ന്യൂയോര്‍ക്ക്: നൂറ്റാണ്ടുകള്‍ നീണ്ട വൈദേശികാക്രമണത്തിന്റെ അപമാനചിഹ്നങ്ങളെല്ലാം ദൂരെയറിഞ്ഞ് സ്വതന്ത്ര ഭാരതം ചരിത്രം കുറിക്കുന്ന സുദിനം ആഘോഷമാക്കാന്‍ അമേരിക്കയും. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ ആഘോഷത്തില്‍ ലോകത്തെ ഏറ്റവും പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ടൈംസ് സ്ക്വയറും പങ്കെടുക്കും.
ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടക്കുന്ന ഓഗസ്റ്റ് അഞ്ചിന് ടൈംസ് സ്ക്വയറിലെ പടുകൂറ്റന്‍ പരസ്യബോര്‍ഡുകളില്‍ രാമക്ഷേത്രത്തിന്റെയും രാമന്റെയും 3ഡി ഛായാചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൂറ്റന്‍ നാസ്ഡാക്ക് സ്ക്രീനും 17,000 ചതുരശ്രയടി വലിപ്പത്തില്‍ എല്‍ഇഡി ഡിസ്പ്ലേ സ്ക്രീനും ഒരുക്കും. ലോകത്തിലെ ഏറ്റവും വലിയ തുടര്‍ച്ചയായ പരസ്യ ഡിസ്പ്ലേയും ടൈംസ് സ്ക്വയറിലെ ഉയര്‍ന്ന റെസല്യൂഷനുള്ള എല്‍ഇഡി ഡിസ്പ്ലേയും ഇതായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
അഞ്ചിന് രാവിലെ എട്ടു മുതല്‍ രാത്രി പത്തു വരെ ഹിന്ദിയിലും ഇംഗ്ലിഷിലും ‘ജയ് ശ്രീറാം’ ടൈംസ് സ്ക്വയറില്‍ മുഴങ്ങും. വീഡിയോ ഡിസ്പ്ലേയില്‍ രാമന്റെ ഛായാചിത്രങ്ങളും വിഡിയോകളും, ക്ഷേത്ര രൂപകല്‍പ്പനയുടെ ദൃശ്യങ്ങളും പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ആഘോഷം ടൈംസ് സ്ക്വയറില്‍ നടക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
അതേസമയം, ക്ഷേത്രനഗരിയായ അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിനാവശ്യമായ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായി. ലോകമെങ്ങുമുള്ള കോടിക്കണക്കിന് രാമഭക്തരുടെ ഉത്സവദിനമാണ് ആഗസ്റ്റ് അഞ്ച് എന്ന് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
ബദരീനാഥ് അടക്കമുള്ള പുണ്യനഗരങ്ങളിലെ മണ്ണും, ഗംഗയും അളകനന്ദയും അടക്കമുള്ള പുണ്യനദികളിലെ ജലവും രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ചുകൊണ്ട് ക്ഷേത്രഭൂമിയില്‍ അഭിഷേകം ചെയ്യുന്നതിനായി എത്തിക്കുന്നുണ്ട്. രാമകഥകള്‍ ചിത്രരൂപത്തില്‍ അയോധ്യയിലെ വീഥികളില്‍ നിറയുകയാണ്. രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നതിന് മുന്നോടിയായി അയോധ്യ അക്ഷരാര്‍ത്ഥത്തില്‍ ക്ഷേത്രനഗരമായി മാറിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപിമുഖ്യമന്ത്രി യോഗി ആദിത്യനാഥും അടക്കമുള്ള ഇരുനൂറോളം പേര് മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. അയോധ്യയിലേക്കുള്ള എല്ലാ വഴികളും പോലീസും സുരക്ഷാ സേനകളും ഇതിനകം തന്നെ അടച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: