ഇടുക്കി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ നയത്തിനു പിന്തുണയുമായി കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. 25വര്‍ഷം മുന്‍പ് താന്‍ ആഗ്രഹിച്ച കാര്യങ്ങളാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കിയത്.
വിദ്യാഭ്യമന്ത്രി ആയിരിക്കെ താന്‍ മുന്നോട്ട് വെച്ച ആശയത്തിന്റെ ആവിഷ്കാരമാണ് കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയമെന്ന് അദേഹം പറഞ്ഞു. പുതിയ പൊളിച്ചെഴുത്തില്‍ മാതൃഭാഷ നിര്‍ബന്ധമാക്കിയത് സ്വാഗതാര്‍ഹമാണെന്നും പി.ജെ ജോസഫ് പറഞ്ഞു. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും എതിര്‍ക്കുമ്പോഴാണ് പിജെ ജോസഫ് പുതിയ വിദ്യാഭ്യാസ നയത്തെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.
ദേശീയ വിദ്യാഭ്യാസ നയത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്സ് എംപിയും മുന്‍ മാനവവിഭവശേഷി സഹമന്ത്രിയുമായ ശശി തരൂരും രംഗത്തെത്തി. മാനവ വിഭവ ശേഷി മന്ത്രിയായിരിക്കെ ദേശീയ വിദ്യാഭ്യാസ നയം പുനപ്പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി തരൂര്‍ പറയുന്നു. ഇത്തരമൊരു തീരുമാനത്തിലെത്താന്‍ ആറ് വര്‍ഷമെടുത്തെങ്കിലും അവരത് ചെയ്തു എന്നതില്‍ സന്തോഷമുണ്ട്. പക്ഷെ ആഗ്രഹത്തിനൊത്ത് ഇനി ഇതെല്ലാം നടപ്പിലാക്കുകയെന്നതാണ് വെല്ലുവിളി, തരൂര്‍ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസമേഖലയില്‍ 50 ശതമാനം പ്രവേശന അനുപാതമെന്ന ലക്ഷ്യവും പത്താംക്ലാസ് തലത്തില്‍ 100 ശതമാനം പ്രവേശന അനുപാതമെന്നതും പ്രശംസനീയമാണ്. നിലവില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലത് 25 ശതമാനം എന്നും ഒമ്പതാം ക്ലാസ്സില്‍ 68 ശതമാനം എന്നുമാവുമ്പോള്‍ അത് യാഥാര്‍ഥ്യബോധത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണോ എന്ന ആശങ്കയും തരൂര്‍ പങ്കുവയ്ക്കുന്നുണ്ട്. ജിഡിപിയുടെ ആറു ശതമാനം വിദ്യാഭ്യാസ മേഖലയ്ക്കായി ചെലവഴിക്കണമെന്നത് എങ്ങിനെ സാധ്യമാകുമെന്ന സംശയവും തരൂര്‍ ഉന്നയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: