പാലക്കാട്: ജില്ലയില്‍ രണ്ടിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 18.75 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ഇതിന് ചില്ലറ വിപണിയില്‍ 19 ലക്ഷം രൂപ വിലവരും. ലഹരി വിരുദ്ധ സ്‌ക്വാഡും, പുതുനഗരം പോലീസ്, മീനാക്ഷിപുരം പോലീസ് എന്നിവരാണ് പരിശോധന നടത്തിയത്.
ബൈക്കില്‍ കടത്തിയ 14.5 കിലോ കഞ്ചാവുമായി വാളയാര്‍ ഡാം റോഡ് സ്വദേശി ജയകുമാര്‍ (29) നെ പുതുനഗരത്ത് നിന്നുമാണ് പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയില്‍ പതിനഞ്ച് ലക്ഷം രൂപ വിലവരും.
മധ്യകേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. പ്രതിക്കെതിരെ നിലമ്പൂര്‍, വാളയാര്‍ പോലീസ് സ്റ്റേഷനുകളില്‍ കഞ്ചാവ് , കളവ് കേസുകള്‍ നിലവിലുണ്ട്. പെരുമാട്ടിയില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മീനാക്ഷിപുരം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോയമ്പത്തൂര്‍ പിച്ചന്നൂര്‍ സ്വദേശി മണികണ്ഠ(22)നെ 4.250 കിലോ കഞ്ചാവുമായി പിടികൂടിയത്.
ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. മണികണ്ഠന്റെ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയില്‍ നാലു ലക്ഷം രൂപ വിലവരും. നര്‍കോട്ടിക്ക് സെല്‍ ഡിവൈഎസ്പി സി.ഡി. ശ്രീനിവാസന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഒറീസയില്‍ നിന്നും കഞ്ചാവ് മൊത്തത്തില്‍ കൊണ്ടുവന്ന് കോയമ്പത്തൂരില്‍ സൂക്ഷിച്ച് ആവശ്യാനുസരണം ഇടപാടുകാര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ്. കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് ചില്ലറ വില്‍പനക്കാര്‍ക്ക് കൈമാറാന്‍ കൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയത്. ലോക് ഡൗണ്‍ തുടങ്ങിയതോടെ മീന്‍, പച്ചക്കറി, മറ്റു ചരക്കു വാഹനങ്ങളിലാണ് കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നത്.
പാലക്കാട് ഡിവൈഎസ്പി മനോജ് കുമാര്‍, ആലത്തൂര്‍ ഡിവൈഎസ്പി കെ.എം. മനോജ്കുമാര്‍, പുതുനഗരം സബ് ഇന്‍സ്‌പെക്ടര്‍ കെ. മണികണ്ഠന്‍, ജിഎസ്‌ഐ വി. ഷാജു, എഎസ്‌ഐ സെബാസ്റ്റ്യന്‍ ജോസഫ്, എസ്‌സിപിഒമാരായ എസ്. സന്തോഷ്, എം. മണികണ്ഠന്‍, എ. സിയാവുല്‍ ഹഖ്,
മീനാക്ഷിപുരം എസ്ഐ സി.കെ. രാജേഷ്, എഎസ്ഐ ലാല്‍സന്‍, എസ്സിപിഒ സജീവന്‍, സിപിഒമാരായ അനുരഞ്ജിത്ത്, അനു, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ എസ്. ജലീല്‍, ടി.ആര്‍. സുനില്‍ കുമാര്‍, റഹിം മുത്തു, ആര്‍. കിഷോര്‍, സൂരജ് ബാബു, കെ. അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, ആര്‍. രാജീദ്, ദിലീപ്, എസ്. ഷമീര്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക