കോഴിക്കോട്: ഇസ്ലാമിക സമൂഹത്തിന്റെ യാഥാസ്ഥിതിക മനോഭാവത്തില്‍ വിമര്‍ശിച്ചതിന്റെ പേരിലും ശരീയത്തില്‍ ഖുറാനൊഴിച്ചുള്ള മറ്റു മതനിയമങ്ങളെ എതിര്ത്തതുകൊണ്ടുമാണ് ചേകന്നൂര്‍ മൗലവിക്ക് രക്തസാക്ഷിയാകേണ്ടിവന്നതെന്ന് എം.എന്‍. കാരശ്ശേരി പറഞ്ഞു. ചേകന്നൂര്‍ മൗലവി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഖുറാന് സുന്നത്ത് സൊസൈറ്റി ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്ന മതഭീകരതാ വിരുദ്ധ വാരാചരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
മതം പഠിച്ചതിന് ശേഷം പാരമ്പര്യ നിയമങ്ങളെ എതിര്‍ക്കുകയായിരുന്നു അദ്ദേഹം. ശരീയത്തില്‍ ഖുറാനൊഴിച്ചുള്ള മറ്റൊന്നിനെയും അദ്ദേഹം അംഗീകരിച്ചില്ല. മത നിയമങ്ങളെ പഠിച്ചുകൊണ്ടാണ് അദ്ദേഹം അനാചാരങ്ങളെ എതിര്‍ത്തത്. നിസ്കാരം മൂന്ന് നേരം മതിയെന്നും, നോമ്പ് ഏഴ് ദിവസം മാത്രം മതിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സിഎന്‍ അഹമ്മദ് മൗലവി, വക്കം മൗലവി തുടങ്ങിയ മതപരിഷ്കരണ വാദികള്‍ക്ക് കടുത്ത എതിര്‍പ്പിനെയാണ് നേരിടേണ്ടിവന്നത്.
സിഎം. അഹമ്മദ് മൗലവിയെ തിയ്യന് മൗലവിയെന്നും ചേകന്നൂര്‍ മൗലവിയെ ചേകന്നായരെന്നും പരിഹസിച്ചു. പെണ്‍കുട്ടികള്‍ എഴുത്ത് പഠിക്കണമെന്നും സ്ത്രീകള്‍ പള്ളിയില്‍ പോകണമെന്നും ജുമാഅ പ്രഭാഷണം മലയാളത്തിലാകണമെന്നും മലയാളികള്‍ അറബിയെക്കാള്‍ കൂടുതല്‍ മലയാളത്തിന് പ്രധാന്യം നല്‍കണമെന്നുമായിരുന്നു പരിഷ്ക്കരണ വാദികള്‍ ആവശ്യപ്പെട്ടത് അദ്ദേഹം പറഞ്ഞു. മുതൂര്‍ അബൂബക്കര്‍ മൗലവി, ബഷീര്‍ താനാളൂര്‍ എന്നിവരും പങ്കെടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എ.പി. അഹമ്മദ്, ജാഫര്‍ അത്തോളി, നവാസ് മൂവാറ്റുപുഴ, ഡോ. അബ്ദുള്‍ ജലീല്‍ പുറ്റെക്കാട് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: