Categories: Kerala

സംസ്ഥാനത്ത് കനത്ത മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, രണ്ട് ദിവസത്തേയ്‌ക്ക് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജാഗ്രതാ നിര്‍ദ്ദേശം

ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയത്തും എറണാകുളത്തും ആലപ്പുഴയിലും പുലര്‍ച്ചെ മുതല്‍ ആരംഭിച്ച മഴ തുടരുകയാണ്. അതേസമയം തലസ്ഥാനത്ത് പലയിടത്തും ഇന്നലെ രാത്രിയോടെ ആരംഭിച്ച കനത്ത മഴ ഇപ്പോഴും തുടരുകയാണ്.

Published by

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ കേരളാ തീരത്ത് മത്സ്യത്തൊഴിലാളികള്‍ രണ്ട് ദിവസത്തേക്ക് കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.

ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയത്തും എറണാകുളത്തും ആലപ്പുഴയിലും പുലര്‍ച്ചെ മുതല്‍ ആരംഭിച്ച മഴ തുടരുകയാണ്. അതേസമയം തലസ്ഥാനത്ത് പലയിടത്തും ഇന്നലെ രാത്രിയോടെ ആരംഭിച്ച കനത്ത മഴ ഇപ്പോഴും തുടരുകയാണ്. 24 മണിക്കൂറിനുള്ളില്‍ 11.5 മുതല്‍ 20.4 വരെ സെന്റീമീറ്റര്‍ മഴ വരെ പെയ്യാന്‍ സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.  

തലസ്ഥാനത്ത്് ചൊവ്വാഴ്ച രാത്രിമുതല്‍ കനത്ത മഴയാണ്. ഇതിനെ തുടര്‍ന്ന് അരുവിക്കര അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി. നിലവില്‍ 10 സെന്റീമീറ്ററാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇത് 30 സെന്റീമീറ്റര്‍ കൂടി തുറക്കും. സമീപവാസികള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.  

ശക്തമായ മഴയില്‍ കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. എംജി റോഡ് അടക്കം പല പ്രധാന റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ചെല്ലാനത്ത് മഴയ്‌ക്ക് മുമ്പേ തന്നെ കടലാക്രമണം രൂക്ഷമായിരുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഭൂതത്താന്‍കെട്ട് അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തിവെച്ചിരിക്കുകയാണ്.  

കോട്ടയം ജില്ലയിലുള്‍പ്പടെ സമീപ പ്രദേശങ്ങളില്‍ കഴിഞ്ഞ 10 മണിക്കൂറിലേറെയായി ശക്തമായ മഴയാണ് പെയ്യുന്നത്. മീനച്ചിലാറ്റില്‍ പെട്ടെന്ന് വെള്ളം ഉയരുകയോ സമീപ മേഖലകളില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടാവുകയോ ചെയ്താലുള്ള പ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ട് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.  

ശക്തമായ കാറ്റിനെ തുടര്‍ന്ന് കോട്ടയം ചുങ്കം കവലയില്‍ നിന്നിരുന്ന വലിയ മരം കടപുഴകി വീണിരുന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ചെറിയ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും പരക്കെ മഴപെയ്യുന്നുണ്ട്. ഇവിടെങ്ങളില്‍ കിഴക്കന്‍ മേഖലകളില്‍ മഴ ശക്തമാണ്. കാലവര്‍ഷം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് തുടര്‍ച്ചയായ മഴ പെയ്യുന്നത്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: keralaRain