ന്യൂദല്‍ഹി: ലാഹോറിലെ നൗലഖ ബസാറിലെ പ്രശസ്തമായ സിഖ് ഗുരുദ്വാരയെ പാക്കിസ്ഥാന് ഭരണാധികാരികള്‍ മുസ്ലിം പള്ളിയാക്കി മാറ്റുന്നു. ഇതേതുടര്‍ന്ന് വിഷയത്തില്‍ പാകിസ്ഥാന് ഹൈക്കമ്മീഷനില്‍ ശക്തമായ പ്രതിഷേധം ഇന്ത്യ രേഖപ്പെടുത്തി. പാകിസ്ഥാനിലെ ലാഹോറിലെ നൗലഖ ബസാറില്‍ ഭായ് തരു സിംഗ് ജിയുടെ രക്തസാക്ഷിത്വ കേന്ദ്രമായ ഗുരുദ്വാര ‘ഷാഹിദി അസ്താന്’ ആണ് മസ്ജിദ് ഷാഹിദ് ഗഞ്ചിന്റെ സ്ഥലമായി അവകാശപ്പെട്ട് മുസ്ലിം പള്ളിയാക്കുന്നത്.
സംഭവത്തെക്കുറിച്ച് ഇന്ത്യ ശക്തമായ ആശങ്ക പ്രകടിപ്പിച്ചതായും ഇക്കാര്യം അന്വേഷിച്ച് അടിയന്തര പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. മതപരമായ അവകാശങ്ങളും സാംസ്കാരിക പൈതൃകവും ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ, സുരക്ഷ, ക്ഷേമം എന്നിവ നോക്കിക്കാണാന്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പഞ്ചാബിലെ മുഗള്‍ ഗവര്‍ണ്ണറായ സക്കറിയാ ഖാന് ആണ് ബായി തരു സിംഗ് ജിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും തടവിലാക്കിയത്. അതിക്രൂരമായാണ് അദ്ദേഹത്തെ ആഴ്ചകളോളം പീഡിപ്പിച്ചത്. സകല എല്ലുകളും ഒടിഞ്ഞു നുറുങ്ങിയിട്ടും അദ്ദേഹം മതം മാറാന്‍ തയ്യാറായില്ല. ‘മതം മാറൂ അല്ലെങ്കില്‍ മരിക്കൂ’ എന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ അദ്ദേഹം തിരികെച്ചോദിച്ചത് ‘മതം മാറിയാല്‍ മരിക്കില്ലേ? മുസ്ലീങ്ങളൊന്നും മരിക്കാറില്ലേ’ എന്നായിരുന്നു.
പരസ്യമായി വിചാരണ ചെയ്യപ്പെട്ട ശേഷം, സിഖ് വിശ്വാസത്തിന്റെ ഭാഗമായി അദ്ദേഹം വളര്‍ത്തിയിരുന്ന നീണ്ട മുടി മുറിച്ച് മുസ്ലീമായി മാറിയെന്ന് പറയണമെന്ന് സക്കറിയാ ഖാന് അദ്ദേഹത്തോട് വീണ്ടും ആജ്ഞാപിച്ചു. മുടി മുറിക്കില്ല, മുസ്ലീമാവില്ല എന്ന് പറഞ്ഞ അദ്ദേഹത്തിന്റെ തലയിലെ തൊലിയും മാംസവും ജീവനോടെ ഉരിച്ചുമാറ്റി. 1745 ജൂണ്‍ 9 നായിരുന്നു ഈ ക്രൂരകൃത്യം നടന്നത്. അനേക ദിവസങ്ങള്‍ ആ നിലയില്‍ ജയിലില്‍ക്കഴിഞ്ഞ അദ്ദേഹം 22 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മരണമടഞ്ഞു. ധീരശഹീദ് ആകുമ്പോള്‍ വെറും 25 വയസ്സു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
1745 ല്‍ ഭായ് തരു ജി പരമമായ ത്യാഗം ചെയ്ത ചരിത്രപരമായ ഗുരുദ്വാരയാണ് ഗുരുദ്വാര ഷാഹിദി അസ്താന് ഭായ് തരു ജി. ‘സിഖ് സമൂഹം ബഹുമാനപൂര്‍വ്വം ആരാധിക്കുന്ന സ്ഥലമാണ് ഗുരുദ്വാര. ഈ സംഭവം ഇന്ത്യയില്‍ കടുത്ത ആശങ്കയോടെയാണ് കാണുന്നത്. പാകിസ്ഥാനിലെ ന്യൂനപക്ഷ സിഖ് സമുദായത്തിന് നീതി ലഭിക്കണമെന്ന വ്യക്തമായ ആവശ്യം ഇന്ത്യ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: