അതേ കബനിനദിയുടെ തീരത്തുള്ള നാഗര്‍ഹോളെ ടൈഗര്‍ റിസര്‍വിലേക്കുള്ള എല്ലാ യാത്രകളും എനിക്ക് തന്നിരിക്കുന്നത് വ്യത്യസ്തമായ അനുഭവങ്ങളാണ് .ജീവിതത്തില്‍ ആദ്യമായി കടുവയെകണ്ടതും അവിടെനിന്നുതന്നെ.
2019 ന്റെ അവസാന നാളുകളില്‍ കബനിയിലേക്ക് നടത്തിയ യാത്ര ജീവിതത്തില്‍ ഇതുവരെ കാണാന്‍ പറ്റുമെന്നോ ,ഇനി അങ്ങോട്ടുള്ള യാത്രകളില്‍ കാണാനാകുമെന്നോ സ്വപ്നത്തില്‍പോലും വിചാരിച്ച സംഭവങ്ങളല്ല.അതേ അതാണ് കബനി, സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കടുവകളും, പുള്ളിപുലികളുമുള്ള കാട്.അതുതന്നെയാണ് കബനിയെ കാനനയാത്രികരുടെയും ,ഫോട്ടോഗ്രാഫര്‍മാരുടേയും ഇഷ്ടകേന്ദ്രം ആക്കിയത്.
ഇത്തവണത്തെ യാത്രയില്‍ കൂടെ ഉണ്ടായിരുന്നത് മോഹന്‍ചേട്ടനും (C P Mohan), ബിജുവും ( Bijulal Koduvally) ആയിരുന്നു.
സാധാരണപോലെ വൈകിട്ട് HD കോട്ടയില്‍ എത്തിയ ഞങ്ങള്‍ , ഞങ്ങളുടെ സ്ഥിരം ഹോട്ടലായ Royal Inn (9900789901)ല്‍ താമസിച്ച് ,രാത്രി ഭക്ഷണത്തിന് ശേഷം കാലത്ത് 4 മണിക്ക് എഴുന്നേല്ക്കാന് അലാറംവച്ച് ഉറങ്ങാന്‍കിടന്നു.
ഹോട്ടലില്‍നിന്നും സഫാരിസ്ഥലത്തേക്ക് ഏകദേശം 30മിനിറ്റ് യാത്രയുണ്ട് .ഹാന്‍ഡ്പോസ്റ്റിലും, HD കോട്ടയിലും വേറെ ലോഡ്ജുകളും ഹോട്ടലുകളും ഉണ്ടെങ്കിലും ,ഞങ്ങളുടെ അനുഭവത്തില്‍ വൃത്തിയിലും, വെടുപ്പിലും നല്ലരീതിയില്‍ മുമ്പിലാണ് Royal Inn.
5 മണിയോട്കൂടി കബനിയില്‍ എത്തിയ ഞങ്ങള്‍ ടിക്കറ്റ് എടുത്ത് സഫാരി വണ്ടിയില്‍ കയറുമ്പോള്‍ സമയം രാവിലെ 5.45 .കൃത്യം 6 മണിക്ക് ഫോറസ്റ്റ് ചെക്പോസ്റ്റില്‍നിന്നും കാട്ടിലേക്ക് കയറുമ്പോള്‍ എങ്ങും ഇരുട്ടും കോടമഞ്ഞും മാത്രം, എന്നാലും ക്യാമറ വെറുതെ ഓണ്‍ ആക്കിവച്ചു.
ഇരുട്ടിലൂടെ ഏകദേശം 15 മിനിറ്റ് വണ്ടി ഓടിക്കാണും, പെട്ടെന്ന് ഡ്രൈവര്‍ രാജണ്ണന് വണ്ടി സഡന്‍ബ്രേക്കിട്ടു. എല്ലാവരുടെയും ശ്രദ്ധ വണ്ടിയുടെ മുന്നിലേക്ക് .
ആ അരണ്ട വെളിച്ചത്തില്‍ എല്ലാവരും കണ്ടു റോഡിന്റെ ഇടത് സൈഡില്‍ ഒരു കടുവ.അവന് റോഡില്‍ അലസനായി കിടക്കുകയാണ്.വെളിച്ചം ഒട്ടുമില്ലെങ്കിലും എല്ലാവരും ISO കൂട്ടിയിട്ട് ഫോട്ടോ എടുക്കാന്‍ തുടങ്ങി. എന്റെ ഇരിപ്പിടം കടുവ കിടക്കുന്ന വശത്ത്തന്നെ ആയിരുന്നതുകൊണ്ട് ഫോട്ടോയെടുക്കുന്നതില്‍ എനിക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നില്ല. മറിച്ച് മോഹനന് ചേട്ടനും,ബിജുവും നേരെ എതിര്‍വശം ആയതുകൊണ്ട് അവര്‍ക്ക് ഫോട്ടോയെടുക്കാനായി എന്റെ സൈഡിലുള്ള ഡോറിന്റെ പടിയിലേക്ക് ഇറങ്ങിനില്‍ക്കേണ്ടി വന്നൂ. കടുവയുടെ ഇടക്കുള്ള നോട്ടത്തില്‍ ഞങ്ങള്‍ക്ക് എന്തോ പന്തികേട് തോന്നി. കാരണം ഉയരമുള്ള റോഡിന് താഴെയായി കുറച്ച് പുള്ളിമാനുകള്‍ മേയുന്നുണ്ട്. ഇതിനിടയില്‍ സെക്കന്റുകള്‍ക്കുള്ളില്‍ മൂന്ന് കാര്യങ്ങള്‍ സംഭവിച്ചു. ഒന്ന്, കടുവയെ കുറച്ചുകൂടി വ്യക്തമായി കാണുന്നതിന് രാജണ്ണന് വണ്ടി കുറച്ചുകൂടി മുന്നിലേക്ക് കയറ്റി റോഡിന് ക്രോസ്സായി നിര്‍ത്തി. രണ്ട്, വണ്ടി മുന്നോട്ട് എടുക്കുന്ന ഉലച്ചിലില് കംബ്ലയിന്റായ ഡോര്‍ തുറന്നുപോവുകയും, ഡോറില്‍ ചാരിനിന്ന് ഫോട്ടോയെടുത്തിരുന്ന മോഹനന്ചേട്ടന് പിടിവിട്ട് നേരെ പുറത്തേക്കും. ഭാഗ്യത്തിന് ബിജുലാല്‍ നീട്ടിയകയ്യില്‍ മോഹനന്ചേട്ടന് പിടുത്തംകിട്ടിയതുകൊണ്ട് അദ്ദേഹം കടുവയുടെ മുന്നിലേക്ക് വീണില്ല .
എന്നാല്‍ മൂന്നാമതായി നടന്നത്, അലസനായി കിടന്ന കടുവ ഭാവം മാറ്റി വേട്ടക്കായി മാന്‍കൂട്ടത്തിനു നേരെ ഒരു ചാടിയതായിരുന്നു .100 മീറ്റര്‍ അപ്പുറത്തായിരുന്ന കടുവ മൂന്നു ചാട്ടത്തിനിടയില്‍ സെക്കന്റുകള്‍ക്കകം മാനുകള്‍ നിന്നിരുന്നസ്ഥലത്തെത്തി. പക്ഷെ അതൊരു വിഫലമായ ശ്രമമായിരുന്നു. കടുവയുടെ ചാട്ടം കണ്ടമാത്രയില്‍ മാന്‍ കൂട്ടം പ്രാണരക്ഷാര്‍ത്ഥം ചിതറിയോടി. ഇരയെ കിട്ടാഞ്ഞതിന്റെ ദേഷ്യത്തില്‍ പിന്നീടവന് ഒരു ഭീകരമായ അലര്‍ച്ചയുണ്ടാക്കി കാട്ടിലേക്ക് മറഞ്ഞു.
സഫാരിവണ്ടിയില്‍ തിരിച്ചുള്ളയാത്രയില് എല്ലാവരുടെയും ചര്‍ച്ച മോഹനന്‍ചേട്ടന്റെ വീഴ്ചയായിരുന്നു. ബിജുവിന്റെ കയ്യില്‍ പിടുത്തംകിട്ടാതെ ചേട്ടന് കാട്ടിലേക്ക് വീണിരുന്നെങ്കില്‍ ! ഒരുപക്ഷേ കടുവയുടെ അന്നത്തെ ഇര ??
എല്ലാ യാത്രകളും ഓരോ അനുഭവങ്ങള്‍ ആണ്. അടുത്ത അനുഭവത്തിനുവേണ്ടി ലോക്ഡൗണ്‍ കഴിയാന്‍ കാത്തിരിക്കുന്നു.
വിവരണം, ചിത്രങ്ങള്‍: ശ്രീനി സി.യു
പ്രതികരിക്കാൻ ഇവിടെ എഴുതുക: