സതാംപ്റ്റണ്: ഐസിസി ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ ലീഗ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളുള്ള ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് പരമ്പരയോടെയാണ് ചാമ്പ്യന്‍ഷിപ്പ് ആംഭിക്കുന്നത്. ആദ്യ മത്സരം സതാംപ്റ്റണില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 6.30ന് ആരംഭിക്കും. ഡേ ആന്‍ഡ് നൈറ്റ് മത്സരമാണിത്.
ഇന്ത്യയില്‍ 2023ല്‍ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള യോഗ്യത ടൂര്‍ണമെന്റാണിത്. പതിമൂന്ന് ടീമുകള്‍ പങ്കെടുക്കും. ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലന്‍ഡ്, പാക്കിസ്ഥാന്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, സിംബാബ്വെ, അഫ്ഗാനിസ്ഥാന്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ് എന്നീ ടീമുകളാണ് മത്സരിക്കുക. ചാമ്പ്യന്‍ഷിപ്പില്‍ പോയിന്റ് നിലയില്‍ മുന്നിലെത്തുന്ന ഏഴു ടീമുകളും ആതിഥേയരായ ഇന്ത്യയും നേരിട്ട് 2023ലെ ലോകകപ്പിലെത്തും.
മൊത്തം പത്ത് ടീമുകളാണ് ലോകകപ്പില്‍ മത്സരിക്കുക. ശേഷിക്കുന്ന രണ്ട് ടീമുകളെ തെരഞ്ഞെടുക്കുന്നതിന്, സൂപ്പര്‍ ലീഗില്‍ നിന്ന് പുറത്താകുന്ന അഞ്ചു ടീമുകളും ഐസിസി അസോസിയേറ്റ് അംഗങ്ങളായ രാജ്യങ്ങളും യോഗ്യത മത്സരം കളിക്കും. ഇതില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ക്ക് ലോകകപ്പ് കളിക്കാന്‍ അര്‍ഹത ലഭിക്കും.
സൂപ്പര്‍ ലീഗില്‍ മൊത്തം 156 മത്സരങ്ങളുണ്ടാകും. ഓരോ വിജയത്തിനും ടീമുകള്‍ക്ക് പത്ത് പോയിന്റു വീതം ലഭിക്കും. മത്സരം സമനിലയാകുകയോ ഉപക്ഷേിക്കുകയോ ചെയ്താല്‍ ഇരു ടീമുകള്‍ക്കും അഞ്ചു പോയിന്റ് വീതം ലഭിക്കും.
ടെസ്റ്റ് ചാമ്പ്യന്ഷിപ്പിലേതുപോലെ സൂപ്പര്‍ ലീഗിലും എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടില്ല. ഒരു ടീമിന് എട്ട് ടീമുകളുമായി പരമ്പര കളിച്ചാല്‍ മതി. മൂന്ന് മത്സരങ്ങളാണ് ഓരോ പരമ്പരയിലും ഉണ്ടാകുക. ഓരോ ടീമും മൊത്തം 24 മത്സരങ്ങള്‍ വീതം കളിക്കും. ടീമുകള്‍ നാട്ടിലും മറുനാട്ടിലുമായി നാല് വീതം പരമ്പരകള്‍ കളിക്കും.
എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടേണ്ട സാഹചര്യമില്ലാത്തതിനാല്‍ സൂപ്പര്‍ ലീഗില്‍ ഇന്ത്യ-പാക് പരമ്പര ഉണ്ടാകില്ല. സൂപ്പര്‍ ലീഗില്‍ ഇംഗ്ലണ്ട്- അയര്‍ലന്‍ഡ് പരമ്പരയിലെ രണ്ടാം മത്സരം ആഗസ്റ്റ് ഒന്നിനും അവസാന മത്സരം ആഗസ്റ്റ് നാലിനും സതാംപ്റ്റണില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: