കൊച്ചി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ദേശീയ അന്വേഷണ ഏജന്‍സിയുടെ കൊച്ചിയിലെ ഓഫീസില്‍ പതിനൊന്നു മണിക്കൂര്‍ ചോദ്യം ചെയ്ത് ശിവശങ്കറിനെ വിട്ടയച്ചു. തിങ്കളാഴ്ച ഒന്‍പതു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
ഇന്നലെ രാവിലെ 9ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി എട്ടേകാല്‍ വരെ തുടര്‍ന്നു. വീണ്ടും വിളിക്കുമെന്നും ഹാജരാകണമെന്നും എന്‍ഐഎ നിര്‍ദേശിച്ചു.ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെങ്കിലും രണ്ടാം ദിവസവും മറുപടികളിലും വിശദീകരണങ്ങളിലും പലതും മറച്ചുവെക്കുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
വിശദീകരണങ്ങളില്‍ വിട്ടുകളഞ്ഞവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നല്കുന്ന മറുപടികള്‍ പൊരുത്തപ്പെടുന്നില്ല. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ വിലയിരുത്തുകയും എന്‍ഐഎ ഇന്നലെ കസ്റ്റഡിയില്‍ വാങ്ങിയ പ്രതി കെ.ടി റമീസിനെ ചോദ്യം ചെയ്യുകയും ചെയ്തശേഷം ശിവശങ്കറിനെ വീണ്ടും വിളിപ്പിക്കും.
പ്രമുഖരുടെ വിദേശയാത്രകളും വിദേശങ്ങളിലുള്ളവരുമായുള്ള ബന്ധവും ഇടപാടുകളും സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചില ഇടപാടുകളിലെ പങ്കാളിത്തവും സംബന്ധിച്ചാണിപ്പോള്‍ ഏജന്‍സി അന്വേഷിക്കുന്നത്.
റമീസിനെ എന്‍ഐഎ ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. മറ്റു പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും പറഞ്ഞ വിശദീകരണങ്ങളും റമീസ് നല്കിയ മറുപടികളും ശിവശങ്കറിന്റെ മൊഴികളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഏറെയുണ്ട്.
റമീസിനെയും സന്ദീപ് നായരേയും കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോള്‍ അവരുടെ വിദേശബന്ധം സംബന്ധിച്ച് സൂചന കിട്ടി. വിദേശങ്ങളിലെ ചില ഉന്നതരുമായുള്ള റമീസിന്റെയും മറ്റും ഇടപാടുകളെക്കുറിച്ച് ആഴത്തില്‍ അറിയേണ്ടതുണ്ടെന്നും അതിന് റമീസിനെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്നുമാണ് എന്‍ഐഎ കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയത്. അതിനിടെ സ്വര്‍ണക്കടത്തുകേസിലെ ഗൂഢാലോചനകളും അഴിമതികളും സിബിഐ അന്വേഷിക്കുമെന്നും സൂചന ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: