തൃശൂര്‍: സാന്‍ഡ് ആക്റ്റ് പ്രകാരമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ണ്ണമായി പാലിക്കാതിരിക്കുകയും മണലെടുപ്പ് ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ സാന്‍ഡ് ഓഡിറ്റിംഗ് പൂര്‍ത്തിയാക്കുന്നതു വരെ ഭാരതപ്പുഴയിലെ മണലെടുപ്പ് നിര്ത്തിവെക്കണമെന്നാവശ്യപെട്ട് അഡ്വ. കെ.ബി. അരുണ്‍കുമാര്‍ വഴി നിളാ വിചാരവേദി ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചു.
മണലെടുപ്പിനു മുന്‍പേ സാന്‍ഡ് ഓഡിറ്റിംഗ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന നിയമം നിലനില്‍ക്കെ ദുരന്തനിവാരണ നിയമത്തിന്റെ മറവില്‍ ഭാരതപുഴയിലെ ചങ്ങണാംകുന്ന്, ഷൊര്‍ണ്ണൂര്‍ തടയണകളിലെ മണല്‍ എടുപ്പ് ആരംഭിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് നിളാ വിചാരവേദി അറിയിച്ചു. ഡാമിന്റെ നിര്‍മ്മാണത്തിലെ അപാകതയാണു മണല്‍ കെട്ടികിടക്കാന്‍ കാരണമെന്നുള്ള പഠനറിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.
പുഴയില്‍ വാഹനം ഇറക്കരുതെന്നും, ജലസേചന പദ്ധതിക്കും പാലങ്ങള്‍ക്കും 500 മീറ്റര്‍ അകലെ മാത്രമേ മണല്‍ എടുക്കാവു എന്നും നിയമമുണ്ടെന്നിരിക്കെയാണ് നിയമലംഘനമെന്നും നിളാ വിചാരവേദി ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: