Categories: Kerala

‘മൃതദേഹങ്ങള്‍ ദഹിപ്പിക്കാം; ഭസ്മം സെമിത്തേരിയിലെത്തിച്ച് അടക്കണം വീടുകളില്‍ സൂക്ഷിക്കുകയോ ഒഴുക്കിക്കളയാനോ പാടില്ല’; സര്‍ക്കുലറുമായി ആലപ്പുഴ രൂപത

Published by

ആലപ്പുഴ: കൊറോണ ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ സെമിത്തേരിയില്‍ തന്നെ ദഹിപ്പിക്കണമെന്ന് ആലപ്പുഴ രൂപത സര്‍ക്കുലര്‍. രൂപതയ്‌ക്ക് കീഴിലുള്ള പള്ളികള്‍ക്കും  രൂപതാംഗങ്ങള്‍ക്കായി ഇറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.  

കൊറോണ വ്യാപനം നടക്കുന്നതിനാല്‍ മൃതദേഹങ്ങള്‍ സെമിത്തേരികളില്‍ മറവ് ചെയ്യുന്നത് സുരക്ഷിതമല്ല, ഈ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് മൃതദേഹം സംബന്ധിച്ച് പുതിയ തീരുമാനം എടുത്തതെന്ന് ബിഷപ്പ് ജയിംസ് ആനപ്പറമ്പില്‍ വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ സാധാരണ രീതിയിലുള്ള സംസ്‌കാര കര്‍മം സെമിത്തേരിയില്‍ നടത്തുന്നത് പ്രയാസമാണ്. സര്‍ക്കാര്‍ നടപടികള്‍ക്ക് ശേഷം അതാത് ഇടവകകളില്‍ മൃതദേഹം ദഹിപ്പിക്കണമെന്നും ബിഷപ്പിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇതിനായി ശരീരം ദഹിപ്പിക്കുന്ന മൊബൈല്‍ ക്രിമേഷന്‍ യൂണിറ്റുകള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശവദാഹത്തിനായുള്ള കേന്ദ്രങ്ങള്‍ സമീപ്രദേശത്തുണ്ടെങ്കില്‍ അവിടെവെച്ച് ദഹിപ്പിക്കണം. ഭസ്മം സെമിത്തേരിയിലെത്തിച്ച് അന്തിമോപചാര ക്രമം പാലിച്ച് അടക്കം ചെയ്യണം. ഭസ്മം വീടുകളില്‍ സൂക്ഷിക്കുകയോ ഒഴുക്കിക്കളയാനോ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by