തൃശൂര്‍: ചാലക്കുടിയില്‍ ജപ്തി ഭീഷണി നേരിടുന്ന കുടുംബത്തിനും ലൈഫ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കി പഞ്ചായത്ത് അധികൃതര്‍. പാസ്റ്റീക് ഷീറ്റ് വലിച്ച് കെട്ടിയ ഒറ്റ മുറിയില്‍ കഴിയുന്ന മേലൂര്‍ പൂലാനി കുറുപ്പം കിഴക്കന്‍ വീട്ടില്‍ ഷൈജുവിന്റെ കുടുംബത്തിനാണ് ദുരവസ്ഥ.
ഏഴിലും നാലിലും പഠിക്കുന്ന രണ്ട് പെണ്മക്കളും അടങ്ങുന്ന കുടുംബം ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കുവാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നതിനിടയിലാണ് പഞ്ചായത്തിന്റെ ഇരുട്ടടി. ആറ് സെന്റ് സ്ഥലം വാങ്ങുന്നതിനായി ചാലക്കുടി ജില്ല സഹകരണ ബാങ്കിന്റെ ഈവനിംങ്ങ് ശാഖയില്‍ നിന്ന് നാല് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടക്കാനാവാതായതോടെ ജപ്തിയിലെത്തി നില്‍ക്കുകയാണ്. പ്രളയവും കൊറോണയും തകര്‍ത്ത നിര്‍മ്മാണ തൊഴിലാളിലായ ഷൈജുവിന് ഇപ്പോള്‍ കൃത്യമായ ജോലിയില്ലാതായി. ലൈഫ് പദ്ധതിക്കായി അപേക്ഷ നല്‍കിയിട്ടും പരിഗണിക്കാതെ വന്നപ്പോള്‍ അന്വേഷിച്ച ഷൈജുവിന് കിട്ടിയ ഉത്തരം വാസയോഗ്യമായ വീടുണ്ടെന്ന റിപ്പോര്‍ട്ട് ലഭിച്ചെന്നായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബുവിന്റെ വാര്‍ഡായ നാലാം വാര്‍ഡിലാണ് ഈ വീട്. പ്ലാസ്റ്റീക് ഷീറ്റ് ചോര്‍ന്ന് ഒലിക്കുവാന്‍ തുടങ്ങിയതോടെ താല്കാലികമായി വാടക വീട്ടിലേക്ക് മാറിയിരിക്കുകയാണ് കുടുംബം. കുടുംബത്തെ ജപ്തി നടപടികളില്‍ നിന്ന് ഒഴിവാക്കണമെന്നും അടച്ചുറപ്പുള്ളൊരു വീട് നല്കുവാന് അധികൃതര്‍ തയ്യാറാകണമെന്ന് ബിഎംഎസ് പഞ്ചായത്ത് കമ്മിറ്റിയാവശ്യപ്പെട്ടു. പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരെ പരാതി നല്‍കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: