അഞ്ചല്‍: ആര്‍എസ്എസ് അഞ്ചല്‍ താലൂക്ക് സംഘചാലകും സുകൃതം ബാലാശ്രമത്തിന്റെ അധ്യക്ഷനുമായിരുന്ന ഡോ. രാധാകൃഷ്ണന് വിടപറഞ്ഞിട്ട് ഇന്ന് ഒരുവര്‍ഷം. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് ഒന്നിനാണ് തമിഴ്നാട് പുളിയംകുടിക്ക് സമീപം വസുദേവനല്ലൂരിലുണ്ടായ വാഹനാപകടത്തില്‍ ഡോക്ടര്‍ മരണപ്പെട്ടത്.
1950 സെപ്തംബര്‍ 17ന് കായംകുളത്തിന് സമീപമുള്ള പള്ളിക്കല്‍ പാറയ്ക്കാട്ട് കുടുംബത്തില്‍ റിട്ട. തഹസീല്‍ദാര്‍ രാഘവന്റെയും റിട്ടയേര്‍ഡ് രജിസ്ട്രാര്‍ ശാരദയുടെയും മകനായി ജനിച്ച രാധാകൃഷ്ണന് ആലപ്പുഴ മെഡിക്കല്‍കോളേജില്‍ നിന്ന് എംബിബിഎസ് ഒന്നാം റാങ്കോടെ പാസായശേഷം സര്‍ക്കാര്‍ ഡോക്ടറായി 1973ലാണ് അഞ്ചലിലെത്തിയത്. തുടര്‍ന്ന് സര്‍ക്കാര്‍ സര്‍വ്വീസ് ഉപേക്ഷിച്ച് അഞ്ചലില്‍ പാറയ്ക്കാട്ട് ആശുപത്രി ആരംഭിക്കുകയും ജനങ്ങളുടെ ഡോക്ടര്‍ എന്ന പേര് സമ്പാദിക്കുകയുമായിരുന്നു. 1999 മുതല്‍ അദ്ദേഹം സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ എത്തിച്ചേരുകയും 2003 മുതല്‍ താലൂക്ക് സംഘചാലകായി ചുമതല ഏറ്റെടുക്കുകയുമായിരുന്നു.
കുട്ടിക്കാലം മുതല്‍ കായംകുളം ശ്രീരാമകൃഷ്ണാശ്രമവുമായുള്ള ബന്ധവും വേദപണ്ഡിതനായ അച്ഛന് വഴി ലഭിച്ച ആത്മീയ അന്വേഷണ താല്പര്യവും മൂലം ഡോക്ടര്‍ സേവാഭാരതിയുടെ ജീവകാരുണ്യ, സേവന പ്രവര്‍ത്തനങ്ങളുടെ നേതൃത്വത്തിലേക്കും അഞ്ചലിലാരംഭിച്ച സുകൃതം ബാലാശ്രമത്തിന്റെ സ്ഥാപനത്തിനും തുടര്‍ന്ന് നേതൃത്വത്തിലേക്കും എത്തുകയായിരുന്നു. ബാലാശ്രമത്തിന്റെ ഇന്നു കാണുന്ന വളര്‍ച്ചയ്ക്ക് നെടുനായകത്വം വഹിച്ചത് അദ്ദേഹമായിരുന്നു. അഞ്ചലിലെ ആദ്ധ്യാത്മിക കൂട്ടായ്മയായ അഞ്ചല്‍ സത്സംഗ സമിതി, വര്‍ഷം തോറും നടത്തപ്പെടുന്ന ഗീതാശിബിരം, രാമായണ സത്സംഗം, ആര്‍ട് ഓഫ് ലിവിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോക്ടര്‍ നേതൃത്വം നല്കി.
നിരന്തര സഞ്ചാരിയായ ഡോക്ടര്‍ ഹിമാലയത്തിലടക്കമുള്ള യോഗിമാരുടെയും സാധകരുടെയും കേന്ദ്രങ്ങളിലെ നിത്യ സന്ദര്‍ശകനായിരുന്നു. ഇത്തരത്തില്‍ തമിഴ്നാട്ടിലെ സന്ദര്‍ശനശേഷം മടങ്ങി വരുമ്പോഴുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. റാന്നി അയിരൂര്‍ സ്വദേശി കൃഷ്ണകുമാരിയാണ് ഭാര്യ. ഡോ. അരവിന്ദ് മകനും. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പൊതു ചടങ്ങുകളില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് സുകൃതം ബാലാശ്രമത്തിലും പാറയ്ക്കാട്ട് ആശുപത്രിയിലും പുഷ്പാര്‍ച്ചനയും അനുസ്മരണവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: