Categories: Kerala

പി. കൃഷ്ണപിള്ള സ്മാരകാക്രമണം; സിപിഎം ശിക്ഷിച്ചവരെ കോടതി വെറുതെ വിട്ടു, പ്രതികള്‍ക്കെതിരെ ഒരു തെളിവും ഹാജരാക്കാനായില്ല

സിപിഎമ്മിലെ വിഭാഗീയതയെ തുടര്‍ന്ന് ഒദ്യോഗിക പക്ഷത്തിന് സ്മാരകം സംരക്ഷിക്കാന്‍ പോലും കഴിവില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി ആക്രമണം നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

Published by

ആലപ്പുഴ: സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ കഞ്ഞിക്കുഴി കണ്ണര്‍കാട്ടെ സ്മാരകം കത്തിച്ച കേസില്‍ സിപിഎം നടപടിയെടുത്ത് പുറത്താക്കിയവരെ വെറുതെ വിട്ട് കോടതി ഉത്തരവ്. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ഡിവൈഎഫ്‌ഐ കഞ്ഞിക്കുഴി ഏരിയ മുന്‍ ജോ. സെക്രട്ടറി ലതീഷ് ബി.ചന്ദ്രന്‍, സിപിഎം മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.സാബു, സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ദീപു, രാജേഷ്, പ്രമോദ് എന്നിവരെയാണ് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എ. ബദറുദീന്‍ വെറുതെ വിട്ട് ഉത്തരവായത്.  

സിപിഎമ്മിലെ വിഭാഗീയതയെ തുടര്‍ന്ന് ഒദ്യോഗിക പക്ഷത്തിന് സ്മാരകം സംരക്ഷിക്കാന്‍ പോലും കഴിവില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി ആക്രമണം നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. സിപിഎം നേതാക്കളായ സജി ചെറിയാന്‍ എംഎല്‍എ, സി.ബി.ചന്ദ്രബാബു എന്നിവരുള്‍പ്പടെ 72 സാക്ഷികളാണ് ഉണ്ടായിരുന്നത്. പ്രോസിക്യൂഷന് പ്രതികള്‍ക്കെതിരെ യാതൊരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു.  

2013 ഒക്ടോബര്‍ 31 ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി മണിക്കൂറുകള്‍ക്കകം ലതീഷ് അടക്കമുള്ള അഞ്ചുപേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. പാര്‍ട്ടി അന്വേഷണം നടത്താതെ പോലീസ് പ്രതിയാക്കിയതിന്റെ പേരില്‍ മാത്രം ഇവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ചത് ഏറെ വിവാദമായിരുന്നു. വി.എസ്. അച്യൂതാനന്ദന്‍ ഒഴികെ മറ്റെല്ലാ നേതാക്കളും ഇവരെ തള്ളിപറഞ്ഞു.  

എന്നാല്‍ പ്രതികളെ വെറുതെ വിട്ടതിന് ശേഷം സിപിഎം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്, പാര്‍ട്ടി പ്രതീക്ഷിച്ച വിധിയാണ് ഇതെന്നായിരുന്നു. പാര്‍ട്ടി സംഭവത്തെ കുറിച്ച് അന്വേഷിച്ചിരുന്നു, ഇവര്‍ പ്രതികളല്ലെന്ന് ബോദ്ധ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രമാദമായ സംഭവമായതിനാലാണ് ഇവരെ പുറത്താക്കിയതെന്നുമാണ് നാസര്‍ പറഞ്ഞത്. എന്നാല്‍ പാര്‍ട്ടി സംഭവത്തെ കുറിച്ച് കമ്മീഷനെ നിയോഗിച്ച് അന്വേഷിച്ചതായി അറിവില്ലെന്നാണ് പ്രതികള്‍ പറഞ്ഞത്. യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോരാട്ടം തുടരുമെന്നും അവര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: cpmcourt