ന്യൂദല്‍ഹി: കൊറോണ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി മൂന്ന് ഐസിഎംആര്‍ ലാബുകള്‍ കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഉദ്ഘാടനം. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്ധന്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പങ്കെടുത്തു.
മുംബൈ, കൊല്‍ക്കത്ത, നോയിഡ എന്നിവിടങ്ങളിലാണ് പുതിയ ലാബുകള്‍. ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളാണ് രാജ്യത്തെ പ്രധാന വ്യവസായിക കേന്ദ്രങ്ങള്‍. അതുകൊണ്ടാണ് ഇവിടങ്ങളില്‍ ലാബുകള്‍ ആരംഭിച്ചതെന്ന് മോദി പറഞ്ഞു. ലക്ഷക്കണക്കിന് യുവാക്കളാണ് തൊഴിലിനായി ഇവിടങ്ങളിലെത്തുന്നത്. അവര്‍ക്കു വേണ്ടിയാണ് ഇവിടങ്ങളിലെ പരിശോധനാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചത്. ഓരോ ലാബിലും ദിനംപ്രതി 10,000ത്തിലധികം പരിശോധനകള്‍ നടത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊറോണ വൈറസിനെതിരെയുള്ള യുദ്ധത്തില്‍ രാജ്യത്തെ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നു. നിലവില്‍ രാജ്യത്തെ കൊറോണ മരണ നിരക്ക് വളരെ കുറവാണ്. കൃത്യ സമയത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൈക്കൊണ്ടതിന്റെ ഫലമാണിത്. രാജ്യത്തിപ്പോള്‍ 11,000 കൊറോണ ചികിത്സാ കേന്ദ്രങ്ങളുണ്ട്. 11 ലക്ഷത്തിലധികം കിടക്കകളും, അദ്ദേഹം പറഞ്ഞു.
നോയിഡയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാന്‍സര്‍ പ്രിവന്‍ഷന്‍ ആന്‍ഡ് റിസര്‍ച്ച്, മുംബൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ റീപ്രൊഡക്ടീവ് ഹെല്‍ത്ത്, കൊല്‍ക്കത്തയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോളറ ആന്‍ഡ് എന്ടറിക് ഡിസീസസ് എന്നിവിടങ്ങളിലാണ് കൊറോണ പരിശോധനകള്‍ ആരംഭിച്ചത്. കൊറോണയ്ക്ക് പുറമേ ഹെപ്പറ്റൈറ്റിസ് ബി-സി, എച്ച്ഐവി, ക്ഷയം, ഡെങ്കി തുടങ്ങിയ പകര്‍ച്ചവ്യാധികളും ഇവിടെ പരിശോധിക്കും.
ആശങ്കയായി ആന്ധ്രാപ്രദേശ്
അമരാവതി: വൈറസ് ബാധിതരുടെ എണ്ണത്തില്‍ ദിനംപ്രതി വര്‍ധനവുണ്ടായതോടെ ആന്ധ്രാപ്രദേശില്‍ ആശങ്ക. രാജ്യത്തെ മറ്റ് ഹോട്ട് സ്പോട്ടുകളില്‍ നിന്ന് വ്യത്യസ്തമാണ് ഇവിടത്തെ അവസ്ഥയെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ആന്ധ്രയില്‍ ഈസ്റ്റ് ഗോദാവരി, കാകിനട തീരപ്രദേശം, രാജമുന്ദ്രി എന്നീ പ്രദേശങ്ങളിലാണ് നിലവില്‍ വൈറസ് വ്യാപനം ശക്തം. കുര്‍ണൂല്‍, ഗുണ്ടൂര്‍, അനന്ത്പൂര്‍ എന്നിവിടങ്ങളിലും വൈറസ് ബാധിതര്‍ വര്‍ധിക്കുന്നു. 10,000ലധികം പേര് വീതമാണ് ഓരോ ജില്ലകളില്‍ നിന്നും ഇതുവരെ വൈറസ് ബാധിതരായത്.
സംസ്ഥാനത്തെ ആകെ ബാധിതര്‍ 96,298. കഴിഞ്ഞ ദിവസം മാത്രം 7,500 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തേറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള നാലാമത്തെ സംസ്ഥാനമായി ആന്ധ്രാപ്രദേശ്. തമിഴ്നാട്ടില്‍ ചെന്നൈയ്ക്ക് പുറമേ ചെങ്കല്‍പ്പേട്ടിലും തിരുവല്ലൂരിലുമാണ് വൈറസ് ബാധിതര്‍ കൂടുതല്‍. കഴിഞ്ഞ ദിവസം മാത്രം 6,986 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവിടത്തെ ആകെ ബാധിതര്‍ 2,13,723. ആകെ മരണം 3,494.
വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ആരോഗ്യ നില തൃപ്തികരം. ആരോഗ്യ നിലയറിയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ചതായി ചൗഹാന് അറിയിച്ചു. മോദി വിളിച്ചപ്പോള്‍ ആദ്യം സംസാരിക്കാന്‍ കഴിഞ്ഞില്ല. യോഗയിലും ധ്യാനത്തിലുമായിരുന്നു. പിന്നീട് അദ്ദേഹം വീണ്ടും വിളിച്ചു. ആരോഗ്യത്തെപ്പറ്റി അന്വേഷിച്ചു, ചൗഹാന് പറഞ്ഞു. മഹാരാഷ്ട്രയില്‍ 9,431 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ ബാധിതര്‍ 3,75,799. ഇവരില്‍ 2,13,238 പേര് രോഗമുക്തരായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 13,656 മരണവും റിപ്പോര്‍ട്ട് ചെയ്തു.
ഐശ്വര്യ റായ്ക്കും മകള്‍ക്കും രോഗമുക്തി
മുംബൈ: വൈറസ് ബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടി ഐശ്വര്യ റായ്യും മകള്‍ ആരാധ്യയും രോഗമുക്തരായി. ഇരുവരുടേയും പരിശോധനാഫലം നെഗറ്റീവായതായി ഐശ്വര്യയുടെ ഭര്‍ത്താവ് അഭിഷേക് ബച്ചന് ട്വീറ്റ് ചെയ്തു.
അമിതാഭ് ബച്ചനും, അഭിഷേക് ബച്ചനുമാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരും മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ഐശ്വര്യയും ആരാധ്യയും രോഗമുക്തരായി ആശുപത്രി വിട്ടെന്നും എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദി അറിയിക്കുന്നതായും അഭിഷേക് കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: