കാസര്‍കോട്: സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ എല്ലാ ദിവസവും രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെ എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി.സജിത് ബാബു അറിയിച്ചു.
എന്നാല്‍ കണ്ടെയ്ന്മെന്റ് സോണുകളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ ഒന്നിടവിട്ട ദിവസങ്ങളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രം തുറക്കുന്നതിനാണ് അനുമതി. ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ എല്ലാ കടകളും രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ തുറക്കാം. എന്നാല്‍ കടകളില്‍ ആളുകള്‍ കൂട്ടം കൂടരുത്.
കണ്ടെയ്ന്മെന്റ് സോണുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെ തുറന്ന് പ്രവൃത്തിക്കാം. മെഡിക്കല്‍ ഷോപ്പുകള്‍ക്ക് സമയ നിയന്ത്രണം ബാധകമല്ല. കണ്ടെയ്ന്മെന്റ് സോണുകളില്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, മോട്ടോര്‍ വാഹന ഷോറൂമുകള്‍ എന്നിവ തുറക്കരുത്.
ദേശീയ പാതയോരങ്ങളിലെ ഹോട്ടലുകള്‍ക്ക് രാവിലെ എട്ട് മുതല്‍ രാത്രി ഒമ്പത് വരെ തുറക്കാം. ദേശീയ പാത, കാഞ്ഞങ്ങാട് കാസര്‍കോട് കെ.എസ്.ടി.പി റോഡരികുകളിലുള്ള ഹോട്ടലുകള്‍ രാവിലെ എട്ട് മുതല്‍ രാത്രി ഒമ്പത് വരെ തുറക്കാം. എന്നാല്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കില്ല. പാഴ്സലായി മാത്രം ഭക്ഷണം നല്‍കണം.
പഴം, പച്ചക്കറി, മത്സ്യ വാഹനങ്ങള്‍ തടയില്ല
കാസര്‍കോട്: കാസര്‍കോട് ജില്ല വഴി കടന്നു പോകുന്ന പഴം പച്ചക്കറി, മത്സ്യം തുടങ്ങിയവ കൊണ്ടു പോകുന്ന വാഹനങ്ങള്‍ ജില്ല അതിര്‍ത്തിയില്‍ തടയാന്‍ പാടില്ല. എന്നാല്‍ പച്ചക്കറി, പഴം, മത്സ്യം എന്നിവയുമായി കര്‍ണ്ണാടകയില്‍ നിന്ന് ജില്ലയിലേക്ക് മാത്രമായി വരുന്ന വാഹനങ്ങള്‍ ജില്ലാ അതിര്‍ത്തിയില്‍ നിര്‍ത്തി ജില്ലയിലെ മറ്റ് വാഹനങ്ങളിലേക്ക് സാധനങ്ങള്‍ മാറ്റണം.
ആരോഗ്യവകുപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഗ്ലൗസ്, മാസ്ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ചതിനു ശേഷം മാത്രമേ സാധനങ്ങള്‍ കയറ്റാനും ഇറക്കാനും പാടുള്ളു. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്ത് വാഹനം കണ്ടുകെട്ടും. സാധനങ്ങളുമായി കര്‍ണ്ണാടകയില്‍ നിന്ന് വരുന്നവര്‍ക്ക് ജില്ലയിലേക്ക് പ്രവേശനം നല്‍കില്ല. ജില്ലാ അതിര്‍ത്തിയില്‍ പച്ചക്കറി വാഹനത്തില്‍ കയറ്റിറക്ക് നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ മറ്റു ജീവനക്കാര്‍ എന്നിവര്‍ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഹാജരായി ആഴ്ചയിലൊരിക്കല്‍ കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുന്ന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കേണ്ടതാണ്.
അവശ്യസാധന കടകള്‍ അറിയാം
കാസര്‍കോട്: പച്ചക്കറി, പാല്, പലവ്യഞ്ജനങ്ങള്‍, അരിക്കടകള്‍, മത്സ്യ മാംസാദികള്‍ എന്നിവ വില്‍ക്കുന്നവ, റൈസ് ആന്റ് ഫ്ളോര്‍ മില്ലുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയാണ് അവശ്യ സാധനങ്ങളുടെ കടകളായി പരിഗണിക്കുക. സംശയങ്ങള്‍ക്ക് വിളിക്കാം 04994 255 001 (കണ്ട്രോള് റൂം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: