ചൈനയില്‍ നിന്ന് ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ച കൊറോണയെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കൊവിഡ് 19 വൈറസ് ആയിരക്കണക്കിന് പേരുടെ ജീവന് ഇതിനോടകം തന്നെ അപഹരിച്ചു. ഇന്ത്യയില്‍ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍ തൃശൂരിലാണ്. ഇന്ന് ഏറ്റവും കൂടുതല്‍ വൈറസ് വ്യാപനം നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാനവും കേരളമാണ്. രാജ്യം വൈറസിനോട് പോരാട്ടം തുടങ്ങിയിട്ട് ഇന്ന് അര വര്‍ഷം തികയുന്നു. ജനുവരി 30ന് തൃശൂരിലാണ് കൊറോണ വൈറസ് രാജ്യത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വൈറസിന്റെ ഉത്ഭവമെന്ന് സംശയിക്കുന്ന ചൈനയില്‍ നിന്നും കേരളത്തിലെത്തിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതായിരുന്നു തുടക്കം.
മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി മികച്ച ആരോഗ്യ സംസ്കാരം പിന്തുടരുന്ന കേരളത്തില്‍ ആദ്യഘട്ടത്തില്‍ കൊറോണ വ്യാപനത്തെ പ്രതിരോധിക്കാന്‍ സ്വാഭാവികമായി മലയാള ജനതക്കായി. രണ്ടാം ഘട്ട രോഗ വ്യാപനം നിയന്ത്രിക്കാനും സര്‍ക്കാരിന് പ്രത്യേകിച്ചൊന്നും ചെയ്യേണ്ടിവന്നില്ല. എന്നാല്‍ വിദേശത്തുനിന്നും മലയാളികള്‍ സ്വന്തം നാട്ടിലെത്തിയതോടെയാണ് മൂന്നാം ഘട്ട വ്യാപനത്തിന് തുടക്കമായത്. കൊറോണയെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച്ചവന്നതോടെ വൈറസ് വ്യാപനം അനിയന്ത്രിതമായി. കൊറോണ രോഗികളുടെ എണ്ണം 1000 കടന്നിരിക്കുന്നു എന്നതിന് അപ്പുറം ഉറവിടം അറിയാത്തതും സമ്പര്‍ക്ക രോഗികളുടെയും എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. കേരളത്തില്‍ കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ഇതുവരെ ഉണ്ടായ സാഹചര്യങ്ങളുടെ നാള്‍വഴികള്‍ പരിശോധിക്കാം.
നാള്‍വഴികള്‍
2020 ജനുവരി 30ന് തൃശൂരില്‍ കൊറോണ സ്ഥിരീകരിച്ചു. ചൈനയില്‍ നിന്നും കേരളത്തിലെത്തിയ തൃശൂര്‍, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ വൈറസ് സ്ഥിരീകരിക്കുന്നത്.
ഫെബ്രുവരി 4ന് കേസുകള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചതോടെ അതീവ ജാഗ്രത പ്രഖ്യാപിച്ചു.
ഫെബ്രുവരി 8ന് അതീവ ജാഗ്രത പിന്‍വലിച്ചു.
മാര്‍ച്ച് 8ന് കേരളത്തില്‍ നിന്ന് പുതിയ അഞ്ച് കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇറ്റലിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയ ദമ്പതികളും അവരുടെ 26 വയസ്സുള്ള മകനുമാണ് വൈറസ് ബാധ ഉണ്ടായത്. കുടുംബവുമായി ബന്ധം പുലര്‍ത്തിയ രണ്ടുപേര്‍ കൂടി രോഗബാധിതരാണെന്ന് പരിശോധനയില്‍ തെളിഞ്ഞു.
മാര്‍ച്ച് 8ന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു.
മാര്‍ച്ച് 9ന് ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ മൂന്നു വയസ്സുള്ള കുട്ടിക്ക് പരിശോധനയില്‍ പോസിറ്റീവ് ആയി.
മാര്‍ച്ച് 9ന് കേരളത്തില്‍ 4000ല്‍ അധികം ആളുകള്‍ വീട്ടിലും ആശുപത്രിയിലുമായി നിരീക്ഷണത്തിലായി.
മാര്‍ച്ച് 10ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളും കോളേജുകളും അടച്ചു.
മാര്‍ച്ച് 12ന് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു.
മാര്‍ച്ച് 12ന് രണ്ട് പോസിറ്റീവ് കേസുകള്‍ മാത്രം. കേരളത്തില്‍ അത് വരെ 19 കേസുകള്‍.
മാര്‍ച്ച് 20ന് കേരളത്തില്‍ 12 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു, ആദ്യമായി പുതിയ കേസുകളുടെ എണ്ണം രണ്ടക്കം കടന്നു.
മാര്‍ച്ച് 20ന് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു.
മാര്‍ച്ച് 21ന് കൊറോണ വൈറസിനെ ഒറ്റക്കെട്ടായി നേരിടണമെന്ന ഉദ്ദേശത്തില്‍ ജനത കര്‍ഫ്യൂ പ്രഖ്യാപിച്ചു.
മാര്‍ച്ച് 22ന് ഇന്ത്യയൊട്ടാകെ ജനത കര്‍ഫ്യൂ നടപ്പായി.
മാര്‍ച്ച് 24ന് രോഗികളുടെ എണ്ണം 100 കടന്നു.
മാര്‍ച്ച് 28 സംസ്ഥാനത്ത് ആദ്യ കൊറോണ മരണം. എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി സേട്ട് യാക്കൂബ് ഹുസൈന് (69) ആണ് മരിച്ചത്.
മാര്‍ച്ച് 29ന് രോഗികളുടെ എണ്ണം 200 കടന്നു.
ഏപ്രില്‍ 4ന് രോഗികളുടെ എണ്ണം മുന്നൂറു കടന്നു.
മെയ് 26ന് മാറ്റിവച്ച എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടത്തി.
മെയ് 27 ന് സംസ്ഥാനത്ത് ആകെ കൊറോണ രോഗികളുടെ എണ്ണം 1000 കടന്നു.
ജൂലൈ 16ന് സംസ്ഥാനത്ത് കീം പ്രവേശന പരീക്ഷ നടന്നു.
ജൂലൈ 17ന് രാജ്യത്ത് ആദ്യമായി സമൂഹ വ്യാപനം ഉണ്ടായെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ജൂലൈ 21ന് കീം പ്രവേശന പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഒരു രക്ഷിതാവിനും കൊറോണ.
ജൂലൈ 22ന് സംസ്ഥാനത്ത് ഒരു ദിവസം സ്ഥിരീകരിക്കുന്ന കൊറോണ രോഗികളുടെ എണ്ണം 1000 കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: