ആലപ്പുഴ: മരണശേഷം കോവിഡ് സ്ഥിരീകരിക്കുന്ന സംഭവങ്ങള്‍ ജില്ലയില്‍ വര്‍ദ്ധിക്കുന്നു. തിങ്കളാഴ്ച മരിച്ച വീട്ടമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക വര്‍ദ്ധിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14-ാം വാര്‍ഡില്‍ കാനാശ്ശേരില്‍ സെബാസ്റ്റ്യന്റെ ഭാര്യ ത്രേസ്യാമ്മ (അച്ചാമ്മ-62)യ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരികരികരിച്ചത്. രോഗ ഉറവിടവും സമ്പര്‍ക്കവും വ്യക്തമല്ല. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കാര ചടങ്ങുകള്‍ നടത്തും.
ആലപ്പുഴ ജില്ലയില്‍ ഇതുവരെ 12 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ ഒരാളൊഴികെയുള്ളവര്‍ക്ക് മരണ ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. നാലു ദിവസത്തിനിടെ ഏഴു പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും രോഗം എവിടെ നിന്നാണ് പകര്‍ന്നതെന്ന് വ്യക്തമാകാത്തത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മരണങ്ങളെല്ലാം തീരപ്രദേശത്തായിരുന്നു.
കോവിഡ് ലക്ഷണങ്ങില്ലാതെ മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടുമ്പോള്‍ നടത്തുന്ന പരിശോധനയിലാണ് പലര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്നത്. പരിശോധനാ ഫലം ലഭിക്കാന്‍ മുന്നൂം, നാലും ദിവസങ്ങള്‍ വൈകുന്നതിനാല്‍ ഇവര്‍ക്ക് കോവിഡ് രോഗത്തിന് ചികിത്സ നല്‍കാനും സാധിക്കുന്നില്ല.
കുട്ടനാട് പുളിങ്കുന്നില്‍ കുഴഞ്ഞുവീണ് മരിച്ചയാള്‍ക്കും, മാന്നാറില്‍ ജീവനൊടുക്കിയ യുവതിക്കും കോവിഡ് പ്രോട്ടോക്കാള്‍ പ്രകാരം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: