മുക്കം: കൊടുവള്ളിയിലെ ജ്വല്ലറി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുക്കം ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ള അഞ്ച് പോലീസുകാരില്‍ നടത്തിയ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. ഇന്നലെ ഉച്ചയോടെയാണ് പരിശോധന ഫലം ലഭിച്ചത്. ജ്വല്ലറി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ അഞ്ചു പോലീസുകാര്‍ ക്വാറന്റൈനിലായിരുന്നു.
മുക്കത്ത് വയോധികയെ പീഡിപ്പിച്ച കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ചോദ്യം ചെയ്തതിന്റ അടിസ്ഥാനത്തില്‍ വയോധികയുടെ ആഭരണങ്ങള്‍ കണ്ടെടുക്കുന്നതിനായി മുക്കം ഇന്‍സ്പെക്ടറും പ്രത്യേക അന്വേഷണ സംഘവും ഈ ജ്വല്ലറിയില്‍ ചൊവാഴ്ച്ച പോയിരുന്നു. ജീവനക്കാരന് കോവിഡ് സ്ഥിരീകരിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു ഇത്.
ഇതോടെ മുക്കം സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരും പോലീസുകാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും ആശങ്കയിലായി. ഇക്കഴിഞ്ഞ രണ്ടാം തിയ്യതിയാണ് വയോധിക പീഡനത്തിന് ഇരയായത്. കേസിലെ പ്രധാനപ്രതി മുജീബ് റഹ്മാന് വയോധികയില്‍ നിന്നും മോഷ്ടിച്ച ആഭരണം വില്‍ക്കാനായി ഏല്‍പ്പിച്ചിരുന്നത് കഞ്ചാവ് കേസില്‍ മുക്കം പോലീസ് പിടിയിലായ പാലക്കാട് കുഴല്‍മന്ദം സ്വദേശിനി സൂര്യപ്രഭയേയും കാമുകനെയുമായിരുന്നു.
ഇവരാണ് കൊടുവള്ളിയിലെ ജ്വല്ലറിയിലെത്തി ആഭരണം വില്‍പ്പന നടത്തിയത്. ഇത് കണ്ടെടുക്കുന്നതിനായാണ് ചൊവ്വാഴ്ച മുക്കം ഇന്‍സ്പെക്ടറും സംഘവും കൊടുവള്ളി ജ്വല്ലറിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: