ദേശീയ ബോധവും വളര്‍ത്തി എടുത്തു. എന്നാല്‍ അതുകൊണ്ടും അദ്ദേഹത്തിന് തൃപ്തിയായില്ല. അവസാനം അദ്ദേഹം ഛത്രപതി ശിവജിയുടെ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി അതിലൂടെ തന്റെ പ്രയാണം ആരംഭിച്ചു.  

ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ നിന്നുകൊണ്ടു തന്നെ നാട്ടുരാജ്യങ്ങള്‍ക്ക് സ്വയം ഭരണപദവി ആവശ്യപ്പെട്ടുകൊണ്ട് 1916 ല്‍ ആനിബസന്റുമായി ചേര്‍ന്ന ഹോംറൂള്‍ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. 1891 ല്‍ പൂനെയിലെ മുനിസിപ്പല്‍ കൗണ്‍സിലിലും 1895 ല്‍ ബോംബെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലും ഇദ്ദേഹം അംഗമായിരുന്നു. 1894 ല്‍ ബോംബെ സര്‍വ്വകലാശായുടെ സൊസൈറ്റിയില്‍ ഫെലോ ആകാനും അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ ഈശ്വരവിശ്വാസവും ഭക്തിയും മതാചാരങ്ങളും രാഷ്‌ട്ര ചിന്തയും സ്വാതന്ത്ര്യ ബോധവും മാതൃകാപരവും പ്രചോദനാത്മകവും ആയിരുന്നു. അദ്ദേഹത്തിന്റെ ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും ഗാന്ധിജിയെ പോലും ആകര്‍ഷിച്ചിരുന്നു.

അളവറ്റ അറിവ്, അറ്റമറ്റ സ്വാര്‍ത്ഥത്യാഗം, ആജന്മദേശ സേവനം എന്നിവയാല്‍ ജനതയുടെ ഹൃദയക്ഷേത്രത്തില്‍ അദ്വിതീയ സ്ഥാനം അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നു എന്ന് മഹാത്മാഗാന്ധിയും, തിലകന്‍ തുടങ്ങിവെച്ചതിന്റെ മുകളില്‍ നിന്നുമാണ് മഹാത്മാ ഗാന്ധി തുടങ്ങിയതെന്ന നെഹ്‌റുവിന്റെ വാക്കുകളും അദ്ദേഹത്തിന്റെ കഴിവുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.  ഭാരതാംബയുടെ ഉള്‍വിളി കേട്ട് ആത്മധൈര്യവും ആത്മാര്‍ത്ഥതയും കൈമുതലാക്കി എണ്ണിയാല്‍ ഒടുങ്ങാത്ത യാതനയും വേദനയും സഹിച്ചും കൊടിയ മര്‍ദ്ദനമുറകള്‍ ഏറ്റും മാതൃരാജ്യത്തിനു വേണ്ടി സര്‍വ്വതും സമര്‍പ്പിച്ച ആ ധീരദേശാഭിമാനികളുടെ ഓര്‍മ്മ ഒരു യാഗാഗ്നിപോലെ കെടാവിളക്കായി നമ്മുടെ മനസ്സുകളില്‍ എരിഞ്ഞു നില്‍ക്കണം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക