അയോധ്യ: പുണ്യദിനമായ ആഗസ്റ്റ് അഞ്ചിന് ലോകമെങ്ങുമുള്ള രാമഭക്തര്‍ അവരവരുടെ വീടുകളില്‍ പൂജയും ദീപാരതിയും നടത്തണമെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി അറിയിച്ചു. രാവിലെ 11.30 മുതല്‍ 12.30 വരെ വീടുകളിലും മഠങ്ങളിലും ക്ഷേത്രങ്ങളിലും പുണ്യ കേന്ദ്രങ്ങളിലും രാമമന്ത്രം ജപിക്കണം. പൂജയും പുഷ്പാഞ്ജലിയും വൈകിട്ട് സൂര്യാസ്തമനത്തിന് ശേഷം ദീപക്കാഴ്ചയും നടത്തണം. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാവണം എല്ലാ ആഘോഷങ്ങളുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്ര നിര്‍മാണ ചടങ്ങുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും അതൊന്നും ജനങ്ങള്‍ വിശ്വസിക്കേണ്ടതില്ലെന്നും ചമ്പത് റായി പറഞ്ഞു. ക്ഷേത്രത്തിന് രണ്ടായിരം അടി താഴെ അയോധ്യയുടെ ഇതുവരെയുള്ള ചരിത്രം വ്യക്തമാക്കുന്ന ടൈം ക്യാപ്സ്യൂള്‍ സ്ഥാപിച്ചതായുള്ള വാര്‍ത്തകള്‍ തെറ്റാണ്. അയോധ്യ രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ഔദ്യോഗികമായി പുറത്തുവിടുന്ന വിവരം മാത്രമേ എല്ലാവരും കണക്കിലെടുക്കാവൂ എന്നും ചമ്പത് റായി ജന്മഭൂമിയോട് പ്രതികരിച്ചു.
നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും അയോധ്യ സംബന്ധിച്ച ശരിയായ വിവരങ്ങള്‍ ഭാവിതലമുറയ്ക്ക് ലഭ്യമാക്കാനായി ക്ഷേത്രത്തിന് താഴെ ടൈം ക്യാപ്സ്യൂള്‍ ഇട്ടെന്ന വാര്‍ത്ത ദേശീയ അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ആയിരക്കണക്കിന് രാമഭക്തരാണ് ശിലകളുമായി അയോധ്യയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഭക്തരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. നിരവധി പേര് സ്വര്‍ണ്ണവും വെള്ളിയുമായി അയോധ്യയിലേക്ക് എത്തുന്നു.
ഇതെല്ലാം വയ്ക്കാനുള്ള ലോക്കര്‍ സൗകര്യം അയോധ്യയിലെ ബാങ്കുകളില്‍ അപര്യാപ്തമാണ്. അതിനാല്‍ ഇനി മുതല്‍ ഭക്തര്‍ ക്ഷേത്ര നിര്‍മാണത്തിനുള്ള തുക ശ്രീ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചാല്‍ മതിയെന്നും ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: