മൗലികവും അടിസ്ഥാനപരവുമായ മാറ്റങ്ങള്‍ വരുത്തി നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയം പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരിക്കുകയാണ്. 1968 ല്‍ ഇന്ദിരാഗാന്ധിയുടെ കാലത്ത് ആവിഷ്‌കരിച്ച വിദ്യാഭ്യാസ നയത്തില്‍ 1986 ല്‍ ഉപരിപ്ലവമായ ചില മാറ്റങ്ങള്‍ കൊണ്ടുവന്നെങ്കിലും അത് പുതിയ കുപ്പിയിലെ പഴയ വീഞ്ഞുതന്നെയായിരുന്നു. വളര്‍ന്നു വരുന്ന തലമുറകള്‍ക്ക് രാജ്യത്തോട് കൂറുണ്ടാക്കുന്നതും, ജീവിത സുരക്ഷ ഉറപ്പുവരുത്തുന്നതുമായ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് പലരും പലവിധത്തില്‍ വാദിച്ചുപോന്നുവെങ്കിലും അങ്ങനെയൊന്ന് സംഭവിച്ചില്ല. ഉത്തരവാദിത്തപ്പെട്ടവര്‍ ഇതിന് തയ്യാറായില്ല എന്നതാണ് വസ്തുത.
ദേശവിരുദ്ധമെന്നുപോലും പറയാവുന്ന കൊളോണിയല്‍ വിദ്യാഭ്യാസ രീതിയുടെ ചട്ടക്കൂടില്‍ വാര്‍ത്തെടുക്കപ്പെട്ട രാഷ്‌ട്രീയ-ഭരണ നേതൃത്വത്തിന് ഇക്കാര്യത്തില്‍ കാതലായ മാറ്റം വരുത്താനുള്ള ശേഷിയോ അഭിരുചിയോ ഉണ്ടായിരുന്നില്ല എന്നു പറയുന്നതാവും ശരി. കൊളോണിയലിസത്തിന്റെ കൈപ്പിടിയില്‍ തൂങ്ങിയുള്ള അഞ്ച് പതിറ്റാണ്ടിലേറെക്കാലത്തെ വികലവും, സാംസ്‌കാരികമായി വിധ്വംസകവുമായ വിദ്യാഭ്യാസ നയം തിരുത്തിക്കുറിക്കാനുള്ള കരുത്തും കാഴ്ചപ്പാടും പ്രകടിപ്പിച്ച മോദി സര്‍ക്കാരിനോട് രാഷ്‌ട്രം കടപ്പെട്ടിരിക്കുന്നു.
ഘടനാപരമായ പരിഷ്‌കാരങ്ങള്‍ തന്നെയാണ് പുതിയ വിദ്യാഭ്യാസ നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10+2 എന്ന സംവിധാനം മാറ്റി 5+3+3+4 എന്നാക്കിയതുതന്നെ ഇതിന് തെളിവാണ്. 18 വയസ്സുവരെയുള്ള വിദ്യാഭ്യാസം നിര്‍ബന്ധമാക്കിയതിലൂടെ വിദ്യാഭ്യാസ നിയമം 3-18 പ്രായപരിധിയില്‍ പ്രാബല്യത്തിലാവും. നിലവില്‍ ഇത് 6-14 വയസാണ്. കാതലായ മാറ്റമാണ് പുതിയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നത്. അഞ്ചാംക്ലാസുവരെയുള്ള പഠനം മാതൃഭാഷയിലാകണമെന്നതും, എട്ടുവരെയും അതിനു മുകളിലും ഇത് അഭിലഷണീയമാണെന്നുമുള്ള നിര്‍ദ്ദേശം ഏറ്റവും സ്വാഗതാര്‍ഹമാണ്. ത്രിഭാഷാ പഠനസംവിധാനത്തില്‍ സംസ്‌കൃതവും ഓപ്ഷനാണെന്നത് ശ്രദ്ധേയമാണ്. ഭാരതീയ സംസ്‌കൃതിയോടുള്ള കൂറിന്റെ പ്രഖ്യാപനമായി ഇതിനെ കാണാം. ആംഗ്യഭാഷയെ രാജ്യമെങ്ങും ഏകരൂപത്തിലാക്കും.
ഉന്നതവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് പുതിയ നയം പ്രഖ്യാപിച്ചിരിക്കുന്നത്. നാല് വര്‍ഷ ബിരുദത്തിന്റെ ഏതു വര്‍ഷവും പഠനം അവസാനിപ്പിക്കാന്‍ കഴിയുമെന്നത് വിദ്യാര്‍ത്ഥികള്‍ക്ക് വലിയ നേട്ടമാണ്. ആദ്യവര്‍ഷം മാത്രമെങ്കില്‍ തൊഴിലധിഷ്ഠിത പഠന സര്‍ട്ടിഫിക്കറ്റ്. രണ്ടാം വര്‍ഷമെങ്കില്‍ ഡിപ്ലോമ. മൂന്നാം വര്‍ഷം ബിരുദം. നാലാം വര്‍ഷം ഗവേഷണാധിഷ്ഠിത ബിരുദം എന്നിങ്ങനെയുള്ള രീതിയാണ് കൊണ്ടുവരിക. എംഫില്‍ ഉണ്ടായിരിക്കില്ല. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വാചാലമാകുന്നതിനു പകരം അത് പ്രാബല്യത്തിലാക്കാനുള്ള ആര്‍ജവം കാണിച്ചിരിക്കുന്നു.
മനുഷ്യവിഭവശേഷി മന്ത്രാലയം എന്നതിനു പകരം വിദ്യാഭ്യാസ മന്ത്രാലയം എന്നുതന്നെയാണ് ഇനിമേല്‍ അറിയപ്പെടുക. രാജീവ് ഗാന്ധിയുടെ ഭരണകാലത്താണ് മാനവ വിഭവശേഷി വികസന മന്ത്രാലയം എന്നു നാമകരണം ചെയ്തത്. മാറ്റത്തിനുവേണ്ടിയുള്ള മാറ്റമായിരുന്നു അത്. ഇതില്‍ നിന്ന് വ്യത്യസ്തമായി വ്യക്തമായ നിര്‍ദ്ദേശങ്ങളും പ്രയോഗസാധുതയും മോദിസര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തില്‍ പ്രതിഫലിക്കുന്നു. ലോകരാഷ്‌ട്ര സമുച്ചയത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭാരതം എന്തായിത്തീരണമെന്ന ലക്ഷ്യബോധം പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ പ്രകടമാണ്. ഭാരതീയമായ ഊന്നല്‍ എല്ലാ കാര്യത്തിലുമുണ്ട്.
കോണ്‍ഗ്രസ്സിന്റെ സുദീര്‍ഘമായ ഭരണകാലത്ത് ഇടതുപക്ഷ ചിന്താഗതിക്കാരായ അക്കാദമിക് പണ്ഡിതന്മാര്‍ രൂപം നല്‍കിയ വിദ്യാഭ്യാസ രീതിയെ പുതിയ നയം നിരാകരിക്കുന്നു. പൗരന്മാരില്‍ അപകര്‍ഷതാബോധം വളര്‍ത്തുന്ന, സ്വന്തം സംസ്‌കാരത്തില്‍ അവജ്ഞ ജനിപ്പിക്കുന്ന കറുത്ത സായിപ്പന്മാര്‍ക്കു പകരം ആത്മാഭിമാനമുള്ള തലമുറയെ സൃഷ്ടിക്കാനും, ഭാരതത്തെ അതിന്റെ മഹിമയിലേക്ക് ആനയിക്കാനും പര്യാപ്തമായ പുതിയ ദേശീയ വിദ്യാഭ്യാസ നയം ദേശസ്‌നേഹികള്‍ സ്വാഗതം ചെയ്യുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: